- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാവോയിസ്റ്റ് ആവണം, മാവോയിസ്റ്റ് ആയാലാണ് കൂടുതൽ ഗുണങ്ങൾ': ആദിവാസി കുട്ടിയെ ഉപയോഗിച്ച് മാവോയിസ്റ്റ് അനുകൂല വീഡിയോ ചിത്രീകരണം; മിത്രജ്യോതി ട്രൈബൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ എന്ന എൻജിഒ വഴി ആദിവാസികളെ മറയാക്കി പണം തട്ടൽ; ചെയർമാൻ അജ്മൽ കോലോത്ത് അറസ്റ്റിൽ
മലപ്പുറം: നിലമ്പൂരിലെ ആദിവാസി കുഞ്ഞിനെ കൊണ്ട് മാവോയിസ്റ്റ് അനുകൂല വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച മിത്ര ജ്യോതി ട്രൈബൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാൻ അജ്മൽ കോലോത്ത് അറസ്റ്റിൽ. പ്രതി നേരത്തെയും ആദിവാസികളെ ദുരുപയോഗം ചെയ്തതായും, വിവിധ തട്ടിപ്പുകേസുകളിൽ പ്രതിയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 'മാവോയിസ്റ്റ് ആവണം, മാവോയിസ്റ്റ് ആയാലാണ് കൂടുതൽ ഗുണങ്ങളെന്നും' എന്നിട്ട് നിന്റെ വീട്ടുകാരെയും കോളനിക്കാരെയും മാവോയിസ്റ്റിലേക്ക് ചേർക്കണം' എന്ന് ആദിവാസിയെ കുട്ടിയെ കൊണ്ട് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് നിലമ്പൂർ മേഖലയിലെ ട്രൈബൽ കോളനികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മിത്ര ജ്യോതി ട്രൈബൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ സംഘടനയുടെ ചെയർമാനായ മഞ്ചേരി മേലാക്കം സ്വദേശി കോലോത്തും തൊടിക അജ്മലിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഡി.വൈ.എസ്‌പി സാജു കെ അബ്രഹാമാണ് അറസ്റ്റ് ചെയ്തത്.
2015-ൽ ഡോക്ടർ ഹരിപ്രിയ.എം (പ്രൊഫസർ എൻ.എസ്.എസ്. കോളേജ് മഞ്ചേരി) എന്നിവർ ചെയർപേഴ്സണായും, കോലോത്തുംതൊടിക അജ്മൽ, എന്നയാൾ സെക്രട്ടറിയായും, രമണി ടീച്ചർ മുണ്ടേരി ട്രഷറർ ആയും ജില്ലാ രജിസ്ട്രാർ ഓഫീസിൽ 2015 ൽ കേരള സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് ആണ് സംഘടന പ്രവർത്തിച്ചുവന്നിരുന്നത്. സംഘടന തുടങ്ങിയ സമയത്ത് എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളെയും മറ്റും സംഘടിപ്പിച്ച് കലാസാംസ്‌കാരിക പ്രവർത്തനങ്ങൾ നടത്തിയിരുന്നതും, റോഡ് സൈഡുകളിലെ മാലിന്യങ്ങളും മറ്റും ശേഖരിച്ച് മറ്റു ജനകീയ പരിപാടികൾ നടത്തിയും ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.
അജ്മൽ പൊലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി പണം തട്ടിയ കേസ്സിലുൾപ്പെട്ടതിനെ തുടർന്ന് മറ്റു കമ്മറ്റി അംഗങ്ങളെല്ലാം സ്വയം ഒഴിഞ്ഞ് പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് 2018-ലെ പ്രളയത്തിനുശേഷം നിലമ്പൂരിലെ വിവിധ ആദിവാസി ഊരുകളിൽ അജ്മലിന്റെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും മറ്റും സ്പോൺസർമാരെ കണ്ടെത്തി വിതരണം നടത്തുകയും ചെയ്ത് ആദിവാസികളുടെ ഇടയിൽ സ്വാധീനം ഉണ്ടാക്കുകയും ചെയ്തിരുന്നു.
