- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹിക മാധ്യമത്തിലൂടെ പരിചയം പ്രണയമായി; എതിർപ്പുമായി ബന്ധുക്കൾ; മുംബൈയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചത്, ബന്ധുക്കൾ മർദിച്ചതിന്റെ പ്രതികാരം; ഒളിവിൽപോയ പ്രതികൾ ഗുജറാത്തിൽ അറസ്റ്റിൽ
മുംബൈ: മുംബൈ അന്ധേരി സ്വദേശിനിയായ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച ശേഷം ഒളിവിൽ പോയ രണ്ടു പ്രതികൾ ഗുജറാത്തിൽ അറസ്റ്റിൽ. പതിനഞ്ചു വയസ്സുകാരിയായ വൻഷിത റാത്തോഡിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് സന്തോഷ് മാക്വാന(21), കൂട്ടാളി വിശാൽ അൻഭാവനെ എന്നിവരെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ ഗുജറാത്തിൽനിന്നാണ് പിടികൂടിയതെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ സന്തോഷിനെ മുൻപ് മർദിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് 25-ാം തീയതിയാണ് അന്ധേരിയിലെ സ്‌കൂൾ വിദ്യാർത്ഥിനിയായ വൻഷിതയെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയ പെൺകുട്ടി തിരികെവരാതിരുന്നതോടെ വീട്ടുകാർ അന്ധേരി പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് ഓഗസ്റ്റ് 26-ാം തീയതി പാൽഘറിൽ മുംബൈ-അഹമ്മദാബാദ് ഹൈവേയ്ക്ക് സമീപം സ്യൂട്ട്കേസിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുണിയിൽ പൊതിഞ്ഞനിലയിലാണ് സ്യൂട്ട്കേസിൽ ഒളിപ്പിച്ചിരുന്നത്. സ്‌കൂൾ യൂണിഫോമും സ്യൂട്ട്കേസിലുണ്ടായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ അന്ധേരിയിൽനിന്ന് കാണാതായ വൻഷിതയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട വൻഷിതയും കാറ്ററിങ് സ്ഥാപനത്തിലെ തൊഴിലാളിയായ സന്തോഷും എട്ടുമാസം മുമ്പ് സാമൂഹികമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം സന്തോഷിനൊപ്പം വൻഷിതയെ ബന്ധുക്കൾ ഒരിടത്തുവെച്ച് കണ്ടിരുന്നു. തുടർന്ന് സന്തോഷുമായി ഒരു ബന്ധവും പാടില്ലെന്ന് വൻഷിതയ്ക്ക് ബന്ധുക്കൾ മുന്നറിയിപ്പ് നൽകി. സന്തോഷിനെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മർദിക്കുകയും ചെയ്തു. പക്ഷേ, ഇതിനുശേഷവും ഇരുവരും തമ്മിൽ കാണുന്നതും സംസാരിക്കുന്നതും തുടർന്നു.
ഓഗസ്റ്റ് 25-ാം തീയതി സ്‌കൂളിലെത്തിയ വൻഷിതയെ ഉച്ചയ്ക്ക് മുമ്പേ സന്തോഷ് എത്തി കൂട്ടിക്കൊണ്ടുപോയി. ബാഗിൽ മറ്റുവസ്ത്രങ്ങൾ കരുതിയിരുന്ന പെൺകുട്ടി സ്‌കൂൾ യൂണിഫോം മാറ്റി ഈ വസ്ത്രങ്ങൾ ധരിച്ചാണ് പോയത്. തുടർന്ന് ഉച്ചയ്ക്ക് 12.15-ഓടെ ഇരുവരും ജുഹുവിലെ ഒരു കുടിലിൽ എത്തി. ഇവിടെവച്ചാണ് സുഹൃത്തായ വിശാലിന്റെ സാന്നിധ്യത്തിൽ സന്തോഷ് പെൺകുട്ടിയെ കുത്തിക്കൊന്നത്. വായ പൊത്തിപ്പിടിച്ച ശേഷം പെൺകുട്ടിയുടെ ശരീരത്തിൽ മാരകമായി കുത്തിപരിക്കേൽപ്പിച്ചെന്നാണ് റിപ്പോർട്ട്.
കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ മൃതദേഹം വലിയ സ്യൂട്ട്കേസിലാക്കി ഇരുവരും അന്ധേരിയിൽനിന്ന് നായ്ഗാവിലേക്ക് ട്രെയിൻ കയറി. റോഡരികിൽ ഈ സ്യൂട്ട്കേസ് ഉപേക്ഷിക്കുകയും ചെയ്തു. മൃതദേഹം ഉപേക്ഷിച്ചതിന് പിന്നാലെ പ്രതികൾ വാസി മേഖലയിലേക്കാണ് പോയത്. ഇവിടെവെച്ച് പുതിയ വസ്ത്രങ്ങൾ ധരിച്ച് വിരാർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തി. തുടർന്ന് ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് ട്രെയിനിൽ യാത്രതിരിച്ചു. ഇതിനായി നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അമ്മയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് വിറ്റാണ് സന്തോഷ് യാത്രചെലവിനുള്ള പണം കണ്ടെത്തിയത്.
യാത്രയ്ക്കിടെ പ്രതികളായ രണ്ടുപേരുടെയും മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നു. കശ്മീരിൽനിന്ന് ഇരുവരും ഗുജറാത്തിലേക്കാണ് എത്തിയത്. തുടർന്ന് ഏതാനുംദിവസം റോഡരികിലും മറ്റും കഴിച്ചുകൂടി. പിന്നീടാണ് രണ്ടുപേരും പാലൻപുരിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലെ സുഹൃത്തായ സന്തോഷിനെ പൊലീസ് ആദ്യഘട്ടത്തിൽതന്നെ സംശയിച്ചിരുന്നു. ഇയാളും സുഹൃത്തും സ്യൂട്ട്കേസുമായി പോകുന്ന ചില സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. എന്നാൽ കൃത്യം നടത്തിയതിന് പിന്നാലെ ഒളിവിൽപോയ ഇയാളെ ആദ്യദിവസങ്ങളിൽ കണ്ടെത്താനായില്ല.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെയും ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസിന് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഗുജറാത്ത് പൊലീസിന്റെ സഹായത്തോടെ രണ്ടുപേരെയും പിടികൂടുകയായിരുന്നു.
വൻഷിതയുടെ കുടുംബാംഗങ്ങൾ മർദിച്ചതിന്റെ പ്രതികാരമായാണ് സന്തോഷ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇതിനായി തൊഴിൽരഹിതനായ കൂട്ടുകാരൻ വിശാലിനെയും ഇയാൾ കൂടെക്കൂട്ടുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കഴിഞ്ഞദിവസം ജുഹുവിലെ കുടിലിൽനിന്ന് പൊലീസ് കണ്ടെടുത്തു. സംഭവസമയം പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും തെളിവെടുപ്പിൽ കണ്ടെടുത്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക്