കൊച്ചി: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ മയക്ക് മരുന്നുമായി നാല് യുവാക്കൾ പിടിയിൽ. പിടിയിലായവരിൽ മിന്നൽ മച്ചാനും. ഇടുക്കി, എറണാകുളം ജില്ലയിലെ മയക്കുമരുന്നുവ്യാപാര ശൃംഖലയെക്കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചെന്നും അധികൃതർ. എറണാകുളം ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തി വന്നിരുന്ന കാസർഗോഡ് തൃക്കരിപ്പൂർ നിലംബം ദേശത്ത്, വടക്കയിൽ വീട്ടിൽ, ഷാൻ മുഹമ്മദ് ഷെരീഫ് (27) ഇടുക്കി ഉടുമ്പഞ്ചോല താലൂക്കിൽ കാറ്റടിക്കവല ദേശത്ത് നാട്ടുവാതിൽ വീട്ടിൽ നന്ദു എസ് ആനന്ദ് (മിന്നൽ മച്ചാൻ) (24) മൂവാറ്റുപുഴ വെള്ളൂർക്കുന്നം വില്ലേജ് പുളിഞ്ചോട് ദേശത്ത് കണിപ്ലാക്കൽ വീട്ടിൽ ആലിഫ് മുഹമ്മദ് സൈഫുദ്ദീൻ (26) തൃശൂർ വൈലത്തൂർ ദേശത്ത് തലക്കോട്ടൂർ വീട്ടിൽ ഫിനു ജോൺസൻ (26) എന്നിവരാണ് എറണാകുളം സിറ്റി എക്സൈസ് റേഞ്ചിന്റെ പിടിയിലായത്.

ഇവരിൽ നിന്നും ആകെ 17 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു.എറണാകുളം ഇന്റലിജൻസ് വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലൂർ സ്റ്റേഡിയത്തിന്റെ പരിസരത്ത് നിന്ന് ഷാൻ മുഹമ്മദ് ഷെരീഫ് എംഡിഎംഎ യുമായി പിടിയിലാകുന്നത്. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് മറ്റുള്ളവർ പിടിയിലാവുന്നത്. നൈറ്റ് റൈഡേഴ്സ് ടാസ്‌ക് എന്ന പേരിൽ സാമൂഹ്യമാധ്യമ കൂട്ടായ്മ ഒരുക്കിയാണ് ഇവർ എംഡിഎംഎ വിറ്റഴിച്ചിരുന്നത്.

പിടിയിലായ ഉടുംമ്പൻചോല സ്വദേശീയായ നന്ദു മിന്നൽ മച്ചാൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു. 12 ലക്ഷത്തോളം വിലയുള്ള ബൈക്കിൽ മിന്നൽവേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തി അതേ വേഗത്തിൽ മടങ്ങുന്നതായുരുന്ന നന്ദുവിന്റെ രീതി. മിന്നൽ മച്ചാനെ ക്കുറിച്ചുള്ള വിവരം നേരത്തെ തന്നെ എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചിരുന്നു. എന്നാൽ സൂപ്പർ ബൈക്കിൽ അപകടകരമായ രീതിയിൽ കുതിച്ചു പായുന്ന ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല .

ഫിനു ജോൺസൻ, നന്ദു എസ് ആനന്ദ് എന്നിവരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് പരിസരത്ത് നിന്നും, ആലീഫിനെ ഇടപ്പള്ളി ഒബ്റോൺ മാളിന് സമീപത്തുനിന്നുമാണ് പിടികൂടിയത്. പിടിക്കപ്പെടുമ്പോൾ മാരക ലഹരിലായിരുന്ന ഇവരെ നാലുപേരെയും നാട്ടുകാരുടെ കൂടി സഹായത്തോടെ ബലപ്രയോഗത്തിലൂടെയാണ് എക്സൈസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ മയക്ക് മരുന്ന് വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഒരു സൂപ്പർ ബൈക്കും രണ്ട് ന്യൂജനറേഷൻ ബൈക്കുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു.ആലിഫ് മുഹമ്മദിന്റെ സഹായത്തോടെ ബാംഗ്ലൂരിൽ നിന്നുമാണ് മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ചിരുന്നത്.

സ്ഥിരം ഉപഭോക്താക്കളെ ഗ്രൂപ്പിൽ അംഗങ്ങളാക്കുന്നതാണ് മിന്നൽ മച്ചാന്റെയും കൂട്ടരുടെയും രീതി.ആവശ്യക്കാർ ഗ്രൂപ്പിൽ വിവരം നൽകിയാൽ മിന്നൽ മച്ചാൻ ശരവേഗത്തിൽ സാധനം കൈമാറും.കൊച്ചിയിലും ഇടുക്കിയിലും ഇവർ വൻതോതിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് സംഘത്തിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായി.ഇവർ ഒളിപ്പിച്ചിട്ടുള്ള ലഹരി വസ്തുക്കൾ കണ്ടെത്താൻ ഉദ്യോഗസ്ഥ സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

സ്പെഷ്യൽ മെക്സിക്കൻ മെത്ത് എന്ന വ്യാജേന ഗ്രാമിന് 4000 മുതൽ 6000 രൂപ വരെ ഈടാക്കിയാണ് നിരക്കിലാണ് ഇവർ എംഡിഎംഎ വിൽപ്പന നടത്തി വന്നിരുന്നത്. പിടിയിലായ ശേഷവും നിരവധി പേരാണ് ഇവരുടെ മൊബൈൽ ഫോണിലേക്ക് എംഡിഎംഎ ആവശ്യപ്പെട്ട് വിളിച്ചിരുന്നത്. ഇവരുടെ കെണിയിൽ അകപ്പെട്ട യുവതി യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്സൈസിന്റെ സൗജന്യ ലഹരി വിമുക്ത കേന്ദ്രങ്ങളിൽ എത്തിച്ച് കൗൺസിങ് നൽകുന്നതിന് ലക്ഷ്യമിട്ടുണ്ടെന്നും അധികൃതർ അറയിച്ചു.

പിടിയിലായ നാലുപേരുടെയും മയക്കുമരുന്ന് ഇടപാടുകളെ സംബന്ധിച്ചും,മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം. എസ്. ഹനീഫ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത് കുമാർ, എസ്. സുരേഷ് കുമാർ സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ.ഡി.ടോമി, സിഇഒ ഫ്രെഡി ഫർണാണ്ടസ്, എ. സിയാദ്, ഡി.ജി. ബിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.