- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നെടുമ്പനയിൽ കൊല്ലപ്പെട്ടത് ഭീകരനോ?
കൊല്ലം: നെടുമ്പന മുട്ടയ്ക്കാവിൽ ഡിസംബർ 17-ന് കൊല്ലപ്പെട്ട മറുനാടൻ തൊഴിലാളി ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരൻ. ഏറെ ദുരൂഹത കൂട്ടുന്നതാണ് ഈ കണ്ടെത്തൽ. ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും വ്യാജമായി ഉണ്ടാക്കി നുഴഞ്ഞുകയറിയ വ്യക്തിയാണ് ഇയാൾ. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നും സംശയമുണ്ട്. ബംഗ്ലാദേശ് പൗരനാണെന്ന് സ്ഥിരീകരിച്ചതോടെ ഉന്നതതല അന്വേഷണം ആരംഭിച്ചു. ഏറെ ആശങ്കയുണ്ടാക്കുന്ന സംഭവാണ് ഇത്.
ബംഗ്ലാദേശ് സ്വദേശി അബു കലാം, പശ്ചിമബംഗാൾ കുച്ച്ബിഹാർ സ്വദേശി അൽത്താഫ്മിയ (29) എന്ന വ്യാജമേൽവിലാസത്തിലാണ് കേരളത്തിൽ ദീർഘകാലമായി കഴിഞ്ഞുവന്നത്. ഡിസംബർ 17-നാണ് ഇയാൾ നെടുമ്പന മുട്ടയ്ക്കാവിൽ മൃഗീയമായി കൊലചെയ്യപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേർ ചേർന്ന് ഇയാളുടെ കഴുത്തറത്തശേഷം ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. പശ്ചിമബംഗാൾ സ്വദേശികളായ ബികാസ് സെൻ (30), അൻവർ മുഹമ്മദ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗാൾ, അസം, ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ കേരളത്തിൽ ഏറെയാണ്. സംസ്ഥാനത്ത് എത്തുന്ന ഇതരസംസ്ഥാനക്കാരുടെ വിവരശേഖരണം കർശനമാക്കിയിരുന്നെങ്കിലും നടപടികൾ പലയിടത്തും കാര്യക്ഷമമല്ല. ജോലി തേടിയെത്തുന്നവരുടെ വിവരങ്ങൾ സ്ഥാപന ഉടമകൾതന്നെ പൊലീസ് സ്റ്റേഷനിൽ നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് മിക്കപ്പോഴും പാലിക്കാറില്ല. സ്ഥാപനങ്ങളിലേക്ക് അല്ലാതെ ഏജന്റുമാർ മുഖേന കൂലിപ്പണിക്കായി എത്തുന്നവരുമുണ്ട്. ഇവരെ സംബന്ധിച്ച ഒരു വിവരവും മിക്ക പൊലീസ് സ്റ്റേഷനുകളിലുമില്ല. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടശേഷം ഒളിവിൽ പാർക്കാനെത്തുവരും ഇക്കൂട്ടത്തിലുണ്ട്. ഇതെല്ലാം പുതിയ ചർച്ചകളിൽ എത്തുന്നതാണ് കൊട്ടിയം സംഭവം.
അൽത്താഫ്മിയയുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനുവേണ്ടി കണ്ണനല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വ്യാജ ആധാർ രേഖകളടക്കമുള്ള തിരിച്ചറിയൽ കാർഡുള്ള ബംഗ്ലാദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്. ഇയാളുടെ മൃതദേഹം ഇപ്പോഴും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മേൽവിലാസം തിരിച്ചറിയുന്നതിനായി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തമാണ് നിർണ്ണായകമായത്.
