മലപ്പുറം: അഞ്ച് ലക്ഷം രൂപ നൽകിയാൽ 50 ലക്ഷം രൂപ വായ്പ നൽകുമെന്ന് വാഗ്ദാനം നൽകി നിരവധിപേരുടെ പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ഒന്നര ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ അടച്ച് നിരവധിപേർ വഞ്ചിതരായ കേസിൽ സ്ഥാപനത്തിന്റെ മാനേജർ കോഴിക്കോട് ചാത്തമംഗലം കെട്ടാങ്ങൽ സ്വദേശിയും ഇടിമുഴിക്കലിൽ വാടകക്ക് താമസിച്ചിരുന്ന മുഹമ്മദ് റാഫിയെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

50 ലക്ഷം രൂപ വായ്പ നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം സ്വീകരിച്ചു തുക നൽകാതെ ഇടപാടുകാരെ വഞ്ചിച്ച സംഭവത്തിലാണ് അറസ്റ്റ്. മഞ്ചേരി രാജീവ് ഗാന്ധി ബൈപാസിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. സ്ഥാപനത്തിലെ ജീവനക്കാരുടെ അക്കൗണ്ട് മാർഗമാണ് പണം സ്വീകരിച്ചിരുന്നത്. ഇത് പിന്നീട് മുഹമ്മദ് റാഫി കൈപ്പറ്റി തമിഴ്‌നാട് സ്വദേശികളായ രണ്ട് പേർക്ക് കൈമാറിയതായാണ് വിവരം. ഇവരുടെ നിർദ്ദേശ പ്രകാരമാണ് മഞ്ചേരിയിൽ സ്ഥാപനം തുടങ്ങിയതെന്നാണ് വിവരം. ഇവരെ അന്വേഷിച്ച് വരികയാണ്.

അഞ്ച് ലക്ഷം രൂപ നൽകിയാൽ സ്ഥാപനം 50 ലക്ഷം രൂപ വായ്പ നൽകുമെന്നായിരുന്നു വാഗ്ദാനം. ദിവസം 3250 രൂപ വീതം തിരികെ അടച്ചാൽ മതി. ഇത് വിശ്വസിച്ച് പലരും ഒന്നര ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ അടച്ചു. പണം നൽകുമെന്ന് പറഞ്ഞ തിയ്യതി കഴിഞ്ഞതോടെ നിക്ഷേപകർ സ്ഥാപനത്തിലെത്തി അന്വേഷിച്ചതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലായത്. ഏകദേശം ഒരു കോടിയോളം രൂപ സംഘം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.

കോയമ്പത്തൂരിലും ഇവരുടെ ഓഫീസ് പ്രവർത്തിച്ചിരുന്നു. ഇത് പൂട്ടിയതോടെയാണ് മഞ്ചേരിയിൽ ആരംഭിച്ചത്. കോയമ്പത്തൂരിലെ ജീവനക്കാർ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് മഞ്ചേരിയിലെത്തിയിരുന്നു. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്താണ് ഇവരെ ജോലിക്കെടുത്തത്. അഞ്ച് ലക്ഷത്തിന്റെ സ്‌കീമിനു പുറമെ മറ്റ് സ്‌കീമുകളുമുണ്ട്. നഗരത്തിലെ ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. സമൂഹമാധ്യമങ്ങളിലും മറ്റും പരസ്യം കണ്ടാണ് പലരും സ്ഥാപനത്തെ സമീപിച്ചത്. 20 ഓളം ജീവനക്കാരും ഇവിടെ ജോലി ചെയ്തിരുന്നതായി പണം നൽകിയവർ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഓഫീസ് അടച്ചൂപൂട്ടി സീൽ ചെയ്തു.