ഇടുക്കി: പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയുടെ 35 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഉൾപ്പെട്ടവർക്ക് 4 വർഷം മുമ്പ് അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സമാനതട്ടിപ്പിലും പങ്കുണ്ടെന്ന് സൂചന. പള്ളിയിൽ കണക്കിൽപ്പെടാത്ത പണം ഉണ്ടെന്നും കൊടുക്കുന്ന തുകയുടെ ഇരട്ടി നൽകുമെന്നും വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയെ വിളിച്ചുവരുത്തി 35 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ തൊടുപുഴ അരീക്കുഴ ലക്ഷമിഭവനിൽ അനിൽ വി കൈമളി(35)നെ കഴിഞ്ഞ ദിവസം വെള്ളത്തൂവൽ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

ഇടുക്കി എസ്‌പി വി.യു കുര്യാക്കോസ്, ഡിവൈ.എസ്‌പി ബിനു ശ്രീധർ, വെള്ളത്തൂവൽ സിഐ ആർ. കുമാർ എന്നിവരുടെ നേതൃത്ത്വത്തിലെ പൊലീസ് സംഘം മൈസൂർ നഞ്ചൻകോട്ടിൽനിന്നുമാണ് അനിലിനെ കസ്റ്റഡിയിൽ എടുത്തത്.തട്ടിയെടുത്ത പണത്തിൽ നിന്ന് 4.88 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.സംഘത്തിൽ ഉൾപ്പെട്ട എട്ടു പേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പിടികൂടിയ 4.88 ലക്ഷം രൂപ ഒഴികെയുള്ള തുക പലിശക്ക് വരെ നൽകിയതായി അനിൽ വെളിപ്പെടുത്തിയതായും അറിയുന്നു.അന്വേഷണ സംഘത്തിൽ എസ്‌ഐമാരായ സജി എൻ. പോൾ, സി.ആർ. സന്തോഷ്, ടി.ടി ബിജു, എസ്.സി.പി.ഒമാരായ ശ്രീജിത്ത്, നിഷാദ് എന്നിവരും ഉൾപ്പെട്ടിരുന്നു. അടിമാലിയിലെയും ചിത്തിരപുരത്തെയും തട്ടിപ്പിന്റെ സമാനതകൾ കണക്കിലെടുത്ത് , ഈ രണ്ട് സംഭവങ്ങളിലും ഉൾപ്പെട്ടിട്ടുള്ളത് ഒരു സംഘം തന്നെയായിരിക്കാമെന്നാണ് പൊലീസ് നിഗമനം.

ഇടുക്കി ജില്ലയിലെ പള്ളിയിൽ കണക്കിൽപ്പെടാത്ത 300 കോടി രൂപയുണ്ടെന്നും 500 രൂപ നോട്ടുകൾ നൽകിയാൽ ഇരട്ടി തുകയ്ക്കുള്ള 2000 രൂപയുടെ നോട്ടുകൾ ലഭിക്കുമെന്നും വിശ്വസിപ്പിച്ച്, കൊച്ചി സ്വദേശിയെ വിളിച്ചു വരുത്തി ,28 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ അന്ന് അടിമാലി പൊലീസ് ഏതാനും പേരെ അറസ്റ്റുചെയ്തിരുന്നു. ഈ മാസം 19-നാണ് തിരുവന്തന്തപുരം തൈക്കാട് കുന്നപ്പിള്ളിൽ ബോസിന്റെ പക്കൽ നിന്നും 35 ലക്ഷം രൂപ അനിൽ ഉൾപ്പെട്ട സംഘം വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിത്തിരപുരം പള്ളിക്ക് സമീപം വച്ച് തട്ടിയെടുത്തത്.

ബോസിന്റെ സുഹൃത്തുക്കളും നാട്ടുകാരുമായ സിബി,കുമാർ,പൊന്നൻ,സുനിൽ, അജയകുമാർ എന്നിവർക്ക് കൃത്യം നടത്തുന്നതിനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.ഇവർ ഒളിവിലാണ്. കിള്ളിപ്പാലത്ത് റസ്റ്റോറന്റ് നടത്തിവരുന്ന ബോസ് കെഎസ്എഫ്ഇയുടെ 50 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്നിരുന്നു.അടുത്തിടെ നടന്ന നറുക്കെടുപ്പിൽ ചിട്ടി ബോസിന് ലഭിച്ചു.38 ലക്ഷം രൂപ ഈ വകയിൽ ബോസിന്റെ കൈയിൽ എത്തി.