2018-19 ൽ അജ്മൽ കെ.ടി മിത്രജോതിയുടെ ചെയർമാനായും, തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയും വക്കീലും ആയ അഡ്വ്. ഹിബ ഖാലിദ് ട്രഷറർ ആയും, രമണി ടീച്ചർ മുണ്ടേരി , അനീഷ് വെണ്ടക്കുംപൊയിൽ എന്നിവർ കമ്മിറ്റി അംഗങ്ങളുമായി മിത്രജ്യോതിയുടെ പ്രവർത്തനം തുടർന്നു പോന്നിരുന്നു. സാമ്പത്തിക കാര്യങ്ങൾ ചോദ്യം ചെയ്തതിനെ തുടർന്ന് അനീഷ് പിന്നീട് ഇതിന്റെ പ്രവർത്തനത്തിൽ നിന്നും മാറിയതായി അറിയാൻ കഴിഞ്ഞുവെന്ന് പൊലീസ് പറയുന്നു.
അജ്മലിന്റെ പേരിൽ എടക്കര, അരീക്കോട്, കുറ്റിപ്പുറം, മഞ്ചേരി എന്നീ പൊലീസ് സ്റ്റേഷനിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയ കാര്യത്തിനും മറ്റും ക്രമിനൽ കേസ്സുകൾ നിലവിലുണ്ട്. ആദിവാസികളെ ഭീഷണിപ്പെടുത്തിയ കാര്യത്തിന് അഗളി പൊലീസ് സ്റ്റേഷനിലും കേസ്സ് നിലവിലുണ്ട്. ഈ കേസ്സിൽ ജയിലിൽ കഴിഞ്ഞ് വരികയായിരുന്നു. യുട്യൂബിലും ഫേസ്‌ബുക്കിലും ആദിവാസികളെ ആദിവാസി കുട്ടികളെയും അവരുടെ ജീവിതത്തെക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ ഉൾപ്പെടുത്തി ഇദ്ദേഹം വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.
ഈയിടെ യൂട്യൂബിൽ അപ്ലോഡ് ചെയ്ത 'നാട് അറിയാത്ത കാട് അറിയുന്ന ജീവിതങ്ങൾ ' എന്ന ഡോക്യുമെന്ററിയിൽ നിലമ്പൂരിലെ ആദിവാസി കോളനിയിലുള്ള ബാലനെ കൊണ്ട് 'തനിക്ക് ഒന്നുകിൽ പൊലീസ് ആവണം, അല്ലെങ്കിൽ മാവോയിസ്റ്റ് ആവണം'എന്ന തരത്തിൽ പറയിപ്പിക്കുന്നുണ്ട്. ഇത് ഇദ്ദേഹം കുട്ടിയെ കൊണ്ട് മനപ്പൂർവ്വം പറയിപ്പിച്ച കാര്യത്തിന് നിലമ്പൂർ പൊലീസ് കേസ്സെടുത്ത് നിലമ്പൂർ ഡി.വൈ.എസ്‌പി സാജു കെ അബ്രഹാം അന്വേഷണം നടത്തി വരവെയാണ് അജ്മൽ കോലോത്ത് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതി ഇപ്പോൾ പാലക്കാട് ജയിലിലാണ്. മിത്രജ്യോതി ട്രൈബൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ എന്ന എൻ.ജി.ഒസംഘടനയുടെ പേരിൽ ആദിവാസി മേഖലയെ മറയാക്കി പണം തട്ടുകയാണ് ഇദ്ദേഹത്തിന്റെ ഉദ്ദേശമെന്ന് പൊലീസ് പറഞ്ഞു.
ആദിവാസി മേഖലയിൽ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ കുറിച്ചും , രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടിയെ കൂട്ടി കൊണ്ട് പോയി വീഡിയോ ചിത്രീകരിച്ച ചാനൽ പ്രവർത്തകരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നിലമ്പൂർ ചന്തക്കുന്നിൽ വെളിയംതോട് ചാരംകുളം റോഡിൽ വാടക കെട്ടിടത്തിലാണ് മിത്രജ്യോതി ട്രൈബൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ ഓഫീസ് പ്രവർത്തിച്ച് വരുന്നത്. സംഘടനയുടെ പേരിലുള്ള ഓമ്നി വാൻ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഘടനയെ കുറിച്ചും, ആദിവാസി മേഖലകളിലെ സംഘടനയുടെ പ്രവർത്തനത്തെ കുറിച്ചും മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്