തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ വീട്ടിൽനടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് നയാസിനെതിരെ ഗുരുതര ആരോപണങ്ങൾ. ഭാര്യയുടെ ആദ്യ മൂന്ന് പ്രസവവും സിസേറിയൻ ആയിരുന്നു. അതുകൊണ്ട് തന്നെ അടുത്തത് സുഖപ്രസവമാകാനുള്ള സാധ്യത കുറവാണ്. ഇതറിഞ്ഞു വച്ചു കൊണ്ടാണ് വീട്ടിൽ ഇയാൾ ഭാര്യയെ ചികിൽസിച്ചത്. ഇത് നാട്ടുകാർക്കിടിയിൽ വലിയ പ്രതിഷേധമായി മാറുന്നുണ്ട്.

ഷമീറ ഗർഭിണിയാണെന്ന് അയൽക്കാർ അറിഞ്ഞിരുന്നില്ല. വീടിന്റെ പടിയിറങ്ങാൻ ബുദ്ധിമുട്ടിയിരുന്ന ഷമീറയോട് സംസാരിച്ചപ്പോഴാണ് ഗർഭിണിയാണെന്നും ആദ്യത്തെ മൂന്ന് പ്രസവം സിസേറിയനായിരുന്നെന്നും അവരും അറിഞ്ഞത്. എത്രയും പെട്ടെന്ന് ആശുപത്രിയിൽ പോകണമെന്ന് അവർ നിർദ്ദേശിച്ചു. പിന്നീട് ഷമീറയെ മറ്റുള്ളവരുമായി സംസാരിക്കുന്നതിൽ നിന്ന് നയാസ് തടഞ്ഞു. മക്കൾക്ക് പോളിയോ പോലും കൊടുക്കാൻ സമ്മതിക്കാത്ത നയാസ് മകളെ അംഗൻവാടിയിൽ ചേർക്കാൻപോലും വിസമ്മതിച്ചിരുന്നു. കാരയ്ക്കാമണ്ഡപത്തിലെത്തുന്നതിന് മുമ്പ് ഇവർ നെടുമങ്ങാടായിരുന്നു താമസിച്ചിരുന്നത്. അവിടെ നിന്ന് എത്തിയിട്ട് എട്ടുമാസം മാത്രമേ ആയിട്ടുള്ളു.

വീട്ടിൽ എന്താണ് നടക്കുന്നതെന്ന് തങ്ങൾക്കറിയില്ലെന്ന് അയൽവാസികൾ പറയുന്നു. ഷമീറ മരിച്ച ദിവസം ഒരു വാഹനത്തിൽ പെൺകുട്ടിയുമായി നയാസ് വന്നു. ഇത് നയാസിന്റെ മണക്കാട് താമസിക്കുന്ന മറ്റൊരു ഭാര്യയിലുള്ള മകളാണെന്നാണ് വിവരം. 17 വയസുകാരിയായ ഈ പെൺകുട്ടിയേക്കൊണ്ടാണ് പ്രസവം എടുക്കാൻ ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഈ കുട്ടിയെയും പൊലീസ് ചോദ്യം ചെയ്യലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നിലേറെ ഭാര്യമാർ ഇയാൾക്കുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഷമീറയ്ക്കു പ്രസവവേദനയുണ്ടായത്. അമിതരക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. തുടർന്ന് ഭർത്താവ് ആംബുലൻസ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. എന്നാൽ, വിവരം പുറത്തറിഞ്ഞത് പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തതിന് ശേഷമാണ്. നയാസിനെ നേമം പൊലീസ് അറസ്റ്റു ചെയ്തു.

കാരയ്ക്കാമണ്ഡപത്ത് പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചതിന് കാരണം വ്യാജ അക്യുപങ്ചർ ചികിത്സ എന്നാണ് ആരോപണം. പൂന്തുറ സ്വദേശി നയാസിന്റെ രണ്ടാം ഭാര്യ ഷമീന(36)യും, നവജാത ശിശുവുമാണ് മരിച്ചത്. തിരൂർ സ്വദേശി വ്യാജ അക്യുപങ്ചർ സിദ്ധന്റെ ശിഷ്യനാണ് മരിച്ച ഷമീനയുടെ ഭർത്താവ് എന്നാണ് ആരോപണം. ജില്ലാടിസ്ഥാനത്തിൽ ഇവർക്ക് കേരളത്തിൽ പത്തോളം പഠനകേന്ദ്രങ്ങളുമുണ്ട്. കല്ലാട്ടുമുക്ക് പെട്രോൾ പമ്പിന് സമീപമാണ് തിരുവനന്തപുരത്തെ സെന്റർ.

നയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വാർഡ് കൗൺസിലർ ദീപികയും രംഗത്തു വന്നു. ആദ്യത്തെ മൂന്നു പ്രസവവും സിസേറിയൻ ആയതിനാൽ പല തവണ അപകട മുന്നറിയിപ്പു നൽകിയിട്ടും നയാസ് ഗൗനിച്ചില്ലെന്ന് ദീപിക ആരോപിച്ചു. യുട്യൂബ് നോക്കി സാധാരണ പ്രസവം നടത്താനാണ് ശ്രമമെന്ന് നയാസ് പറഞ്ഞതായും ദീപിക വെളിപ്പെടുത്തി. "ഇവർ എന്റെ വാർഡിൽ വന്നിട്ട് ഒരു വർഷമായി. ഇവിടെ ഗർഭിണിയായ ഒരു യുവതി ഉള്ള കാര്യം കഴിഞ്ഞ ജനുവരിയിലാണ് ഞാൻ അറിയുന്നത്. ഞങ്ങൾ അവിടെ എത്തിയെങ്കിലും വീടിനകത്തു കയറാൻ അവർ അനുവദിച്ചില്ല. ഗർഭിണിയായ യുവതിയുടെ വിശദാംശങ്ങളും നൽകാൻ വിസമ്മതിച്ചു. ആശുപത്രിയിൽ പരിശോധനയ്ക്കു പോയോ എന്നു ചോദിച്ചപ്പോൾ പോയി എന്നു മാത്രം പറഞ്ഞു. വേറെയൊന്നും പറഞ്ഞില്ല-ദീപിക പറയുന്നു.

കൗൺസിലറുടെ വെളിപ്പെടുത്തൽ ചുവടെ

ആ സമയത്ത് അവർ എട്ടു മാസം ഗർഭിണിയായിരുന്നു. സംശയം തോന്നി വീട്ടിൽ കയറി സംസാരിച്ചപ്പോഴാണ് ഇത് അവരുടെ നാലാമത്തെ പ്രസവമാണെന്ന് അറിയുന്നത്. ആദ്യത്തെ മൂന്നും സിസേറിയനായിരുന്നു. മൂന്നാമത്തെ സിസേറിയൻ കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതേയുള്ളൂവെന്നും മനസ്സിലായി. അവർക്ക് ഒരു കാരണവശാലും നോർമൽ ഡെലിവറി സാധ്യമല്ലാത്ത സാഹചര്യമാണ്. നമ്മൾ ഫോൺ ചെയ്യുമ്പോൾ പോലും ആ സ്ത്രീക്ക് സംസാരിക്കാൻ ഭയമായിരുന്നു. അവർ ഭർത്താവിന്റെ സമ്പൂർണ നിയന്ത്രണത്തിലായിരുന്നുവെന്നും കൗൺസിലർ പറയുന്നു.

എങ്ങനെയെങ്കിലും ഇവരെ ആശുപത്രിയിൽ എത്തിക്കണമെന്ന ചിന്തയോടെ ഞാൻ വീണ്ടും അവരുടെ വീട്ടിൽ വന്നു. അപ്പോൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. അര മണിക്കൂറോളം അവിടെനിന്നു. കണ്ടിട്ടേ പോകൂ എന്ന് പറഞ്ഞപ്പോൾ ഒടുവിൽ അയാൾ വന്ന് വാതിൽ തുറന്നുതന്നു. ഭാര്യയെ ഒരു കാരണവശാലും ആശുപത്രിയിൽ കൊണ്ടുപോകില്ല എന്നാണ് അയാൾ പറയുന്നത്. കേരളത്തിലെ ആരോഗ്യസംവിധാനത്തെ മുഴുവൻ അടച്ചാക്ഷേപിച്ചാണു സംസാരം. എന്നോടു വീട്ടിൽനിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു. അന്ന് അയാൾ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്യാൻ ഞാൻ ശ്രമിച്ചു. ഇതു കണ്ടിട്ട് വീട്ടിൽനിന്ന് ഇറങ്ങാൻ പറഞ്ഞു.

ഞാനും രണ്ട് സിസേറിയൻ കഴിഞ്ഞ ആളാണെന്നും ഇവരെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ഞാൻ അയാളോടു വീണ്ടും പറഞ്ഞു. പിറ്റേന്ന് ഡിഎംഒ ഓഫിസിൽനിന്നു ഡോക്ടറെ കൊണ്ടുവന്നു. പക്ഷേ, പിന്നീട് വിളിച്ചാൽ ഫോൺപോലും എടുക്കാതായി. വന്നാൽ വാതിലും തുറക്കില്ല. ബാക്കി മൂന്നു കുഞ്ഞുങ്ങളെയും മണക്കാടു താമസിക്കുന്ന ആദ്യ ഭാര്യയുടെ അടുത്തു കൊണ്ടാക്കി. പിന്നീട് ഈ സ്ത്രീ ഒറ്റയ്ക്കായി.

