- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യവ്യക്തിക്ക് പഞ്ചായത്ത് ഭൂമി കൈയേറാൻ ഒത്താശ; സർവേ തടസപ്പെടുത്താൻ ഇടപെടൽ; എസ് സി കോളനിയിലൂടെ സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്കു റോഡുണ്ടാക്കാൻ കളക്ടറെ തെറ്റിദ്ധരിപ്പിച്ച് കത്ത്; സിപിഎമ്മിന്റെ സമ്മർദ്ദത്തിൽ, തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് വഴിവിട്ട നീക്കം നടത്തുന്നതായി ആരോപണം
കോഴിക്കോട്: കാരശേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന കുമാരനല്ലൂർ തടപ്പറമ്പ് നാലുസെന്റ് എസ് സി കോളനിയിലെ പഞ്ചായത്ത് ഭൂമി സ്വകാര്യവ്യക്തിക്ക് കൈയേറാൻ തിവുവമ്പാടി എം എൽ എ ലിന്റോ ജോസഫിന്റെ ഒത്താശ. വർഷങ്ങൾക്ക് മുൻപ് നാലു സെന്റ് കോളനിക്കായി ഒരു ഏക്കർ സ്ഥലമാണ് പഞ്ചായത്ത്് മാറ്റിവെച്ചിരുന്നത്. ഇവിടെ നാലു സെന്റ് വീതം സ്ഥലം ലഭിച്ച 20 കുടുംബങ്ങൾ വീടുവെച്ച് താമസിച്ചുവരികയാണ്. ഒരു ഏക്കറിൽ വീടിനായി അനുവദിക്കപ്പെട്ട 80 സെന്റ് സ്ഥലം കഴിഞ്ഞ് മിച്ചമുള്ള 20 സെന്റ് ഭൂമി ഭാവിയിലെ ഉപയോഗങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ ഭൂമിയാണ് മതിരൂർ ചാലിൽ റുഖിയ എന്നവർ കൈയേറിയത്.
ഈ വിഷയത്തിൽ കോളനിക്കാർ സമർപ്പിച്ച കൈയേറ്റം ഒഴിപ്പിക്കാമെന്ന അപേക്ഷയിൽ രണ്ടു തവണ സർവേയർ സ്ഥലം അളക്കാനായി എത്താമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോളനി നിവാസിയായ തെക്കേടത്ത് യൂസുഫ് നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് സ്ഥലം എം എൽ എ സർവേയറെ അയക്കുന്നത് നിർത്തിവെക്കാൻ ഫോൺ മുഖാന്തിരം ഇടപെട്ടതായി തെളിഞ്ഞിരിക്കുന്നത്. കോഴിക്കോട് താലൂക്ക് തഹസിൽദാർ കലക്ടർക്ക് നൽകിയ ഇതു സംബന്ധിച്ച വിശദീകരണത്തിലാണ് എം എൽ എ ഇടപെട്ടതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
മൂന്നു വർഷം മുൻപ് 2019ലായിരുന്നു കോളനി ഭൂമി, സ്വകാര്യവ്യക്തി കൈയേറിയതിനെതിരേ കോളനിക്കാർ പരാതി നൽകിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി 10ന് പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ തുടർ നടപടി ഉണ്ടാവാതിരുന്നതിനെ തുടർന്ന് വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തെക്കേടത്ത് യൂസുഫ് ഡെപ്യൂട്ടി ഡയരക്ടർ ഓഫ് പഞ്ചായത്തിന് 2021 ജൂൺ മാസം എട്ടാം തിയ്യതി പരാതി നൽകിയിരുന്നു. കൈയേറപ്പെട്ടിരിക്കുന്ന കോളനി ഭൂമി എത്രയാണെന്ന് അതിരുകൾ വ്യക്തമല്ലാത്തതിനാൽ സർവേയറെ വിട്ട് അളന്ന് തിട്ടപ്പെടുത്തി കൈയേറ്റം എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പഞ്ചായത്ത് സെക്രട്ടറിക്കും ഡെപ്യൂട്ടി ഡയരക്ടർ ഓഫ് പഞ്ചായത്തിനുമെല്ലാം പരാതി നൽകിയത്.
ഇതിൽ രണ്ടു തവണ സർവേയറെ ചുമതലപ്പെടുത്തിയതായി പരാതിക്കാരനായ യൂസുഫിന് രേഖാമൂലം അധികാരികളിൽ നിന്ന് വിവരം ലഭിച്ചിട്ടും സർവേ നടക്കാതെ വന്നതോടെയാണ് ഉന്നതതലത്തിൽ കൈയേറ്റക്കാർക്ക് അനുകൂലമായി ചില ഇടപെടലുകൾ നടക്കുന്നതായി സംശയം തോന്നിയത്. ഇതോടെയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. കോളനിക്കാരുടെ റോഡ് സ്വന്തമാക്കി തന്റെ വസ്തുവിലേക്ക് വഴിയുണ്ടാക്കാൻ ശ്രമിച്ച പ്രവാസി വ്യവസായിയാണ് തന്റെ മാതാവായ റുഖിയയുടെ പേരിൽ ഭൂമി വാങ്ങിയത്. ഇവരുടെ ഭർത്താവായ മതിരൂർ ചാലിൽവീട്ടിൽ എം സി ആലിയെ പ്രതിയാക്കിയായിരുന്നു യൂസുഫ് പരാതി നൽകിയിരുന്നത്.
