- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്നിന് അടിമയായതോടെ അവൻ ആരെയും തിരിച്ചറിയാതെയായി; രണ്ടിനെയും കൊല്ലുമെന്നും കണ്ണു കുത്തിപ്പൊട്ടിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി; ഇടക്കിടെ അക്രമാസക്തനാകാറുണ്ട്; മകന്റെ കത്തിമുനയിൽ നിന്നും പൊലീസ് വെടിയുതിർത്ത് രക്ഷപെടുത്തിയ പിതാവിന്റെ നിസ്സഹായ വാക്കുകൾ ഇങ്ങനെ
കോഴിക്കോട്: മയക്കുമരുന്നു ലഹരിയിൽ കേരള യുവത്വ കാട്ടിക്കൂട്ടുന്ന കൊടുംക്രൂരതകൾക്ക് കയ്യും കണക്കുമില്ലാത്ത അവസ്ഥയാണ്. കേരളത്തിലെ പത്രവാർത്തകളിൽ വരുന്ന ക്രൈം വാർത്തകൾ പരിശോധിച്ചാൽ എത്രത്തോളം ഭീതിതമാണ് സംസ്ഥാനത്തെ കാര്യങ്ങളെന്ന് വ്യക്തമാകും. എംഡിഎംഎ പോലുള്ള ലഹരി നുണഞ്ഞു കഴിഞ്ഞാൽ അമ്മയെയും പെങ്ങളെയും പോലും തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് യുവാക്കൾ. കോഴിക്കോട് നടക്കാവിൽ അച്ഛനെയും അമ്മയെയും മകൻ മയക്കുമരുന്നിന്റെ ലഹരിയിൽ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം നാടിനെ നടുക്കുന്നതാണ്.
മകന്റെ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന പിതാവ് കടുത്ത വിഷമത്തിലാണ്. മയക്കുമരുന്നു ഉപയോഗിച്ച ശേഷമാണ് മകൻ ഇങ്ങനെ ആയതെന്നാണ് പിതാവ് പറയുന്നത്. കുറച്ച് കാലായിട്ട് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് തോന്നുന്നതെന്നും പിതാവ് പറഞ്ഞു. അതിന് ശേഷം ചിലപ്പോ തീവ്രവാദികൾ പെരുമാറുന്നത് പോലെയാണ് പെരുമാറ്റം. രണ്ടെണ്ണത്തിനെയും കൊല്ലുമെന്നും കണ്ണു കുത്തിപ്പെട്ടൊക്കുമെന്നുമൊക്കെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നാണ് പിതാവ് ഷാജി ആശുപത്രിക്കിടക്കയിൽ കിടന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
'ഇടക്കിടക്ക് ഇങ്ങനെ അക്രമാസക്തനാകാറുണ്ട്. ഇന്നലെ എന്തോ ചെയ്യാനായി ഉറച്ച് തന്നെയാണ് വന്നത്. മിണ്ടാണ്ടിരുന്നോ, അല്ലെങ്കിൽ നിന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും എന്നാണ് അവൻ പറഞ്ഞത്. അപ്പോഴേക്കും അവന്റെ മൈൻഡ് മാറിയിരുന്നു' -ഷാജി പറഞ്ഞു. കോഴിക്കോട് നഗരത്തിനടുത്ത് എരഞ്ഞിപ്പാലം മിനി ബൈപാസിൽ പാസ്പോർട്ട് ഓഫിസിനടുത്ത് വിക്രം റോഡിലെ വീട്ടിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. ചെറുകണ്ടി ഹൗസിൽ വാടകക്ക് താമസിക്കുന്ന ചേളന്നൂർ കണ്ണങ്കര സ്വദേശി തറമ്മൽ ഷാജി (50), ഭാര്യ ബിജി (48) എന്നിവരെയാണ് മകൻ ഷൈൻ (27) ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തികൊണ്ട് കുത്തിയത്. പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ലഹരിക്കടിമയായ പ്രതി ഷൈനിനെ വെടിയുതിർത്താണ് നടക്കാവ് പൊലീസ് കീഴടക്കിയത്. നടക്കാവ് പൊലീസിനെ സംബന്ധിച്ചും വലിയ വെല്ലുവിളയാണ് നേരിട്ടത്. അക്രമാസക്തനായ യുവാവ് മാതാപിതാക്കളെ ആക്രമിക്കുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് നടക്കാവ് എസ്ഐ എസ്.ബി. കൈലാസ് നാഥും സംഘവും വീട്ടിലേക്ക് കുതിച്ചെത്തി. അവിടെയെത്തിയ പൊലീസ് കണ്ടത് മാതാവ് ബിജിയുടെ കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആർത്തട്ടഹസിച്ച് നിൽക്കുന്ന ഷൈനിനെയാണ്. ബിജിയുടെ കഴുത്തിലുൾപ്പെടെ മുറിവുകളുമുണ്ടായിരുന്നു. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കീഴടങ്ങുകയോ പിന്മാറുകയോ ചെയ്തില്ല. അടുത്താൽ അമ്മയെ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പൊലീസിന് ബലപ്രയോഗം നടത്താനുമായില്ല.
പിന്നീടും ബിജിയെ കുത്താൻ ശ്രമിച്ചതോടെ പൊലീസ് ഇയാളെ തന്ത്രത്തിൽ ഒരു മുറിയിലേക്ക് തള്ളി പൂട്ടി. എന്നാൽ, സ്വയം കുത്തിമരിക്കുമെന്ന് ഷൈൻ വിളിച്ചുപറഞ്ഞതോടെ ബിജി വാതിൽ തുറന്നു. ഉടൻ ഷൈൻ ബിജിയുടെ പുറത്ത് കുത്തി. ബിജിയെ പൊലീസ് ഒരുവിധം രക്ഷപ്പെടുത്തിയതോടെ ഷൈൻ പിതാവ് ഷാജിക്കുനേരെ തിരിഞ്ഞു. എല്ലുപൊട്ടിയതിനെ തുടർന്ന് കാലിൽ പ്ലാസ്റ്ററിട്ട് മറ്റൊരു മുറിയിൽ കിടക്കുകയായിരുന്ന ഷാജിയുടെ അടുത്തെത്തി കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. പൊലീസ് എത്ര ശ്രമിച്ചിട്ടും ഇയാൾ പിന്മാറിയില്ല.
അപ്പോഴേക്കും നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷും കൂടുതൽ പൊലീസും ആംബുലൻസ്, ഫയർഫോഴ്സ് അടക്കമുള്ള സംവിധാനങ്ങളും സ്ഥലത്തെത്തി. പരിക്കേറ്റ ബിജിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഷൈൻ ഷാജിയുടെ നെഞ്ചിലും കഴുത്തിലും തുരുതുരാ കുത്തി. ഇതോടെ ഇൻസ്പെക്ടർ ജിജീഷ് ഷൈൻ നിന്നിടത്തേക്ക് രണ്ടുതവണ വെടിയുതിർത്തു. തുടർന്ന് മൽപിടിത്തത്തിനൊടുവിലാണ് ഇയാളെ കീഴടക്കിയത്. പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ഷാജി അപകട നില തരണം ചെയ്തു. കൊലപാതക ശ്രമത്തിന് കേസെടുത്ത ഷൈനിനെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