കാർഡിലെ നമ്പർ വ്യാജമാണെന്ന് ആദ്യം കണ്ടെത്തി. കൊല്ലപ്പെട്ടയാളുടെ ബാഗിൽനിന്ന് പൊലീസിനു ലഭിച്ച സ്കൂൾ സർട്ടിഫിക്കറ്റും വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. ഇതേ മേൽവിലാസത്തിലുള്ള തിരിച്ചറിയൽ കാർഡിൽ പശ്ചിമബംഗാൾ സ്വദേശിയായ മറ്റൊരു ആളിന്റെ ഫോട്ടോയാണ് ഔദ്യോഗിക രേഖകളിൽ ഉള്ളത്. ഇതോടെ അന്വേഷണവുമായി മുമ്പോട്ട് പോയി. കേന്ദ്ര ഇന്റലിജനും അന്വേഷണം തുടങ്ങി.
ബംഗാളിലെത്തിയ പൊലീസ് സംഘം ഇതേ മേൽവിലാസത്തിൽ ജീവനോടെയുള്ള അൽത്താഫ്മിയയെ നേരിട്ടുകണ്ടു. ഇയാളുടെ സഹകരണത്തോടെ ദിൽഹത്ത് പൊലീസ് ഇൻസ്പെക്ടർ ദേബാശിഷ് റോയി, ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് ബംഗ്ലാദേശിലെ അതിർത്തി പ്രദേശമായ ലൽമൊനീർഹട് ജില്ലയിലെ അജിട്മാരി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട അബു കലാം ആണെന്ന് തിരിച്ചറിഞ്ഞത്.
ബംഗാൾ സ്വദേശിയായ നാരായണന്റെ സിം കാർഡാണ് കൊല്ലപ്പെട്ട അൽത്താഫ് ഉപയോഗിച്ചിരുന്നത്. ഈ ഫോണിൽനിന്ന് അതിർത്തി ഗ്രാമത്തിലെ സ്ത്രീയുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇന്ത്യയുടെ അതിർത്തിപ്രദേശമായ ദുർഗാപുർ വില്ലേജ് പഞ്ചദ്വിജി എന്ന അതിർത്തിഗ്രാമത്തിൽ നടത്തിയ അന്വേഷണത്തിലാണ് അബു കലാം എന്ന അൽത്താഫ് മിയയെക്കുറിച്ചുള്ള വിശദാംശങ്ങൾ കിട്ടിയത്.
ഡിസംബർ 17-ന് രാത്രി 11.30-നാണ് പ്രതികൾ അൽത്താഫ്മിയയെ കൊലപ്പെടുത്തിയത്. മുട്ടയ്ക്കാവ് മുടീച്ചിറയിലെ ആളൊഴിഞ്ഞ സ്ഥലത്തുെവച്ച് കഴുത്തറത്തശേഷം 300 മീറ്ററോളം താഴെയുള്ള ചതുപ്പിൽ മരിക്കുന്നതിനുമുൻപ് കുഴിച്ചുമൂടുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്. ഒന്നാംപ്രതിയായ അനോവറും ഒപ്പം താമസിക്കുന്നവരും ചേർന്നാണ് കണ്ണനല്ലൂർ സ്റ്റേഷനിലെത്തി അൽത്താഫ്മിയയെ കാണാനില്ലെന്ന് പരാതി നൽകിയത്.
നെടുമ്പന പഞ്ചായത്തിലെ മുട്ടയ്ക്കാവിൽ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരനായ അൽത്താഫ്മിയ എന്ന യുവാവിനെ സുഹൃത്തുക്കളായ അനോവർ ഇസ്ലാമും ബികാസ് സെന്നും ചേർന്ന് കഴുത്തറത്തശേഷം മരിക്കുന്നതിനുമുമ്പുതന്നെ ചതുപ്പുനിലത്തിൽ താഴ്ത്തുകയായിരുന്നു. രണ്ടുപേരും മാറിമാറി കഴുത്തറത്തശേഷം ജീവനോടെതന്നെ ചുരുട്ടിക്കെട്ടി അരമീറ്ററോളം താഴ്ചയുള്ള കുഴിയിൽ തള്ളി ചെളിയിട്ടുമൂടുകയായിരുന്നു.