കോഴിക്കോട്: രാത്രി ടെറസിന് മുകളിൽ പഠിച്ചുകൊണ്ടിരിക്കെ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. പയ്യോളി അയനിക്കാട് സ്വദേശി മുസ്തഫയുടെ മകൻ അയ്മിൻ മുസ്തഫയെയാണ് കാണാതായത്. ഇന്നലെ രാത്രി 12:30 യോടെയാണ് കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായത്. രാത്രി വൈകി വീടിന്റെ ടെറസിന് മുകളിൽ അയ്മിൻ ഫോണുമായി നിൽക്കുന്നത് കണ്ടിരുന്നതായി അയൽവാസികൾ പറഞ്ഞിരുന്നു. ഏതായാലും, പയ്യോളി അയനിക്കാട് നിന്നും കാണാതായ പ്ലസ് ടു വിദ്യാർത്ഥിയെ വടകരയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് പൊലീസ് വിവരം നൽകി.

അർദ്ധരാത്രി വീട്ടിൽ നിന്ന് അനുജന്റെ സൈക്കിളും എടുത്ത് ഇറങ്ങിയ അയ്മിൻ മണിയൂർ പഞ്ചായത്തിലെ തുറശ്ശേരി കടവ് പാലത്തിന് സമീപത്ത് സൈക്കിൾ ഉപേക്ഷിച്ച് പേഴ്‌സും വാച്ചും അഴിച്ചു വെച്ചത് കണ്ടതുകൊണ്ടാണ് നാട്ടുകാർക്ക് സംശയമുണ്ടായത്. കുട്ടിയെ കാണാതായെന്ന വിവരത്തെത്തുടർന്ന് പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ഏറെനേരം പല പ്രദേശങ്ങളിലും തെരഞ്ഞിരുന്നു.

ഇതിനിടയാണ് പുലർച്ചെ അഞ്ചരയോടെ പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ കുട്ടിയുടെ പേഴ്‌സും വാച്ചും തുറശ്ശേരി കടവ് പാലത്തിന് സമീപം കണ്ടത്. ഇയാളാണ് നാട്ടുകാരെയും പയ്യോളി പൊലീസ്‌നേയും വിവരം അറിയിച്ചത്. കുട്ടി മിസ്സായ വിവരം അറിഞ്ഞതോടെ വടകര ഫയർഫോഴ്‌സും മറ്റ് അധികൃതരും അടക്കം സ്ഥലത്തെത്തി പുഴയിലും പ്രദേശത്തും എറെ നേരത്തെ പരിശോധനയാണ് നടത്തിയത്. പ്രദേശത്തെ സിസിടിവിയും പൊലീസ് പരിശോധിച്ചിരുന്നു.

എന്നാൽ ഇന്ന് അഞ്ചു മണിയോടെ കുട്ടിയെ വടകര താഴെയങ്ങാടിയിലെ തണൽ ഡയാലിസിസിന് സമീപത്ത് കടൽ സംരക്ഷണ ഭിത്തിയിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ വ്യത്യസ്തമായ മറുപടി നൽകിയതോടെ പ്രദേശത്തുകാർ കുട്ടിയെ സുരക്ഷിതമായി വടകര പൊലീസ് ഏൽപ്പിച്ചു. പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചതിനെത്തുടർന്ന് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ എത്തി.

അയ്മിനെ കാണാതായ വിവരം നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. പയ്യോളി സി ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തിരച്ചിൽ നടത്തിയത്.