- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹം കണ്ടെത്തിയത് അർധനഗ്നമായനിലയിൽ കുളിമുറിയിൽ; കഴുത്തിൽ രണ്ട് മുറിവുകൾ; അന്ധേരിയിൽ എയർഹോസ്റ്റസ് ട്രെയിനി കൊല്ലപ്പെട്ടത് പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ? ശുചീകരണത്തൊഴിലാളിയായ പ്രതിയെ കുരുക്കിയത് സിസിടിവി ദൃശ്യങ്ങളും പരിക്കും
മുംബൈ: അന്ധേരി മരോളിൽ എയർഹോസ്റ്റസ് ട്രെയിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ശുചീകരണ തൊഴിലാളി വിക്രം അത്വാളിനെ കുരുക്കിയത് സിസിടിവി ദൃശ്യങ്ങളും ശരീരത്തിലെ പരിക്കും. ശാരീരികമായി ഉപദ്രവിക്കാനുള്ള ശ്രമത്തിനിടെയാണ് എയർഹോസ്റ്റസ് ട്രെയിനി രുപാൽ ഒഗ്രേ(25) കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അർധനഗ്നമായനിലയിൽ കുളിമുറിക്കുള്ളിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. കഴുത്തിൽ രണ്ട് മുറിവുകളുണ്ടായിരുന്നു. ചോരയിൽകുളിച്ച നിലയിലായിരുന്നു മൃതദേഹം.
രുപാൽ ഒഗ്രേയെ പ്രതി വിക്രം അത്വാൾ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ഇതിനെ ചെറുത്തതോടെയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസിന്റെ സംശയം. എന്നാൽ, പൊലീസ് സംഘം ഇക്കാര്യത്തിൽ ഔദോഗികമായ പ്രതികരണമോ സ്ഥിരീകരണമോ നൽകിയിട്ടില്ല. ഛത്തീസ്ഗഢ് സ്വദേശിനിയായ രുപാൽ ഒഗ്രേയെ ഞായറാഴ്ച രാത്രിയാണ് മരോളിലെ ഫ്ളാറ്റിൽ കഴുത്തിൽ മുറിവേറ്റ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ വിക്രം അത് വാളിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടിയിരുന്നു.
ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണത്തൊഴിലാളിയായ വിക്രം ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മാലിന്യം ശേഖരിക്കാനും ശൗചാലയം വൃത്തിയാക്കാനുമെന്ന വ്യാജേന രാവിലെ 11 മണിയോടെയാണ് പ്രതി യുവതിയുടെ ഫ്ളാറ്റിലെത്തിയത്.
പതിവായി വൃത്തിയാക്കാൻ വരുന്നതിനാൽ ഫ്ളാറ്റിൽ യുവതി മാത്രമേയുള്ളൂവെന്ന് പ്രതി നേരത്തെ മനസിലാക്കിയിരുന്നു. 11 മണിയോടെ ഫ്ളാറ്റിലെത്തിയ പ്രതിക്ക് യുവതി വാതിൽ തുറന്നുനൽകി. തുടർന്ന് അകത്തുകയറിയ ഇയാൾ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ഇതിനെ ചെറുത്തതോടെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നത്.
ഏതെങ്കിലും രീതിയിൽ യുവതി ചെറുത്തുനിൽപ്പിന് ശ്രമിച്ചാൽ കത്തി കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതിയാണ് പ്രതി ആയുധം കൈയിൽ സൂക്ഷിച്ചിരുന്നത്. ചെറുത്തുനിൽപ്പിനും തർക്കത്തിനും ഇടയിൽ പ്രതി കത്തി കൊണ്ട് യുവതിയുടെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. പിടിവലിക്കിടെ പ്രതിയുടെ മുഖത്തും കൈയിലും പരിക്കേൽക്കുകയും ചെയ്തു.
