ബെംഗളൂരു: കർണാടകത്തെ നടുക്കിയ യുവതിയുടെ കൊലപാതകത്തിൽ വഴിത്തിരിവ്. കെ.ആർ. പുരത്ത് പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ കൊലപ്പെടുത്തിയശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ സംഭവത്തിലാണ് വീണ്ടും വഴിത്തിരിവുണ്ടായിരിക്കുന്നത്. അച്ഛനോടൊപ്പം ചേർന്നാണ് മകൻ അമ്മയെ കൊലപ്പെടുത്തിയതെന്നും അമ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണിതെന്നും പൊലീസ് കണ്ടെത്തി. ഇതോടെ പൊലീസ് അച്ഛനേയും അറസ്റ്റുചെയ്തു. കോലാർ സ്വദേശിയായ ചന്ദ്രപ്പ (47) ആണ് അറസ്റ്റിലായത്.

ഈമാസം രണ്ടിന് കെ.ആർ. പുരം ഭീമയ്യ ലേഔട്ടിലാണ് സംഭവം. മുൾബാഗൽ സ്വദേശിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. തുടർന്ന് 17-കാരനായ ഇവരുടെ മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. തനിക്ക് വീട്ടിൽ പരിഗണന ലഭിച്ചിരുന്നില്ലെന്നും മതിയായ അളവിൽ ഭക്ഷണം ലഭിച്ചിരുന്നില്ലെന്നുമാണ് കൊലപാതകത്തിന്റെ കാരണമായി ഇയാൾ പറയുന്നത്.

ഇത് പൂർണമായി വിശ്വസിക്കാതിരുന്ന പൊലീസ് തുടർ അന്വേഷണം നടത്തുകയായിരുന്നു. പൊലീസ് നടത്തിയ വിശദപരിശോധനയിലാണ് ചന്ദ്രപ്പയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്. നേത്രയെ മർദിച്ച് കൊല്ലാനുപയോഗിച്ച ഇരുമ്പുവടിയിൽ ചന്ദ്രപ്പയുടെ വിരലടയാളം പൊലീസ് കണ്ടെത്തി.

തുടർന്ന് നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് താനും മകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ചന്ദ്രപ്പ സമ്മതിച്ചത്. നേത്രയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ചന്ദ്രപ്പയും നേത്രയും നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. മകനും നേത്രയെ ചോദ്യം ചെയ്തിരുന്നു.

പ്രായപൂർത്തിയാകാത്തതിനാൽ കുറഞ്ഞ ശിക്ഷയേ ലഭിക്കുകയുള്ളൂവെന്ന് കരുതിയാണ് മകൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റം ഏറ്റെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് കെ.ആർ. പുരം പൊലീസ് അറിയിച്ചു.