ഇത് മനസ്സിലാക്കി സിബിയും കൂട്ടരും ചേർന്ന് തുക തട്ടിയെടുക്കാൻ കർമ്മപദ്ധതി ആവിഷ്‌കരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.പള്ളിയിൽ കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്നും നൽകുന്ന തുകയുടെ ഇരട്ടി പണം തിരികെ നൽകുമെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിക്കലാണ് നടക്കുന്നതെന്നും സിബി ബോസിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. 38 ലക്ഷത്തിൽ 35 ലക്ഷം ഇരട്ടിപ്പിനായി നൽകാൻ ബോസ് സമ്മതിച്ചു.തുകയുമായി ഒറ്റയ്ക്ക് വരണമെന്നായിരുന്നു വിവരം പറഞ്ഞപ്പോൾ പള്ളി വികാരി എന്നും പറഞ്ഞ് മൊബൈലിൽ ബന്ധപ്പെട്ട ആൾ പറഞ്ഞത്.

ഇതുപ്രകാരം കാറിൽ ബോസ് സിബിയെയും കൂട്ടി ഇടുക്കിക്ക് പുറപ്പെട്ടു.ചിത്തിരപുരം എത്തുമ്പോഴേയ്ക്കും പള്ളിവികാരി എന്നുപറഞ്ഞ് പരിചയപ്പെട്ട ആളുടെ കോൾ വീണ്ടും എത്തി.ഒറ്റയ്ക്കാണോ വരുന്നതെന്ന് ഉറപ്പിക്കുകയായിരുന്നു ഈ വിളിയുടെ ലക്ഷ്യം. ഡ്രൈവറാണ് സിബിയെന്ന് പറഞ്ഞുനോക്കിയെങ്കിലും മൊബൈലിൽ വിളിച്ചയാൾ ആരെയും ഒപ്പം കൂട്ടരുതെന്നും സിബിയെ കാറിൽ നിന്ന് ഇറക്കി വിടണമെന്നും ബോസിനോട് ആവശ്യപ്പെട്ടു.ഇതുപ്രകാരം സിബിയെ ബോസ് വഴിയിൽ ഇറക്കി വിട്ടു.

മാത്യു എന്നൊരാൾ വരുമെന്നും പണം കൊടുത്തുവിടമെന്നും വൈദീകൻ എന്നുപരിചയപ്പെടുത്തിയ ആൾ നിർദ്ദേശിച്ചു.പറഞ്ഞതീരും മുമ്പ് മാത്യുസ് എന്ന് പരിചയപ്പെടുത്തി ഒരാൾ ബോസിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.താമസിയാതെ ബോസ് പണം ഇയാൾക്ക് കൈമാറി.കാർ തിരിച്ചിട്ട് നോക്കുമ്പോൾ പണം വാങ്ങിയ ആളെ കാണാനില്ല. ഉടൻ ബോസ് സിബിയെ വിളിച്ച് കാര്യം പറഞ്ഞു.ഉടൻ സിബി വലിയതാൽപര്യത്തോടെ പ്രശ്നത്തിൽ ഇടപെടുകയും അവിടെയും ഇവിടെയും എല്ലാം അന്വേഷണത്തിന് എന്ന വ്യാജേന ബോസിനെയും കൂട്ടി പോകുകയും ചെയ്തിരുന്നു.

തുടർന്നാണ് ബോസ് വെള്ളത്തൂവൽ പൊലീസിൽ വിവരങ്ങൾ വ്യക്തമാക്കി പരാതി നൽകിയത്.ബോസിന്റെ മൊബൈലിലേയ്ക്ക് വന്ന കോളുകൾ സൈബർ സെൽ മുഖേന പരിശോധിച്ചപ്പോൾ തട്ടിപ്പിന് പിന്നിലുൾപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ അനിലിനെ മൈസൂരിൽ നിന്നും പൊലീസ് സംഘം പൊക്കിയത്.ഇയാളെ ചോദ്യം ചെയ്തപ്പോൾ കേസ് സംബന്ധിച്ച് പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായിട്ടാണ് സൂചന.കേസിൽ അന്വേഷണം നടന്നുവരികയാണെന്നും പൂർത്തിയാവുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്നുമാണ് പൊലീസ് നിലപാട്.

വൈദീകൻ ചമഞ്ഞ് ബോസിനെ വിളിച്ചത് അറസ്റ്റിലായ അനിലാണ്. മൂന്നു പേർ ചേർന്നാണ് പദ്ധതി തയാറാക്കിയതെന്നും 9 ലക്ഷം വീതം വീതിച്ചെടുത്തെന്നും ബാക്കി 8 ലക്ഷം സഹായിച്ച അഞ്ച് പേർക്ക് നൽകിയെന്നുമാണ് അനിൽ വെളിപ്പെടുത്തിയിട്ടുള്ളത്.