- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം പാപ്പാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയായി മാറി; തനിക്ക് ഒന്നാം പാപ്പാൻ ആകണമെന്ന ആവശ്യം വിമൽ തള്ളിയതോടെ കത്തിയെടുത്ത് കുത്തി മണികണ്ഠൻ; മൂന്നാർ ആനസവാരി കേന്ദ്രത്തിലെ കൊലപാതക കേസിലെ പ്രതി ക്രിമിനൽ സ്വഭാവമുള്ള ആളെന്ന് പൊലീസ്
മൂന്നാർ: ഒന്നാം പാപ്പാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് മൂന്നാറിന് സമീപമുള്ള ആനസവാരി കേന്ദ്രത്തിൽ കത്തിക്കുത്തിനും ഒരാളുടെ മരണത്തിനും ഇടയാക്കിയ സംഭവത്തിന് പിന്നിലെന്ന് പൊലീസ്. ഇന്ന് രാവിലെ 8 മണിയോടെയാണ് മാട്ടുപ്പെട്ടി റോഡിലെ ആനസവാരി കേന്ദ്രത്തിൽ പാപ്പാന്മാർ ഏറ്റുമുട്ടിയത്.
ഒന്നാം പാപ്പാൻ തൃശൂർ പെരുവള്ളൂർ സ്വദേശി വി വിമൽ(31) ആണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം പാപ്പാൻ തൃശൂർ പ്ലാക്കൽ സ്വദേശി മണികണ്ഠനെ(21) യാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കൊരണ്ടിക്കാടുള്ള കാർമലഗിരി ആനസവാരി കേന്ദ്രത്തിലാണ് സംഭവം. തനിക്ക് ഒന്നാം പാപ്പാൻ സ്ഥാനം വേണമെന്നുള്ള മണികണ്ഠന്റെ ആവശ്യം വിമൽ അംഗീകരിക്കാൻ തയ്യാറായില്ല. ഇതെത്തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും മണികണ്ഠൻ കൈയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് വിമലിന്റെ കഴുത്തിന് കുത്തുകയുമായിരുന്നു.
കഴുത്തിന് കുത്തേറ്റ ഇയാൾ ഓടി ആന സവാരി കേന്ദ്രത്തിന്റെ ഓഫീസിന് മുന്നിലെത്തി വീഴുകയായിരുന്നു. ഉടൻ മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുമ്പായിരുന്നു വിമൽ പാപ്പാനായി ആനസവാരി കേന്ദ്രത്തിൽ എത്തിയത്. മൂന്ന് മാസം മുമ്പ് മണികണ്ഠനുമെത്തി.
രാവിലെ അക്രമം കണ്ട ദൃക്സാക്ഷിയേയും മണികണ്ഠൻ ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു
ഇന്നത്തേതടക്കം രണ്ട് കൊലപാതകം, രണ്ട് വധശ്രമം, ഒരു കവർച്ച, അടിപിടി എന്നിവ ഉൾപ്പെടെ മണികണ്ഠൻ 9 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. .ഇരുവരും അവിവാഹിതരാണ്. മൂന്നാർ ഡി വൈ എസ് പി കെ ആർ മനോജ്, സി ഐ മനേഷ് കെ പി , എസ് ഐ ഷാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽ നടപടികൾ സ്വീകരിച്ചു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.