മലപ്പുറം: വ്യാജ അഭിഭാഷക ചമഞ്ഞ് നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത കേസിലെ പ്രതിയായ വി.പി. നുസ്രത്തിനെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപണം. ഈ യുവതി ഇപ്പോൾ തൃശൂർ കോ-ഓപ്പറേറ്റീവ് വിജിലൻസ് ഡി.വൈ.എസ്‌പി സുരേഷ് ബാബുവിന്റെ ഭാര്യയാണ്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പതിനഞ്ചോളം എഫ്.ഐ.ആർ ഇവർക്കെതിരെ നിലവിലുണ്ടായിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ മലപ്പുറത്ത് ആരോപിച്ചു.

വ്യാജ അഭിഭാഷക ചമഞ്ഞ് നിരവധി പേരിൽ നിന്നും സ്വർണ്ണവും പണവും കൈക്കലാക്കി മുങ്ങി നടക്കുകയാണ് നുസ്രത്ത്. മുൻ തിരൂർ ഡിവൈഎസ്‌പിയും നിലവിൽ തൃശൂർ കോർപ്പറേറ്റ് വിജിലൻസ് ഡിവൈഎസ്‌പിയുമായ സുരേഷ് ബാബുവും ഒത്തുള്ള വിവാഹ ഫോട്ടോയും തട്ടിപ്പിനിരയായവർ പുറത്തുവിട്ടു. ഇവരുടെ പല തട്ടിപ്പുകൾക്കും ഈ ഡിവൈഎസ്‌പി ഒത്താശ ചെയ്യുന്നുവെന്നും ആരോപണമുണ്ട്.

നുസ്രത്തിന് എതിരെ പല കേസുകളിലും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്. തട്ടിപ്പിനിരയായവർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതികൾ കൊടുക്കുകയും ചെയ്തിരുന്നു. ഇവർക്കെതിരെ കോടതിയിൽ പല കേസുകളും നിലനിൽക്കുന്നുണ്ടെങ്കിലു, ഹൈക്കോടതിയെ സമീപിച്ച് ഉപാധികളോടെ ജാമ്യം നേടിയെടുക്കുകയായിരുന്നു.

എന്നാൽ ഈ ജാമ്യ വ്യവസ്ഥകൾ ഒന്നും തന്നെ ഇവർ പാലിക്കാത്തതുകൊണ്ട് ജാമ്യം റദ്ദ് ചെയ്യുകയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. കാടാമ്പുഴ പൊലീസ്, താനൂർ ഡിവൈഎസ്‌പി, മലപ്പുറം എസ്‌പി എന്നിവർക്കൊക്കെ ഈ നോട്ടീസ് കോടതിയിൽ നിന്നും പോയതാണെന്നും ഇത്ര കാലമായിട്ടും ഇവരെ പിടിക്കാൻ കഴിയാത്തത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇവർക്കുള്ള ബന്ധമാണെന്നും ഇരകൾ ആരോപിക്കുന്നു.

ഡിവൈഎസ്‌പിയുടെ തണലിൽ ഇവർ കേരളത്തിൽ ഉടനീളം വിലസി നടക്കുകയാണ്. എത്രയും പെട്ടെന്ന് ഇവരെ പിടികൂടാൻ ഉള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ഇവരുടെ ഭർത്താവ് സിബിയുമായി വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ലെന്നും തിരൂർ കുടുംബകോടതിയിൽ ഫാമിലി കേസ് നിലനിൽക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു. ഇത്തരത്തിലുള്ള ഒരു സ്ത്രീയെയാണ് ഈ ഉദ്യോഗസ്ഥൻ വിവാഹം കഴിച്ചിട്ടുള്ളത്. തട്ടിപ്പ് നടത്തി കിട്ടുന്ന പണം ഈ ഉദ്യോഗസ്ഥൻ കൈമാറുകയാണ് എന്നുള്ള ആരോപണവും നിലനിൽക്കുന്നുണ്ടെന്നും ഇക്കാര്യത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും തട്ടിപ്പിനിരയായവർ ആവശ്യപ്പെട്ടു.

സാധാരണക്കാരന് ഇവിടെ ഒരു നീതിയും ലഭിക്കാത്ത ഒരു സാഹചര്യമാണ് കണ്ടുവരുന്നത്. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടണം പ്രതിയെ കാണുന്നില്ല എന്ന് പറഞ്ഞ് കോടതിയിൽ റിപ്പോർട്ട് കൊടുക്കുമ്പോഴും പ്രതി കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി പ്രതി വീണ്ടും സമാനമായ തട്ടിപ്പുകൾ നടത്തി ജീവിക്കുന്നുണ്ടെന്നും ഭാരവാഹികൾ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ കൺവീനർ കെ. അഷ്റഫ്, ഭാരവാഹികളായ മോഹനൻ പനങ്ങാത്തൊടി, ബാലചന്ദ്രൻ ചെനക്ക പറമ്പിൽ, കമറുന്നിസ കോടിയിൽ, അച്യുതൻ ചട്ടിപ്പറമ്പ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു