മലപ്പുറം: ഐ എസ് ബന്ധത്തിന്റെ പേരിൽ പിടിയിലായി ഡൽഹി മണ്ഡോലി ജയിലിൽ കഴിഞ്ഞിരുന്ന മലപ്പുറത്തെ 27കാരൻ കഴിഞ്ഞ ദിവസം മരിച്ചത് തലയിലുണ്ടായ രക്തസ്രാവം മൂലമെന്ന് മെഡിക്കൽ റിപ്പോർട്ട്. മലപ്പുറം ജില്ലയിൽനിന്ന് 20 ഓളം പേർ ഐ.എസിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചത്് ഒമ്പതുപേരുടെ പട്ടികയാണ്. എൻഐഎ കേസിലെ വിചാരണത്തടവുകാരനായ മലപ്പുറം മങ്കട കടന്നമണ്ണ സ്വദേശി കാത്തൊടി മുഹമ്മദ് അമീൻ (27) ആണു ഡൽഹി മണ്ഡോലി ജയിലിൽ മരിച്ചതായി മങ്കട പൊലീസിനു വിവരം ലഭിച്ചത്.

ഡൽഹി പൊലീസ് അറിയിച്ചത് പ്രകാരം ഇന്നലെ രാവിലെ ഒൻപതരയോടെയാണ് ബന്ധുക്കളെ മങ്കട പൊലീസ് മരണവിവരം അറിയിച്ചത്. തലയിലുണ്ടായ രക്തസ്രാവമാണു മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷത്തോളമായി ജയിലിൽ കഴിയുന്ന അമീനിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് മരണം. തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അമീനെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലയ്ക്കകത്ത് രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ചികിത്സ ആവശ്യമില്ലെന്നു പറഞ്ഞ് അമീൻ ജയിലിലേക്ക് മടങ്ങുകയായിരുന്നുവെന്നു പറയുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം അമീൻ വീട്ടുകാരെ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മരണ വിവരമറിഞ്ഞ ബന്ധുക്കൾ ഇന്നലെ വിമാനമാർഗം ഡൽഹിയിലേക്കു പോയി. ബെംഗളൂരുവിൽ വിദ്യാർത്ഥിയായിരുന്ന അമീനെ 2021 ൽ ആണ് തീവ്രവാദ ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്തത്.

ഐ എസുമായി ബന്ധമുണ്ടെന്നാരോപിച്ച് കഴിഞ്ഞ വർഷം മാർച്ചിലാണ് മുഹമ്മദ് അമീനെ എൻ ഐ എ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ വിദ്യാർത്ഥി ആയിരുന്ന അമീനെതിരെ 5000 പേജുള്ള കുറ്റപത്രമാണ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ കോടതിയിൽ സമർപ്പിച്ചിരുന്നത്. ഇയാൾ കേരളത്തിലും കർണാടകയിലും ആക്രമണത്തിന് പദ്ധതിയിട്ടതായാണ് കുറ്റപത്രത്തിലെ ആരോപണം. ഐ എസിന് വേണ്ടിയുള്ള ആശയപ്രചാരണം ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തി, ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമം നടത്തി, എന്നും കുറ്റപത്രത്തിൽ പറയുന്നു.

കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഇയാൾ 2020 കാലഘട്ടത്തിൽ ഏർപ്പെട്ടതായും എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇയാൾക്ക് ജയിലിൽ തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. തുടർന്ന് അമീനെ ആശുപത്രിയൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സ നിർദ്ദേശിച്ചിരുന്നതായും എന്നാൽ അമീൻ ഇതിനിടയിൽ മരിക്കുകയുമായിരുന്നു എന്നാണ് ബന്ധുകൾക്ക് ലഭിച്ച വിവരം. അമീനിറെ ബന്ധുക്കളോട് ഡൽഹിയിൽ എത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

മലപ്പുറം ജില്ലയിൽനിന്ന് ഐ.എസിൽ പോയതായി സ്ഥിരീകരിച്ചത് ഒമ്പത് യുവാക്കൾ

മലപ്പുറം ജില്ലയിൽ നിന്ന് ഐ.എസിൽ പോയതായി സ്ഥിരീകരിച്ചത് ഒമ്പത് യുവാക്കൾ. എന്നാൽ ഇവർക്കുപുറമെ ഐ.എസിൽ പോയെന്ന് സംശയിക്കുന്നവരുടെ ലിസ്റ്റിൽ 20 ഓളംപേരുണ്ട്. ഇവർ ഐ.എസിൽ എത്തിയയെന്ന് ഔദ്യോഗികമായി സ്ഥീകരിക്കാൻ കഴിയുന്ന തെളിവുകൾ ലഭ്യമല്ലെന്നും എന്നാൽ ലഭ്യമായ വിവരം വെച്ച് ഐ.എസിൽ തന്നെ എത്തിയെന്നുമാണ് പൊലീസ് കരുതുന്നത്.

