തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ ഹോസ്റ്റലിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ മെഡിക്കൽ വിദ്യാർത്ഥിനി അതിഥി ബെന്നി മരിച്ച സംഭവത്തിൽ ദുരൂഹത. എറണാകുളം സ്വദേശിയും മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയുമായി അതിഥി ബെന്നിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണത്. തീവ്രപരിചണവിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഇന്ന് പുലർച്ചെയാണ് മരിച്ചത്. മകൾ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും അച്ഛൻ ബെന്നി വെഞ്ഞാറമൂട് പൊലീസിന് മൊഴി നൽകി.

ഹോസ്റ്റലിൽ താമസിച്ചിരുന്ന അതിഥി രണ്ടുമാസം മുമ്പ് താമസം മാറ്റി. കോളജിന് പുറത്ത് വീട് വാടകക്കെടുത്ത് അമ്മയൊക്കൊപ്പമായിരുന്നു താമസം. റെക്കോർഡ് ബുക്കെടുക്കാൻ ശനിയാഴ്ച അമ്മയ്‌ക്കൊപ്പമാണ് ഹോസ്റ്റിലെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തിനകത്തേക്ക് കയറി പോയ അതിഥി നിലത്ത് വീണ പരിക്കേറ്റ നിലയിലാണ് പിന്നീട് കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലിസ് അന്വേഷണം തുടങ്ങി.

ഏഴ് ദിവസം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നാണ് മരണത്തിന് കീഴടങ്ങിയത്. ഇരവിമംഗലം കാരിവേലിൽ ബെന്നിയുടെ മകളാണ്. എൻആർഐ സീറ്റിലാണ് അതിഥി എംബിബിഎസ് പ്രവേശനം നേടിയത്. ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ 2020 ബാച്ച് എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു.