- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായ്പയെടുത്തു വാങ്ങിയ മൊബൈൽ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി ജീവനക്കാർ നിരന്തരമായി ശല്യപ്പെടുത്തിയെന്ന് ആത്മഹത്യാ കുറിപ്പ്; ദിവസവും മകളുമൊത്ത് നടക്കാൻ പോയ അച്ഛൻ മകനുമൊത്ത് പോയ ദിവസം കൊലയും ആത്മഹത്യയും; മീനടത്തെ ഞെട്ടിച്ച് ബിനുവിന്റെ ക്രൂരത
മീനടം: ഗൃഹനാഥനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത നീക്കാൻ പഴുതടച്ച അന്വേഷണം. മകനെ കൊലപ്പെടുത്തിയശേഷം ബിനു ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നിഗമനം. മീനടം വട്ടുകളത്തിൽ ബിനു (48), മകൻ ബി.ശിവഹരി (9) എന്നിവരെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലാംപള്ളി പിവി എസ് ഗവ. ഹൈസ്‌കൂളിലെ 3ാം ക്ലാസ് വിദ്യാർത്ഥിയാണു ശിവഹരി.
വായ്പയെടുത്തു വാങ്ങിയ മൊബൈൽ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി ജീവനക്കാർ നിരന്തരമായി ശല്യപ്പെടുത്തിയതു മൂലമാണു ജീവനൊടുക്കുന്നതെന്ന് ബിനു ആത്മഹത്യക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. ഇന്നലെ രാവിലെ 6നു വീട്ടിൽനിന്നു നടക്കാനിറങ്ങിയതാണു ബിനുവും ശിവഹരിയും. ഇവരുടെ വീട്ടിൽനിന്ന് 250 മീറ്റർ മാറി ആൾത്താമസമില്ലാത്ത മറ്റൊരു വീടുണ്ട്. അതിന്റെ വിറകുപുരയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശിയുടേതാണു വീട്. ഈ വീട് നോക്കാനേൽപിച്ചിരുന്ന പ്രദേശവാസി രാവിലെ 8ന് എത്തിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്.
ബിനുവിന്റെ ഭാര്യ: രേഖ. ഒരു മകളും ഇവർക്കുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറയുമ്പോൾ ബന്ധുക്കൾ ഇത് തള്ളുകയാണ്. പുലർച്ചെ നടക്കാൻ പോകാറുള്ള ബിനു പതിവായി മകളെയാണ് കൂടെ കൂട്ടുന്നത്. ഇന്നലെ മകനെ കൂട്ടിയതെന്തിനാണെന്നാണ് സംശയം. ശിവഹരിയുടെ കഴുത്തിൽ കയർ രണ്ട് തവണ ചുറ്റിയതിന്റെ പാടുകളുണ്ട്. ക്രൂരമായി കുട്ടിയെ കൊലപ്പെടുത്തിയതിന്റെ സൂചനയാണ്. എന്തിനാണ് കുട്ടിയെ ബിനു കൊന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ല. അതിനുള്ള സാധ്യത നാട്ടുകാർ തള്ളുന്നുവെന്നതാണ് വസ്തുത.
ഇതിനിടെയാണ് ആത്മഹത്യാ കുറിപ്പ് കിട്ടുന്നത്. ഈ അന്വേഷണത്തിൽ കുറിപ്പും അതിനിർണ്ണായകമാകും. മറ്റ് ദുരൂഹതകളില്ലെന്ന ചർച്ചകളിലേക്ക് ആത്മഹത്യാ കുറിപ്പ് കൊണ്ടു ചെന്നെത്തിക്കും. ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം അടക്കം പരിശോധിക്കുമെന്നാണ് സൂചന. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മണർകാട് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പാമ്പാടി ആലാംപള്ളി സ്‌കൂൾ വിദ്യാർത്ഥിയായ ശിവഹരി പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്നു. അദ്ധ്യാപകർക്ക് ഉൾപ്പടെ പ്രിയങ്കരനായ വിദ്യാർത്ഥിയായിരുന്നു.




