- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ അമ്മയെയും കുരുന്നിനെയും കൊലയ്ക്ക് കൊടുത്തതിൽ കുടുതൽ പേർക്ക് പങ്കോ? പ്രതി നയാസിന്റെ ആദ്യ ഭാര്യക്കും പങ്കെന്ന് സൂചനകൾ; ചികിത്സ നിഷേധിക്കാൻ കൂട്ടു നിന്നെന്ന് തെളിഞ്ഞാൽ പ്രതി ചേർത്തേക്കും; വ്യാജ ചികിത്സ നൽകിയ ഷിഹാബുദ്ദീനെ കസ്റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിത്സകിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതിയുടെ ആദ്യ ഭാര്യയുടെ പങ്കെന്ന് സൂചനകൾ. ചികിത്സ നിഷേധിക്കാൻ കൂട്ടു നിന്നെന്ന് തെളിഞ്ഞാൽ പ്രതി ചേർത്തേക്കും. വ്യാജ ചികിത്സ നൽകിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.
അതേസമയം, കേസിലെ പ്രതിയായ നയാസിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ചികിത്സ നൽകാതെ ഭർത്താവ് നയാസും, അക്യുപങ്ചർ ചികിത്സകൻ ഷിഹാബുദ്ദീനും ചേർന്ന് സ്ത്രീയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്. ഇന്നലെ അറസ്റ്റിലായ ഷിഹാബുദ്ദീൻ റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. വീട്ടിൽ ചികിത്സ കിട്ടാതെ നയാസിന്റെ ഭാര്യ ഷെമീറ മരിക്കുന്ന സമയത്ത് ആദ്യ ഭാര്യയും മകളുമുണ്ടായിരുന്നു. ഇവർക്കും മരണത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. ആദ്യ ഭാര്യയുടെയും മകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ ഇവരും തടഞ്ഞിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനാണ് നയാസിനെ വിശദമായി ചോദ്യം ചെയ്യുന്നത്. നയാസിന്റെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയും പൊലീസ് നൽകിയേക്കും. ചികിത്സ നിഷേധിക്കുന്നതിൽ ആദ്യ ഭാര്യക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ പൊലീസ് പ്രതിചേർക്കും.
ഷെമീറയ്ക്ക് മറ്റ് ചികിത്സകൾ നൽകാനുള്ള ശ്രമം താൻ തടഞ്ഞെന്നും നയാസ് പൊലീസിനോട് പറഞ്ഞിട്ടണ്ട്. അക്യുപങ്ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്റ്റംബറിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. വെഞ്ഞാറമൂട് സ്വദേശിയായ ഇയാൾ ബീമാപള്ളിയിലാണ് ക്ലിനിക്ക് നടത്തിയിരുന്നത്. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണം.
എന്നാൽ റിപ്പോർട്ടിൽ പൊലീസോ ആരോഗ്യവകുപ്പോ നടപടികൾ സ്വീകരിച്ചിരുന്നില്ല. നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്ത ഭർത്താവ് നയാസ് റിമാൻഡിലാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നേമം പഴയകാരയ്ക്കാമണ്ഡപത്തിനു സമീപം തിരുമംഗലം ലെയ്നിലാണ് നയാസിന്റെ ഭാര്യ ഷെമീറയും നവജാത ശിശുവും പ്രസവത്തിനിടെ മരിച്ചത്.
പൂർണ ഗർഭിണിയായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരെയും നേമം പൊലീസിനെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും നാട്ടുകാർ വിവരമറിയിച്ചിരുന്നു. ആശാവർക്കർമാർ ഇടപെട്ടെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറല്ലായിരുന്നു. ചൊവ്വാഴ്ച പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയിൽ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് അമ്മയും കുഞ്ഞും മരിച്ചത്. പൂന്തുറ സ്വദേശിയായ നിയാസിന്റെ രണ്ടാം ഭാര്യയാണ് ഷെമീറ. അതേസമയം പ്രതികളെ കാരയ്ക്കാമണ്ഡപത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
അതേസമയം പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഷിഹാബുദ്ദീനുനേരെ ആക്രോശിച്ച് നയാസ് രംഗത്തുവന്നു. ഷിഹാബുദ്ദീനെ എറണാകുളത്തു നിന്ന് അറസ്റ്റുചെയ്ത് നേമം പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ. കൊലവിളി മുഴക്കി ഷിഹാബുദ്ദീനെ അടിക്കാൻ പാഞ്ഞടുത്ത യുവതിയുടെ ഭർത്താവ് നയാസിനെ പൊലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. റിമാൻഡിലായിരുന്ന നയാസിനെ ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിൽ വാങ്ങി സ്റ്റേഷനിൽ പാർപ്പിച്ച സമയത്താണ് സംഭവം. 'നിന്നെ ഞാൻ കൊല്ലുമെന്ന് ' ആക്രോശിച്ചായിരുന്നു നയാസിന്റെ ആക്രമണശ്രമം. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. നയാസിനെ പിന്നീട് ലോക്കപ്പിലേക്ക് മാറ്റുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