യുവതിയെ പരിക്കേൽപ്പിച്ചശേഷം പ്രതി ഫ്ളാറ്റിലെ തറ മുഴുവൻ കഴുകി വൃത്തിയാക്കി. ഇതിനുപിന്നാലെ ഓട്ടോലോക്ക് സംവിധാനം ഓൺചെയ്ത ശേഷം വാതിലടച്ച് പുറത്തുപോയി. തുടർന്ന് ചോരപുരണ്ട യൂണിഫോം കഴുകി വൃത്തിയാക്കുകയും മറ്റൊരു വസ്ത്രം ധരിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
തുംഗയിലെ വീട്ടിലെത്തിയ പ്രതിയോട് കൈയിലെയും മുഖത്തെയും പരിക്കിനെക്കുറിച്ച് ഭാര്യ തിരക്കിയിരുന്നു. എന്നാൽ, ജോലിക്കിടെ ചില്ല് പൊട്ടി പരിക്കേറ്റെന്നായിരുന്നു പ്രതിയുടെ മറുപടി. തുടർന്ന് തിങ്കളാഴ്ച രാവിലെ പതിവുപോലെ ഹൗസിങ് സൊസൈറ്റിയിൽ ജോലിക്ക് എത്തുകയുംചെയ്തു.
ഞായറാഴ്ച രാത്രിയാണ് രുപാലിനെ ഫ്ളാറ്റിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. എയർഇന്ത്യയിലെ പരിശീലനത്തിനായി ഏപ്രിൽ മാസത്തിലാണ് രുപാൽ മുംബൈയിലെത്തിയത്. മരോളിലെ ഫ്ളാറ്റിൽ സഹോദരിക്കും സഹോദരിയുടെ ആൺസുഹൃത്തിനും ഒപ്പമായിരുന്നു രുപാലിന്റെ താമസം. ഫ്ളാറ്റിലുണ്ടായിരുന്ന സഹോദരിയും ഇവരുടെ ആൺസുഹൃത്തും എട്ടുദിവസം മുൻപ് നാട്ടിലേക്ക് പോയിരുന്നു. ഇതോടെ രുപാൽ മാത്രമാണ് ഫ്ളാറ്റിലുണ്ടായിരുന്നത്.
ഞായറാഴ്ച രാവിലെ വാട്സാപ്പിൽ സംസാരിച്ച യുവതിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതായതോടെയാണ് ബന്ധുക്കൾ അന്വേഷണം നടത്തിയത്. ഫോൺ വിളിച്ചിട്ട് പ്രതികരണിമില്ലാത്തതിനാൽ മുംബൈയിലെ സുഹൃത്തുക്കളെയാണ് ബന്ധുക്കൾ ആദ്യം വിവരമറിയിച്ചത്. തുടർന്ന് സുഹൃത്തുക്കൾ ഫ്ളാറ്റിലെത്തി കോളിങ് ബെല്ലടിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഒടുവിൽ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്ളാറ്റ് തുറന്ന് പരിശോധിച്ചതോടെയാണ് യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഹൗസിങ് സൊസൈറ്റിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് സംഘം അന്വേഷണം നടത്തിയത്. ഞായറാഴ്ച രാവിലെ പത്തുമണി മുതൽ ഫ്ളാറ്റിൽ വന്ന 40-ഓളം പേരെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യംചെയ്തു. ഇതിനിടെയാണ് രാവിലെ യൂണിഫോമിൽ ജോലിക്കെത്തിയ വിക്രം മറ്റൊരു വസ്ത്രം ധരിച്ചാണ് ജോലികഴിഞ്ഞ് പുറത്ത് പോയതെന്ന് പൊലീസ് ശ്രദ്ധിച്ചത്.
ഇയാളെ ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ കൈയിലും മുഖത്തും പരിക്കേറ്റ പാടുകൾ കണ്ടതും നിർണായകമായി. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിന്റെ കാരണം എന്താണെന്നുള്ളത് ഇതുവരെ വ്യക്തമല്ലെന്നാണ് പൊലീസിന്റെ ഔദ്യോഗിക പ്രതികരണം. പ്രതിയായ വിക്രമിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പ്രതി വിക്രം കഴിഞ്ഞ ആറുമാസമായി ഹൗസിങ് സൊസൈറ്റിയിലെ ജീവനക്കാരനാണ്. ഇയാളുടെ ഭാര്യയും ഇതേ സൊസൈറ്റിയിൽ ശുചീകരണത്തൊഴിലാളിയാണെന്നും ദമ്പതിമാർക്ക് രണ്ട് മക്കളുണ്ടെന്നും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