ഈ സ്റ്റെപ്പ് ഇറങ്ങാൻ പോലും അവർക്കു ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ പറഞ്ഞു. യുട്യൂബിൽ നോക്കി നോർമൽ ഡെലിവറിക്കു ശ്രമിക്കാനാണു തീരുമാനം എന്ന് അയാൾ പറഞ്ഞു. ആ സ്ത്രീക്ക് അതിനോട് ഒട്ടും യോജിപ്പില്ലെന്നാണു ഞാൻ മനസ്സിലാക്കിയത്. പക്ഷേ, അവർ അയാളുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. അയാളെ മറികടന്ന് സംസാരിച്ചാൽ ഉപേക്ഷിക്കാൻ പോലും മടിക്കില്ലെന്ന് അവർ ഇടയ്ക്ക് പറഞ്ഞു. അവരാണെങ്കിൽ വേറെ നാട്ടുകാരിയുമാണ്. തീരെ സാമ്പത്തിക ചുറ്റുപാടില്ലാത്തതിനാൽ വീട്ടുകാർക്കും അവരെ വന്നു കൊണ്ടുപോകാൻ കഴിഞ്ഞില്ല" ദീപിക പറഞ്ഞു.

അക്യുപങ്ചർ സിദ്ധനും സംശയത്തിൽ

അൽ ഫീത്റ സ്‌കൂൾ ടീച്ചർ ശാക്കിറയും, മരിച്ച യുവതിയുടെ ഭർത്താവ് നയാസും, മകളും കൂടിയാണ് പ്രസവം എടുത്തത്, രണ്ട് ദിവസം മുൻപ് തന്നെ കുട്ടി ഗർഭാശയത്തിനുള്ളിൽ മരണപ്പെട്ടിട്ടും സുഖപ്രസവം നടക്കും എന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽ തന്നെ തുടരുകയായിരുന്നു. ഇതാണ് ഷമീനയുടെ മരണത്തിന് കാരണമായത്.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അംഗീകരിച്ച അക്യുപങ്ചർ എന്ന പേരിൽ ഇവർ പ്രചരിപ്പിക്കുന്നത് യഥാർത്ഥ അക്യുപങ്ചറുമായി യാതൊരു ബന്ധവുമില്ലാത്ത ചികിൽസയാണെന്നാണ് ആരോപണം. കേരളത്തിൽ ഇതിന് ഇരകളായി ഇതിനുമുൻപും നിരവധി പ്രസവ മരണങ്ങൾ ഉണ്ടായിട്ടുണ്ട്, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ വീടുകളിൽ വർദ്ധിച്ചു വരുന്ന പ്രസവത്തിനും അപകടങ്ങൾക്കും കാരണം ഈ വ്യാജ ചികിത്സകരുടെ സ്വാധീനമാണെന്നും ആ്ക്ഷേപം ഉയർന്നിട്ടുണ്ട്. കേരളാ പൊതുജനാരോഗ്യ ബിൽ, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ്, കേരളാ മെഡിക്കൽ പ്രക്ടീഷനഴ്‌സ് ആക്റ്റ് എന്നിവ പ്രകാരം അംഗീകൃത ഡോക്ടറുടെ സാന്നിധ്യത്തിൽ അല്ലാതെ ചികിത്സയും പഠനവും പാടില്ല എന്ന് സർക്കാര് പറയുമ്പോഴും നാടൊട്ടുക്കും വ്യാജപ്പഞ്ചർ ക്ലിനിക്കുകളും, പഠന കേന്ദ്രങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്നു.

തിരുവനന്തപുരത്ത് തന്നെ ഏതാനും നാളുകൾക്ക് മുൻപ് ചാല മാർക്കറ്റിലെ വ്യാപാരി ആയിരുന്ന കല്ലാട്ടുമുക്ക് സ്വദേശി അമീർ ഹംസ, വ്യാജ ചികിത്സയുടെ ഫലമായി മരണപ്പെട്ടിരുന്നു. വ്യാജ അക്യുപങ്ചർ ചികിൽസയാണ് ഇതിന് കാരണമാണെന്നാണ് ആരോപണം. ഏറ്റവും വലിയ വിരോധാഭാസം മലപ്പുറം തിരൂർ സ്വദേശിയായ വ്യാജ സിദ്ധനോടുള്ള ഭക്തി കാരണം ഈ മരണങ്ങൾ ദൈവത്തിന്റെ പേരിൽ വരവുവെക്കപ്പെടുകയും, ആരെങ്കിലും ചോദ്യം ചെയ്താൽ വിധിയിൽ വിശ്വാസമില്ലാത്തവർ എന്ന് ആക്ഷേപിക്കുകയും ചികിത്സ നടത്തുന്നവർ ഇരകൾക്ക് മത ഉപദേശം നൽകി രക്ഷപ്പെടുകയും ചെയ്യുമെന്ന് മീഡിയാ വൺ റിപ്പോർട്ട് ചെയ്യുന്നു.