- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
8 കോടി 40 ലക്ഷം രൂപ തട്ടിയെടുത്തു; 'തുറമുഖം' സിനിമയുടെ നിർമ്മാതാവ് അറസ്റ്റിൽ
തൃശൂർ: മലയാള സിനിമയിൽ പണം നിക്ഷേപിക്കാൻ വരുന്നത് ആരൊക്കയൊണ്? ഒരു വർഷം പുറത്തിറങ്ങുന്ന സിനിമകളിൽ പകുതിയിൽ ഏറെയും പരാജയമാകുന്നതാണ് പതിവ്. ഇതിനിടെ വിജയിക്കുന്ന സിനിമയിൽ വിരലിൽ എണ്ണാവുന്നത് മാത്രമാണ് താനും. ഇതോടെ കള്ളപ്പണക്കാരുടെ ഇടമായി മലയാളം സിനിമ മാറുന്നു എന്ന ആക്ഷേപങ്ങൾ മുമ്പേ ഉയർന്നിട്ടുണ്ട്. ഇത്തരം ആരോപണങ്ങൾ ശക്തമാകുന്നതിന് ഇടെയാണ് മലയാള സിനിമയിൽ ചില കള്ളനാണയങ്ങളും കടന്നുകൂടുന്നു എന്ന് വ്യക്തമാകുന്നത്.
പലരെയും കബളിപ്പിച്ചു പണമുണ്ടാക്കിയ ശേഷം സിനിമയിൽ നിക്ഷേപം ഇറക്കിയ തട്ടിപ്പുകാരും കളത്തിന് പുറത്തേക്ക് വരുകയാണ്. വ്യാജ രേഖ തയ്യറാക്കി കോടികൾ വായ്പ്പ വാങ്ങിയ ശേഷം അത് തിരിച്ചു കൊടുക്കാതെ കബളിപ്പിച്ച കേസിൽ ഒരു നിർമ്മാതാവാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. നിവിൻ പോളി നായകനായ ബിഗ് ബജറ്റ് സിനിമ 'തുറമുഖ'ത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ പാട്ടുരായ്ക്കൽ സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ ജോസ് തോമസാണ്(42) ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
വ്യാജരേഖകളുണ്ടാക്കി തരപ്പെടുത്തിയ പണം സിനിമാനിർമ്മാണത്തിന് ഉപയോഗിക്കുകയായിരുന്നു ജോസ് തോമസ്. തൃശ്ശൂർ ജില്ലാ ക്രൈംബ്രാഞ്ച് എസിപി ആർ. മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സ്വദേശിയായ ഗിൽബെർട്ടിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. വ്യാജ രേഖകൾ തയ്യാറാക്കി 8 കോടി 40 ലക്ഷം രൂപ കൈപറ്റി സിനിമ പിടിക്കുകയും പിന്നീട് തുക മടക്കി കൊടുക്കാത്തതിരിക്കുകയും ചെയ്തെന്നാണ് പരാതി . 'തുറമുഖം' എന്ന സിനിമ നിർമ്മിച്ച മൂന്ന് നിർമ്മാതാക്കളിൽ ഒരാളാണ് ജോസ് തോമസ്.
അഞ്ചുപേരുടെ പേരിൽ വ്യാജ പ്രൊഫൈലുകളും രേഖകളും ബിസിനസ് ആവശ്യത്തിലേക്ക് ഉണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വ്യാജ ബിസിനസ് പ്രെപ്പോസലുകൾ ഉണ്ടാക്കിയാണ് ഇയാൾ പണം സമ്പാദിച്ചത്. സമാനമായ തട്ടിപ്പുകൾ ഇതിന് മുമ്പും ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഐടി സ്ഥാപനത്തിന്റെ പർച്ചേസിങ് ഓർഡർ ലഭിച്ചു എന്നും ലാറ്റക്സ് കയറ്റുമതിക്ക് അനുമതിയുണ്ടെന്നും മറ്റും വിശ്വസിപ്പിച്ചു പലതരത്തിലുള്ള ബിസിനസ് ഓഫറുകൾ വച്ചാണ് ഇയാൾ പണം തട്ടിയത്.
ദ്വീർഘമായ ഗൂഢാലോചനകളോടെയാണ് ഇയാൾ തട്ടിപ്പു നടത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം ഈസ്റ്റ് പൊലീസെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണസംഘത്തിൽ തൃശ്ശൂർ ജില്ലാ ക്രൈം ബ്രാഞ്ച് എ സി പി മനോജ് കുമാർ ആർ , ക്രൈം സ്കോഡംഗങ്ങളായ എസ് ഐ സുവ്രതകുമാർ,എസ് ഐ റാഫി പി എം, സീനിയർ സിപിഒ പളനിസ്വാമി എന്നിവരാണ് ഉണ്ടായിരുന്നത്.
ഇത്തരത്തിൽ, വഞ്ചിച്ചതിന്റെ പേരിൽ പ്രതിക്കെതിരെ ഒരു വർഷം മുൻപ് അഞ്ചു ക്രൈം കേസുകൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. ഈ തട്ടിപ്പു കേസിൽ അറസ്റ്റിലായതിന് പിന്നാലെ ജോസ് തോമസിനെ കുറിച്ചുള്ള കൂടുതൽ തട്ടിപ്പു കേസുകളും പുറത്തു വരുന്നുണ്ട്. വമ്പൻ ബിസിനസുകാരനാണെന്ന് നടിച്ചായിരുന്നു ഇയാൾ പതിവായി തട്ടിപ്പു നടത്തിയിരുന്നത്.
താൻ സിനിമാ നിർമ്മാതാവാണെന്ന് പറഞ്ഞ് ആഡംബര കാറുകളും അഡ്വാൻസ് തുക നല്കി വാങ്ങുകയും പണം കിട്ടാതെ പരാതിപെടുമ്പോൾ കേസ് കൊടുക്കാൻ വെല്ലുവിളിക്കുകയും ചെയ്യുന്നത് ഇയാളുടെ പതിവാണെന്നാണ് പുറത്തുവരുന്ന വിവരം. സിനിമയുടെ മറവിൽ ഇയാൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.