ആലുവ: സ്‌കൂൾ പരിസരങ്ങളിലും വഴിയോരങ്ങളിലും കളിപ്പാട്ടക്കച്ചവടം നടത്തുന്ന ഉത്തരേന്ത്യൻ സ്വദേശി ബ്രൗൺ ഷുഗറുമായി പിടിയിൽ. ഉത്തർപ്രദേശ് ബറേലി സ്വദേശി വിപിൻ കുമാർ റസ്‌തോജി (മിങ്കു ഭായ്) (70) ആണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. പരിശോധിച്ച് നോക്കിയതിൽ അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗൺ ഷുഗറാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത് എന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.

60 ചെറു പായ്ക്കറ്റുകളിലായി ആകെ 4.5 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങൾ വിൽപ്പന നടത്തുന്ന ഇയാളുടെ പക്കലേക്ക് വൈകുന്നേരമാകുന്നതോടെ തേവര ഡീവർ റോഡിന് സമീപം കസ്തൂർബ നഗറിലേക്ക് പോകുന്ന വഴിയിൽ സ്ഥിരമായി യുവതി യുവാക്കൾ വന്ന് പോകുന്നു എന്ന വിവരം സിറ്റി മെട്രോ ഷാഡോ ക്കും എറണാകുളം ഇന്റലിജൻസ് വിഭാഗത്തിനും ലഭിച്ചിരുന്നു.

ഇതേ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് സംഘം വേഷം മാറി ഇയാളുടെ അടുത്തെത്തി, സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്നാണ് ഇയാളുടെ പക്കൽ ബ്രൗൺ ഷുഗറാണ് ഉള്ളതെന്ന് മനസ്സിലായത്. തുടർന്ന് മയക്ക് മരുന്ന് ആവശ്യപ്പെട്ട എക്‌സൈസ് ടീമിനോട് മയക്കു മരുന്നിന്റെ വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഈ ബ്രൗൺ ഷുഗർ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് പറഞ്ഞ് മനസ്സിലാക്കി പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുകയായിരുന്നു.

ആവശ്യക്കാരായി എത്തിയിരിക്കുന്നത് എക്‌സൈസ് സംഘമാണെണ് മനസ്സിലാക്കിയ മിങ്കു ഭായ് കളിപ്പാട്ടങ്ങൾ ഉപേക്ഷിച്ച് ഓട്ടോ റിക്ഷയിൽ കയറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ കൂടുതൽ പാക്കറ്റ് ബ്രൗൺ ഷുഗർ കണ്ടെടുക്കുകയായിരുന്നു. വെറും മില്ലി ഗ്രാം മാത്രം തൂക്കം വരുന്ന ഒരു ചെറു പൊതിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. ഉത്തർ പ്രദേശിൽ നിന്ന് വിൽപ്പനക്കായി വാങ്ങി കൊണ്ടു വന്നതാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു.

'മിങ്കു ബാപ്പു' എന്ന പേരിലാണ് കളിപ്പാട്ടങ്ങളുമായി എത്തുന്ന ഇയാൾ കൊച്ചുകുട്ടികളുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. അപ്പൂപ്പന്റെ പക്കൽ നിന്ന് അതിമാരകമായ മയക്ക് മരുന്ന് പിടിച്ചെടുത്ത സംഭവം നാട്ടുകാരിൽ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ഇയാളുടെ മയക്ക് മരുന്ന് കച്ചവടത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും, ഈ മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ സാധ്യമായ എല്ലാ അധികാരങ്ങൾ ഉപയോഗിച്ചും മറ്റ് വകുപ്പുകളുടെ സഹകരണത്തോടു കൂടിയും സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. സജീവ് കുമാർ , പ്രിവന്റീവ് ഓഫീസർ എൻ.എ. മനോജ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ , സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, ടി.എം. ജെയിസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.