മലപ്പുറം: നവജാത ശിശുവിന്റെ വായ മൂടിക്കെട്ടി അലമാരയിൽ ഒളിപ്പിച്ചുകൊന്ന ശേഷം ക്രൂരമായ രീതയിൽ പ്രവർത്തിച്ച മാതാവ് കസ്റ്റഡിയിൽ. മലപ്പുറം തിരൂർ കന്മനം ചെനക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് പിടിയിലായത്. കന്മനം സ്വദേശി ഇരിങ്ങാവൂരിലെ 29കാരിയാണ് കസ്റ്റഡിയിലുള്ളത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രതി വെള്ളിയാഴ്ച പ്രസവിക്കുകയും തുടർന്ന് കുഞ്ഞിന്റെ വായ മൂടിക്കെട്ടി അലമാരയിൽ ഒളിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ വീട്ടിൽ മാലിന്യം കത്തിക്കുന്ന കുഴിയിലിട്ട് മൃതദേഹം കത്തിച്ചു. പക്ഷേ, മഴ പെയ്തത് കാരണം മൃതദേഹം പൂർണ്ണമായി കത്തിയില്ല. തുടർന്ന് മൃതദേഹം നായ്ക്കൾ കടിച്ചു കീറുകയും കുഴിയിൽ നിന്നു ദുർഗന്ധം വമിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പങ്ക് മനസിലായത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഡോക്ടർമാർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ പൊലീസിന് അറസ്റ്റ് ഉൾപ്പെടെയുള്ള മറ്റു നടപടികളിലേക്ക് കടക്കാനാവൂ. മൂത്ത കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട് ഗൾഫിലുള്ള ഭർത്താവുമായി നിരന്തരം പ്രശ്നങ്ങൾ തുടരവേയാണ് ഈ കുട്ടിയുടെ ജനനം. പുതിയ കുട്ടിയെച്ചൊല്ലിയും പ്രശ്നങ്ങളുണ്ടാവുമെന്നതിനാലാണ് കുട്ടിയുടെ ജനനം മറച്ചു വച്ചതും കൊലപ്പെടുത്തിയതെന്നുമാണ് നിഗമനം.

കഴിഞ്ഞ ദിവസമായ തിരൂർ കന്മനത്ത് നായകൾ കടിച്ചു കീറിയ നിലയിൽ നവജാത ശിശുവിന്റെ മൃതശരീരം പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നത്. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. . മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്താണ് ഉണ്ടായിരുന്നത്. താനൂർ ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ മേൽനോട്ടത്തിൽ കൽപകഞ്ചേരി പൊലീസാണ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നത്.