പ്രവാസി വ്യവസായിയുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ വൻ രാഷ്ട്രീയ ഇടപെടൽ നടത്തുകയും മുക്കം പൊലിസിനെ സ്വാധീനിച്ച് കോളനി നിവാസികൾക്കെതിരേ നിരവധി കേസുകൾ നൽകുകയും ചെയ്തിരുന്നു. വ്യക്തമായ അതിരോടു കൂടിയ കോളനിക്കാരുടെ ഭൂമി കൈയേറുന്നതിനൊപ്പം ഇതിനോട് ചേർന്ന് പണ്ടു മുതലെ ഉണ്ടായിരുന്ന അറുനൂറു മീറ്റർ നീളമുള്ള ആറു സെന്റിലധികമുള്ള മൂന്നടി നടവഴിയും പ്രതികൾ സ്വന്തം ഭൂമിയോട് കൂട്ടിച്ചേർത്ത് അതിര് പ്രത്യക്ഷത്തിൽ ഇല്ലാതാക്കുകയായിരുന്നു. ഇതിന് രാഷ്ട്രീയക്കാരുടെയും പൊലിസിന്റെയും ഒത്താശയും ലഭിച്ചിരുന്നു.
മുക്കം, തിരുവമ്പാടി മേഖലകളിലെ സി പി എം നേതൃത്വം ഭൂമി പ്രശ്നത്തിൽ ഉൾപ്പെടെ അവിഹിതമായ കാര്യങ്ങൾക്ക് ആവശ്യക്കാരിൽ നിന്ന് വൻതുക കൈപറ്റുന്നതായി നേരത്തെ തന്നെ ആരോപണം നിലനിന്നിരുന്നു. ഈ ആരോപണങ്ങളാണ് ഇപ്പോൾ ഒന്നൊന്നായി സത്യമായിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തിലും നിയമസഭാ സാമാജികനായുമെല്ലാം വേണ്ടത്ര പരിചയം സിദ്ദിഖാത്ത ചെറുപ്പക്കാരനായ എം എൽ എയെ പാർട്ടി നേതാക്കൾ നിയമവിരുദ്ധമായ പല കാര്യങ്ങളും ചെയ്യാൻ നിർബന്ധിക്കുന്നതാണ് ഇവിടെ എം എൽ എക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയരാൻ ഇടയാക്കുന്നതെന്നാണ് പ്രദേശവാസികളിൽ ചിലർ പറയുന്നത്. സി പി എം നേതാക്കളിൽ ചിലർ തന്നെ ഇക്കാര്യം രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.
ഇതേ എസ് സി കോളനിയിലൂടെ സ്വകാര്യവ്യക്തിയുടെ ഒന്നര ഏക്കർ ഭൂമിയിലേക്കു റോഡുണ്ടാക്കാൻ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് കലക്ടറെ തെറ്റിദ്ധരിപ്പിച്ച് കത്തു നൽകിയ വിവരം കഴിഞ്ഞ മാസം 30ന് മറുനാടൻ പുറത്തുവിട്ടിരുന്നു. കോളനി നിവാസികൾ നൽകിയ വിവരാവകാശ രേഖക്കുള്ള മറുപടിയായാണ് എം എൽ എ കലക്ടർക്ക് നൽകിയ കത്തും പുറത്തായത്. കോളനി നിവാസിയായ യൂസുഫായിരുന്നു വിവരാവകാശ നിയമപ്രകാരം അന്നും അപേക്ഷ നൽകിയത്.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എം എൽ എ രാജിവയ്ക്കണമെന്ന് കോളനി സംരക്ഷണ സമിതി അന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അടിക്കടി ആരോപണങ്ങൾ ഉണ്ടാവുന്നത് എം എൽ എയുടെ നിലനിൽപ്പിനെതന്നെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. സി പി എം ഭരിച്ചിരുന്ന കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് റോഡുണ്ടാക്കാൻ ശ്രമം നടന്നത്. ഈ ഭൂമിയിലേക്കു സ്വന്തമായി റോഡുണ്ടെങ്കിലും വിവിധ പ്ലോട്ടുകളാക്കി വൻതുകക്ക് വിൽക്കാൻ ലക്ഷ്യമിട്ടാണ് കോളനിയിലേക്കു മാത്രമായുള്ള റോഡ് കൈയേറാൻ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിൽ നീക്കം നടത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്