മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ ആൾക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം തങ്ങൾക്ക് കാണേണ്ടെന്നു ബീഹാറിലെ വീട്ടുകാർ. ഇതേ തുടർന്ന് കോഴിക്കോട് തന്നെ മൃതദേഹം സംസ്‌കരിച്ചു. ബീഹാർ ചമ്പാരൻ ജില്ലയിലെ മാധവ് നഗറിൽ സൗന്ദർ മാഞ്ചി മകൻ രാജേഷ് മാഞ്ചിയാണ് (36) ആൾക്കൂട്ട അക്രമണത്തെ തുടർന്ന് മരിച്ചത്.

കേരളത്തിലുള്ള മാഞ്ചിയുടെ പിതൃസഹോദരനും, നാട്ടുകാരും മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ബീഹാറിലുള്ള വീട്ടുകാരെ വിവരം അറിയിച്ചപ്പോഴാണ് തങ്ങൾ മൃതദേഹം കാണേണ്ടെന്നു ഇവർ പറഞ്ഞത്. പട്ടാമ്പിയിൽ ജോലി ചെയ്തിരുന്ന രാജേഷ് മാഞ്ചി രണ്ട് ദിവസം മുമ്പാണ് കിഴിശ്ശേരിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസമാക്കിയത്. കോഴിഫാമിലെ ജോലിക്കായാണ് അദ്ദേഹം ഇവിടെ എത്തിയത്. ഇയാളെ അക്രമിച്ചുകൊലപ്പെടുത്തിയ കേസിൽ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലത്തെ നിരീക്ഷണ ക്യമറകളും പ്രതികളുടെ മൊബൈലും പരിശോധിച്ചതിൽ രാജേഷ് മാഞ്ചിയെ മരക്കൊമ്പുകൾ കൊണ്ടും പ്ലാസ്റ്റിക് പൈപ്പുകൾ കൊണ്ടും തലങ്ങും വിലങ്ങും അടിക്കുന്നത് വ്യക്തമായിരുന്നു.

ശനിയാഴ്ച പുലർച്ചെ കിഴിശ്ശേരി-തവനൂർ റോഡിലെ ഒന്നാംമൈലിലായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ റോഡരികിലെ വീട്ടുപരിസരത്ത് നിന്ന് യുവാവിനെ നാട്ടുകാർ പിടികൂടി കള്ളനാണെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു. കൈകൾ കെട്ടിയിട്ട് പ്ലാസ്റ്റിക് പൈപ്പും മരക്കൊമ്പും ഉപയോഗിച്ചായിരുന്നു മർദ്ദനം. പുലർച്ചെ 12 മുതൽ 2.30 വരെ മർദ്ദനം തുടർന്നു. അനക്കമില്ലാതായതോടെ 50 മീറ്റർ അകലെയുള്ള അങ്ങാടിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 300 മീറ്റർ അകലെയുള്ള വീട്ടുപരിസരത്ത് നിന്ന് അവശനിലയിൽ കണ്ടെത്തിയ രാജേഷിനെ പൊലീസെത്തി കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി.

ശരീരത്തിലുടനീളം പരിക്കുകളേറ്റിരുന്നു. വാരിയെല്ലുകളടക്കം തകർന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മോഷണശ്രമത്തിനിടെ മരത്തിന്റെ മുകളിൽ നിന്ന് വീണെന്നായിരുന്നു പ്രതികൾ പൊലീസിനോട് പറഞ്ഞത്. പരിക്കുകളുടെ സ്വഭാവം കണ്ട് മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഒമ്പത് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് വെളിവായത്. ഒരാളെ വിട്ടയച്ചു. തെളിവ് നശിപ്പിക്കൽ, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. രണ്ട് പ്രതികളുടെ ഫോണിൽ നിന്ന് സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് പ്രതികളിൽ ചിലരുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ നശിപ്പിച്ചത് വീണ്ടെടുക്കാനുള്ള ശ്രമം നടക്കുകയാണ്. പഴുതടച്ച അന്വേഷണത്തിനായി 10അംഗ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ തവനൂർ സ്വദേശികളായ തേർതൊടിയിൽ അബ്ദുസമദ് (38) പേങ്ങാട്ടിൽ നാസർ (41), ചെവിട്ടാണിപ്പറമ്പത്ത് ടി. ഹബീബ് (36) വെരുവള്ളിപ്പിലാക്കൽ മഹബൂബ് (32) സഹോദരങ്ങളായ തവനൂർ വെരുവള്ളി പിലാക്കൽ ഡി ടി ശറഫുദ്ദീൻ (43), ഫാസിൽ (37), അഫ്സൽ (34), കടുങ്ങല്ലൂർ ചെമ്രക്കാട്ടൂർ പാലത്തിങ്ങൽ അയ്യൂബ് (40) എന്നിവരാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിച്ചതിന് സൈനുൽ ആബിദ് എന്ന ഒരു ;്രപതി പിടിയിലാകാനുണ്ടെന്നു പൊലീസ് പറഞ്ഞു.