കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിർണായക വിധി. കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കും. ജില്ലാ സെഷൻസ് കോടതിക്കാണ് നിർദ്ദേശം. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. വേണമെങ്കിൽ കോടതിക്ക് പൊലീസ് സഹായവും തേടാം. അങ്ങനെ കോടതി മേൽനോട്ടത്തിൽ അന്വേഷണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിക്കുകയാണ്. കേസിൽ ട്വിസ്റ്റായി മാറാൻ ഈ അന്വേഷണം സാഹചര്യമൊരുക്കും. അതായത് നടിയുടെ ആവശ്യം പോലെ ജില്ലാ ജഡ്ജി അന്വേഷിക്കും.

ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചതുകൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിയിൽ നടി ചൂണ്ടിക്കാട്ടിയിരുന്നു. 2018 ജനുവരി 9നും ഡിസംബർ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷമാണ് ഈ വിവാദവും എത്തിയത്. അതിലാണ് നടിക്ക് അനുകൂലമായ വിധി. ഇതെല്ലാം നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വഴിത്തിരിവായി മാറുകയാണ്.

അതിജീവിതക്കും ദിലീപിനും ഒരുപോലെ നിർണായകമാകും ഹൈക്കോടതി വിധി. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ആണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിലെ വിവരം ചോർന്നു എന്ന് ആരോപിച്ചായിരുന്നു അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം എന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം. എന്നാൽ വിചാരണ നീട്ടി കൊണ്ടുപോകാൻ ആണ് നടിയുടെ ശ്രമം എന്നായിരുന്നു ദിലീപിന്റെ വാദം. ഇത് തള്ളിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കാർഡിലെ ദൃശ്യങ്ങൾക്ക് മാറ്റമില്ലാതിരിക്കെ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കഴിയുന്നതെങ്ങനെയെന്നും ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദമുയർത്തിയിരുന്നു. ഏതു സാഹചര്യത്തിലാണ് മൂന്നുതവണ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതെന്നത് അന്വേഷിക്കണമെന്നാണ് നടി ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ചൂണ്ടിക്കാട്ടിയിരുന്നു. കാർഡിലെ ദൃശ്യങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. ഇതാണ് അംഗീകരിക്കപ്പെടുന്നത്.

കാർഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവിൽ മാറ്റം ഉണ്ടായിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. കാർഡ് പരിശോധിച്ചിട്ടുണ്ടെങ്കിൽ അതിലെന്താണ് തെറ്റെന്ന് വാദം കേൾക്കുന്ന ജസ്റ്റിസ് കെ. ബാബു ചോദിച്ചിരുന്നു. ഹാഷ് വാല്യുവിലുണ്ടായ മാറ്റത്തിൽ അന്വേഷണം ആവശ്യപ്പെടുന്നതിൽ ആശങ്കപ്പെടുന്നതെന്തിനെന്ന് ദിലീപിനോടും ആരാഞ്ഞു. വിചാരണ നീളുന്നതിനാലാണ് ആശങ്കയെന്നും തന്റെ ജീവിതമാണ് ഈ കേസ് കാരണം നഷ്ടമായതെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ മറുപടി. എന്നാൽ ഇത് അന്തിമ വിധിയിൽ പ്രതിഫലിച്ചില്ല.

ഈ വിഷയത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് 425 അടക്കമുള്ളവപ്രകാരം കേസെടുക്കാനാകുമെന്ന് ഡി.ജി.പി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണത്തിന് ഉത്തരവിട്ടത്. കോടതിയുടെ പരിഗണനയിൽ ഇരിക്കെ മെമ്മറി കാർഡ് പരിശോധിച്ചതിന് പിന്നിൽ ആരാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടി കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറൻസിക് റിപ്പോർട്ട് തെളിവായുണ്ടെന്നാണ് പ്രധാന വാദം.