- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൊക്ളിയിൽ വീട്ടുകിണറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; രക്തം പുരണ്ട കത്തി കുളിമുറിയിൽ നിന്നും കണ്ടെത്തി; കഴുത്തിലും കൈത്തണ്ടയിലും മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്; അസ്വാഭാവിക മരണത്തിന് കേസ്
കണ്ണൂർ: ചൊക്ളി പൊലിസ് സ്റ്റേഷൻ പരിധിയിലെ പുല്ലൂക്കരയിൽ ഭർതൃമതിയായ യുവതിയെ ഭർതൃ വീട്ടിലെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. ഇതേ തുടർന്ന് ചൊക്ളി പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കൾ നൽകിയ പരാതിയിലാണ് ചൊക്ളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പുല്ലൂക്കര കാര പൊയിലിലെ പുത്തലത്ത് വീട്ടിൽ റയീസിന്റെ ഭാര്യ പെട്ടിപ്പാലം ആശാരി പുളിക്കൽ വീട്ടിൽ ഷഫ്നയെയാ(26) കഴിഞ്ഞ ദിവസം പുലർച്ചെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കിണറിനോട് ചേർന്നുള്ള കുളിമുറിയിൽ നിന്നും രക്തം പുരണ്ട കത്തി കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹത്തിന്റെ കഴുത്തിലും കൈത്തണ്ടയിലും മുറിവുകൾ ഉള്ളതായി പൊലീസ് നടത്തിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയതിനു ശേഷം കബറടക്കത്തിനായി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. ഫോറൻസിക് സർജന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാൻ കഴിയുകയുള്ളുവെന്ന് ചൊക്ളി പൊലീസ് അറിയിച്ചു. മരണകാരണമെന്തെന്ന് ശാസ്ത്രീയമായി തെളിഞ്ഞാൽ അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
കുളിമുറിയിൽ നിന്നും കണ്ടെത്തിയ രക്തം പുരണ്ട കത്തി വിശദമായ ഫോറൻസിക് പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെ ഒൻപതു മണിയോടെയാണ് ഷഫ്നയെ ഭർതൃ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച്ച രാത്രി ഭർത്താവിനോടും കുടുംബാംഗങ്ങൾക്കുമൊപ്പം പെരിങ്ങത്തൂർ എക്സ്പോ കണ്ടു മടങ്ങിയെത്തിയ ഷഫ്നയെ രാവിലെ ഏഴു മണിയോടെ കാണാതാവുകയായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
പാനൂരിൽ നിന്നും ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്ത് തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയതിനു ശേഷമാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അഞ്ചു വർഷം മുൻപാണ് ഗൾഫിൽ ചെയ്യുന്ന റയീസും ഷഫ്നയും വിവാഹിതരായത് ' ഇവർക്ക് നാലുവയസുള്ള സബാ മറിയയെന്ന മകളുണ്ട് വിദേശത്ത് ജോലി ചെയ്യുന്ന റയീസ് ഒരാഴ്ച്ച മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. അബൂബക്കർ - ഫാത്തിമ ദമ്പതികളുടെ മകളാണ് ഷഫ്ന .
മറുനാടന് മലയാളി ബ്യൂറോ