- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീൻ മാർക്കറ്റിന് സമീപത്തെ സ്ലാബിലിരുന്ന് മദ്യപിക്കവേ തൊട്ടടുത്ത് വന്നിരുന്ന യുവാവുമായി വാക്കേറ്റം; തള്ളിയിട്ടു നിലത്തിച്ചു ചവിട്ടി സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു സുധീഷ്; അർജ്ജുൻ വധക്കേസിലെ പ്രതിയെ ഈറോഡ് ഒളിവിൽ താമസിക്കവേ പൊക്കി; പ്രതി മറ്റൊരു കൊലപാതകവും നടത്തിയെന്ന് പൊലീസ്
കോഴിക്കോട്: ഫറോക്ക് ചുങ്കം മീൻ മാർക്കറ്റിനടുത്ത് ഫറോക്ക് ചുള്ളിപറമ്പിൽ മടവൻപാട്ടിൽ അർജ്ജുനൻ (52) കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ എട്ടു മാസത്തിനു ശേഷം സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇൻസ്‌പെക്ടർ എംപി സന്ദീപിന്റെ കീഴിലുള്ള ഫറോക്ക് പൊലീസും ചേർന്ന് പിടികൂടി. ഫറോക്ക് നല്ലൂർ ചെനക്കൽ മണ്ണെണ്ണ സുധി എന്ന സുധീഷ് കുമാർ (39 വയസ്സ്) ആണ് പിടിയിലായത്.
ജനുവരി പത്തിന് രാത്രി ഒൻപത് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഷണക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും ലഹരി മരുന്നതിന് അടിമയുമായ സുധീഷ് ചുങ്കം ചുള്ളിപറമ്പ് റോഡിലെ മീൻ മാർക്കറ്റിന് സമീപത്തെ സ്ലാബിലിരുന്ന് മദ്യപിക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്ത് വന്നിരുന്ന അർജ്ജുനനുമായി ഇയാൾ വാക്കേറ്റമുണ്ടാവുകയും അർജ്ജുനനെ തള്ളുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തുടർന്ന് സുധീഷ് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ബോധമില്ലാതെ രക്തം വാർന്ന് കിടന്ന അർജ്ജുനനെ നാട്ടുകാർ ചേർന്ന് ഫറോക്ക് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 19 ന് മരണപ്പെടുകയായിരുന്നു. ശരീരത്തിലെ എല്ലുകൾ പൊട്ടിയതും തലച്ചോറിലെ ക്ഷതം കാരണം രക്തം കട്ടപിടിച്ചതുമായിരുന്നു മരണകാരണം.
ഫറോക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും സുധീഷ് ഒളിവിൽ പോയിരുന്നു. പൊലീസ് അന്വേഷിക്കുന്നുവെന്ന് മനസ്സിലാക്കിയ പ്രതി തമിഴ്‌നാട്ടിലേക്ക് കടന്ന് അവിടെ വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിക്കുകയുമായിരുന്നു. പത്തോളം മൊബൈൽ ഫോണുകളും നിരവധി സിം കാർഡുകളും മാറ്റി ഉപയോഗിച്ച് ഇയാൾ പൊലീസ് അന്വേഷണത്തെ വഴിതെറ്റിച്ചുവിട്ടുകൊണ്ടിരുന്നു. തമിഴ്‌നാട്ടിലെ ഈറോഡ് താമസിക്കുന്നതിനിടെയും ഇയാൾ ഒരാളെ കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. കൂടെ ജോലി ചെയ്തിരുന്ന ഈറോഡ് സ്വദേശി സുധാകരൻ എന്നയാളെയാണ് ഇയാൾ മദ്യലഹരിയിൽ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം ബെഡ് ഷീറ്റിൽ കെട്ടിയെടുത്ത് റെയിൽവേ ട്രാക്കിലിടാനായിരുന്നു ശ്രമം.
ആളുകളെ കണ്ടപ്പോൾ അവിടെ നിന്ന് മാറി അഴുക്കുചാലിൽ മൃതദേഹം ഇട്ടു. ശക്തമായ മഴയുണ്ടായപ്പോൾ മൃതദേഹം ഓടക്കുള്ളിലേക്ക് പോയി. ദിവസങ്ങൾക്ക് ശേഷമാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഈറോഡ് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ പ്രതി ഇവിടെ നിന്ന് രക്ഷപ്പെട്ട് താമരക്കര എന്ന സ്ഥലത്ത് മറ്റൊരു വേഷത്തിൽ കഴിയുകയായിരുന്നു. സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങൽ പിന്തുടരുന്നു എന്ന് മനസ്സിലാക്കിയ സുധീഷ് കർണ്ണാടകം വഴി കേരളത്തിലേക്ക് കടക്കുകയായിരുന്നു.
എന്നാൽ പഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ ശനിയാഴ്ച രാത്രി രാമനാട്ടുകര വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടികൂടുമ്പോൾ ഇയാളുടെ കൈവശം കീ ചെയിനിൽ കത്തി കൂടി ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിൽ ഇയാളെ തെരഞ്ഞ് ഈറോഡ് പൊലീസും കേരത്തിലെത്തിയിരുന്നു. ഈറോഡ് താമസിക്കുമ്പോൾ തന്നെ ഇയാൾ മയക്കുമരുന്നിനായി മൈസൂരിലേക്ക് ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. ഡിണ്ടിഗൽ, ആന്ധ്ര, നാസിക്ക് തുടങ്ങിയ സ്ഥലങ്ങളിലും ഇയാൾ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ഹിന്ദി, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ നൈപുണ്യമുള്ളത് ഇയാൾക്ക് സൗകര്യമായി.
അന്വേഷണ സംഘത്തിൽ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്‌പെക്ടർ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ കെഅർജുൻ, രാകേഷ് ചൈതന്യം, ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ വി ആർ അരുൺ, എഎസ്‌ഐ ലതീഷ് പുഴക്കര, സിവിൽ പൊലീസ് ഓഫീസർ ടി പി അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.