കേരളത്തിൽനിന്നും ഇതുവരെ ഐ.എസിലേക്കുപോയത് നൂറിലധികം പേരാണെന്നാണ് കേരളാപൊലീസിന്റെ രേഖകളിലുള്ളത്. കേന്ദ്ര ഏജൻസികൾവഴി ലഭിക്കുന്ന വിവരങ്ങൾ പ്രകാരം അതാത് വ്യക്തികളുടെ വീടുകളിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തും, അതുപോലെ യുവാക്കളെ കാണാനില്ലെന്ന് വീട്ടുകാർ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയും ലഭിച്ച വിവരങ്ങൾ പ്രകാരമാണ് കേരളാപൊലീസ് ഇത്തരത്തിൽ റിപ്പോർട്ട് തെയ്യാറാക്കിയിട്ടുള്ളത്.

ആളുകളുടെ പൂർണ വിവരങ്ങൾ അതതാത് ജില്ലകളിലെ സ്‌പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് ഓഫീസുകളിൽ സൂക്ഷിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പോയിട്ടുള്ളത്. 2020ലെ കണക്ക് പ്രകാരം 39പേർ കണ്ണൂരിൽ നിന്നും, 18 പേർ കാസർകോട് നിന്നും ഒമ്പതുപേർ വീതം കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നും പോയെന്നാണ് കണക്ക്. ഈജില്ലകൾക്കു പുറമെ പാലക്കാട്, എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നും ആളുകൾപോയിട്ടുണ്ട്. അതേ സമയം ചില യുവക്കൾക്കൊപ്പം പോയ ചില ഭാര്യമാരുടേയും ചെറിയ കുട്ടികളുടെ എണ്ണം ഈ കണക്കിൽരേഖപ്പെടുത്തിയിട്ടില്ലെന്നും ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഇവരുടെ വീടുകളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. പോയവരിൽ ചിലർ അവിടെവെച്ചു കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിൽനിന്നുംപോയ ഒമ്പതുപേരെ കുറിച്ചുള്ള വിവരണങ്ങൾ താഴെ:

1 വണ്ടൂർ സ്വദേശി ചൂരാടൻ മുഹദ്ദിസ്(31) 2015ൽ ബഹറൈൻ വഴി ഐ.എസ് കേന്ദ്രത്തിലെത്തിയതായും പിന്നീട് സഖ്യസേനയുമായി നടന്ന യുദ്ധത്തിൽകൊല്ലപ്പെട്ടതായി വിവരംലഭിച്ചു

2 കൊണ്ടോട്ടി പാലപ്പെട്ടി മാതാകുളം സ്വദേശി മൻസൂറലി, 2014ൽ ഭര്യയയും കുട്ടികളേയുംകൂട്ടി ബഹറൈനിൽനിന്നുപോയി. സഖ്യസേനയുമായുള്ള യുദ്ധത്തിൽ മൻസൂറലി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു

3 പൊന്മള സ്വദേശി നജീബ്, 2017ൽ ഹിജ്‌റക്കുപോകുകയാണെന്ന് വീട്ടുകാരെ അറിയിച്ച് യു.എ.ഇയിൽനിന്നും ഇറാൻവഴി പോയി. തുടർന്ന് യുദ്ധത്തിൽകൊല്ലപ്പെട്ടതായി വിവരം ലഭിച്ചു

4 വളാഞ്ചേരി മാവണ്ടിയൂർ സ്വദേശി സുനൈൽ ഫവാസ്, അബൂദാബിയിൽ യോർക്ക് കമ്പനിയിൽ ജോലിചെയ്യുന്നതിനിടെ ഭാര്യയേയും നാലുമക്കളേയുംകൂട്ടി അവിടെനിന്നും പോയി. ഫവാസ് മരിച്ചെന്ന് പിന്നീട് വിവരം ലഭിച്ചു.

5 വട്ടംകുളംസ്വദേശി മുഹമ്മദ് മുഹ്‌സിൻ, 2017ൽ വിനോദയാത്രക്ക് ബംഗളൂരുവിലേക്കെന്ന് ം പറഞ്ഞ് വീട്ടിൽനിന്നും പോയി, പിന്നീട് അമേരിക്കയുടെ ഡ്രോൺ അക്രമത്തിൽ കൊല്ലപ്പെട്ടന്ന് വിവരം ലഭിച്ചു.

6 തിരൂരങ്ങാടി സ്വദേശി അബ്ദുൽ സലീം, 2018ൽ വിസിറ്റിങ് വിസയിൽ യു.എ.ഇയിലേക്ക് പോയി. തുടർന്ന് ഡ്രോൺ അക്രമത്തിൽപ്പെട്ട് കൊല്ലപ്പെട്ടന്ന് വിവരം ലഭിച്ചു.

7 കോട്ടക്കൽ ഒറ്റകത്ത് സിദ്ദീഖ്, 2014 ഖത്തർവഴി ഐ.എസിലേക്കുപോയി. പോകുന്ന സമയത്ത് ഇയാൾക്ക് 32വയസ്സായിരുന്നു.

8 കോട്ടക്കൽ പുതുപ്പറമ്പ് സൈഫുദ്ദീൻ, 2016ൽ സൗദിയിൽനിന്നുംപോയി.
9 വഴിക്കടവ് സ്വദേശി ഷാജഹാൻ. നാട്ടിൽ മതസ്പർദയുണ്ടാക്കിയ ഒരുകേസിലെ പ്രതികൂടിയായിരുന്നു.