- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡിഗോ വിമാനത്തിൽ മുംബൈയ്ക്കു പോകാനെത്തിയ തൃശൂർ സ്വദേശിനി; ബാഗേജിൽ എന്തെന്ന് സുരക്ഷാ ജീവനക്കാർ ചോദിച്ചപ്പോൾ പറഞ്ഞത് ബോംബ് എന്ന്; ഇൻഡിഗോ വിമാനത്തെ പരിഭ്രാന്തിയിലാക്കി വ്യാജ ബോംബ് ഭീഷണി; യുവതിയെ പൊലീസിന് കൈമാറി; നെടുമ്പാശ്ശേരിയെ 'വ്യാജന്മാർ' വലയ്ക്കുമ്പോൾ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണി ആശങ്കയായി. വ്യാജ ഭീഷണിയെത്തുടർന്ന് മുംബൈ വിമാനം പുറപ്പെടാൻ വൈകി. തൃശൂർ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. യുവതിയെ നെടുമ്പാശേരി പൊലീസിനു കൈമാറി. വിമാനം ഒരു മണിക്കൂർ വൈകിയാണ് യാത്രയായത്.
ഇൻഡിഗോ വിമാനത്തിൽ മുംബൈയ്ക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജിലെന്താണെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ബോംബാണെന്ന് പറഞ്ഞത്. ഇതാണ് ഭീതിയുണ്ടാക്കിയത്. തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധന നടത്തി. എന്നാൽ ബോംബൊന്നും കണ്ടെത്താനായില്ല. ബോംബില്ലെന്ന് ഉറപ്പിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിൽ നിന്നും പറന്നുയർന്നത്. യുവതിയെ വിശദമായി ചോദ്യം ചെയ്യും.
ദിവസങ്ങൾക്ക് മുമ്പും വിമാനത്താവളത്തിൽ സമാനസംഭവം ഉണ്ടായിരുന്നു. പത്തനംതിട്ട സ്വദേശിയായ യാത്രക്കാരൻ പരിശോധനയ്ക്കിടെ ബാഗേജിൽ ബോംബുണ്ടെന്നു പറഞ്ഞ് പരിഭ്രാന്തി പരത്തുകയായിരുന്നു. സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയപ്പോഴായിരുന്നു സംഭവം. മറ്റൊരാളുടെ ബാഗ് ജീവനക്കാർ പരിശോധിക്കുന്നതിനിടെ അതിൽ ബോംബുണ്ടെന്നായിരുന്നു ഇയാൾ പറഞ്ഞത്. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
സമാന സംഭവം കഴിഞ്ഞ മാസവും നെടുമ്പാശേരിയിൽ സംഭവിച്ചിരുന്നു. സംഭവത്തിൽ ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ അബ്ദുല്ല മുസബ് മുഹമ്മദ് അലി എന്നയാളാണ് വിമാനത്താവളത്തിൽ എത്തി ഭീഷണി ഉയർത്തിയത്. വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യാൻ എത്തിയപ്പോൾ ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞ് ഇയാൾ ബഹളം വെക്കുകയായിരുന്നു. ഇതോടെ ഇയാളെ സിഐ. എസ്.എഫ് കസ്റ്റഡിയിലെടുത്ത് ബാഗ് പരിശോധിച്ചു.
എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സമാന സംഭവമാണ് വീണ്ടും ഉണ്ടാകുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഏപ്രിലിലൽ ബോംബ് ഭീഷണി ഉയർന്നിരുന്നു. വിമാനത്താവളത്തിൽ മനുഷ്യ ബോംബായെത്തുമെന്നായിരുന്നു ആ ഭീഷണി. 10 ബിറ്റ്‌കോയിൻ എത്രയും വേഗം കിട്ടിയേ പറ്റൂവെന്നും ഇ-മെയിലിൽ ഭീഷണിയിൽ പറഞ്ഞിരുന്നു. അതിന് ശേഷം അതിശക്തമായ സുരക്ഷയാണ് നെടുമ്പാശ്ശേരിയിൽ.


