മലപ്പുറം: വ്യാജ അഭിഭാഷക ചമഞ്ഞ് കോടികളുടെ പണം തട്ടിപ്പ് നടത്തിയെന്ന കേസിൽ ആരോപണവിധേയായ കണ്ണൂർ സ്വദേശിനി വി പി നുസ്രത്ത് വിശദീകരണവുമായി രംഗത്തെത്തി. ഇവർ തൃശൂർ കോ. ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്‌പിയുടെ
ഭാര്യയാണെന്നും കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ആയി പതിനഞ്ചോളം എഫ്.ഐ.ആർ ഇവർക്കെതിരെ നിലവിലുണ്ടായിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും തട്ടിപ്പിനിരയായവരുടെ കൂട്ടായ്മയ ഭാരവാഹികൾ മലപ്പുറത്ത് ഇന്നലെ വാർത്താ സമ്മേളനം നടത്തി ആരോപിച്ചിരുന്നു. എന്നാൽ, മറിച്ചുള്ള ആരോപണമാണ് നുസ്രത്ത് ഉന്നയിക്കുന്നത്.

നിരവധി പേരിൽ നിന്നും പണം തട്ടിയതായി ആരോപിച്ച് ഒരുകൂട്ടംപേർ തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഡി.വൈ.എസ്‌പിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയാണെന്നും നുസ്രത്ത് പറഞ്ഞു. തനിക്കെതിരെ ഉയർന്നിരിക്കുന്ന കേസുകളെല്ലാം വ്യാജമാണെന്നും ഇതിനെയെല്ലാം നിയമപരമായി നേരിടുമെന്നും ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും നുസ്റത്ത് പറഞ്ഞു. യഥാർഥ്യം പുറത്തുകൊണ്ടുവരാൻ ഹൈക്കോടതിയെ സമീപിക്കും.

തന്റെ മൊഴിപോലും രേഖപ്പെടുത്തായൊണ് തനിക്കെതിരെയുള്ള മുഴുവൻ കേസുകളും രജിസ്റ്റർ ചെയ്തത്. കാടാമ്പുഴ കേസിൽ വ്യാജ രേഖ ഹാജരാക്കിയാണ് കേസ് രജിസ്റ്റർചെയ്തത്. ഡി.വൈ.എസ്‌പിയുടെ പേരും പറഞ്ഞ് വിവാഹം മുടക്കാനാണ് ഇവരുടെ ശ്രമം. മലപ്പുറത്ത് രജിസ്റ്റർ ചെയ്തതിൽ തട്ടിപ്പുകേസുണ്ടെന്ന് പറഞ്ഞ് വിവാഹം മുടക്കും എന്നുൾപ്പെടെ പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നിവർ 5.70 ലക്ഷം രൂപ തട്ടിയെടുത്തു. ഇതിന് ശേഷം വീണ്ടും 2.30ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പിൽ നീതിലഭിക്കുംവരെ പോരാടും. തനിക്കെതിരെയുള്ള പരാതിക്കാരിയുടേയും ബന്ധുക്കളുടേയും അക്കൗണ്ടുകളും പരിശോധിക്കുകയും, കേസിൽ ഇടപെട്ട് പണം വാങ്ങിനൽകിയ മധ്യസ്ഥരുടേയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്താൽ തട്ടിപ്പിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ കഴിയും.

മലപ്പുറം പൊലീസ് ഇതുസംബന്ധിച്ചു അന്വേഷണം ഇതുവരെ നടത്തിയിട്ടില്ല. തനിക്കെതിരെ മഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ 12000 രൂപ നൽകിയ വ്യക്തിക്ക് ആറുലക്ഷം രൂപയുടെ സ്വർണം തിരൂർ ബ്യൂട്ടിമാർക്ക് ജൂവലറിൽ നിന്നും വാങ്ങി നൽകിയിരുന്നു. പരാതിക്കാരന്റെ മകൾക്കാണ് നൽകിയിരുന്നത്. ഇത് ഇവർ വീട്ടിൽ എത്തി കൈപ്പറ്റുകയും ചെയ്തിരുന്നു. തുടർന്ന് ഈ സ്വർണത്തിന്റെ പണം തിരിച്ചുചോദിച്ചതിലുള്ള വൈരാഗ്യമാണ് കേസ് നൽകാനുണ്ടായ കാരണം.

നിലവിൽ ഈ കേസുകൾ അല്ലാതെ ആരോപണ വിധേയർ ഉന്നയിക്കുന്ന മറ്റൊരു നിലവിൽ പരാതിക്കാരിയുടെ പേരിൽ അന്വേഷണാവസ്ഥയിൽ ഇല്ലെന്നും മറിച്ചുള്ളതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്നും നുസ്റത്ത് പറഞ്ഞു. മഞ്ചേരിയിലെ കേസ് ജ്യൂറി സെക്ഷൻ അല്ലാതെ സ്വാധീനമുള്ള സ്ഥലത്താണ് ഇവർ കള്ളപ്പരാതി നൽകി എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്. നിരവധികേസുകൾ തുമ്പുണ്ടാക്കിയ പ്രഗൽഭനായ ഡി.വൈ.എസ്‌പി.യെ അപമാനിക്കാൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ പേര് കേസിൽ വലിച്ചിഴയ്ക്കുന്നതെന്നും നുസ്റത്ത് പറഞ്ഞു. അദ്ദേഹം കേസുകളിൽ ഒന്നിൽപോലും ഇടപെടുകയോ ചോദിക്കുകയോ ചെയ്തിട്ടില്ല.

ഈ കേസുകല്ലൊം 2019-20 വർഷങ്ങളിൽ നടന്നതാണ്. ഇത് അക്കൗണ്ടുകൾ പരിശോധിച്ചാൽ അറിയാൻകഴിയുമെന്നും ഇവർ പറഞ്ഞു. ഡി.വൈ.എസ്‌പിയുമായുള്ള വിവാഹം മാസങ്ങൾക്ക് മുമ്പ് ഉറപ്പിച്ചതോടെയാണ് ഇവർ ഭീഷണിപ്പെടുത്തി പണം തട്ടാൻ സംഘം ഇറങ്ങിയിട്ടുള്ളത്. ഔദ്യോഗിക വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും നുസൃത്ത് പറഞ്ഞു. ആരോപണത്തിന് പിന്നിൽ മുൻഭർത്താവായ സിബിയുടെ സഹായം ഉണ്ടെന്നും യുവതി ആരോപിച്ചു.
നിരവധി പേരിൽ നിന്നും പണം തട്ടിയ കേസിലെ പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പണംനഷ്ടപ്പെട്ടവരെന്ന് പറഞ്ഞ് രംഗത്തുവന്ന ചിലർ ഇന്നലെ മലപ്പുറത്ത് പത്രസമ്മേളനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിയ വ്യക്തികളാണ് തന്നെ വിടാതെ പിന്തുടരുന്നതെന്നും കള്ളക്കേസുകൾക്ക് പിന്നിൽ ഇവരാണെന്നും നുസ്രത്ത് ആരോപിച്ചു.