- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതിക്കാരിയുമായി എൽദോസിന്റെ പെരുമ്പാവൂരിലെ വീട്ടിലും കളമശേരിയിലെ മറ്റൊരു വീട്ടിലും തെളിവെടുപ്പ്; നാലു മണിക്കൂറോളം പരിശോധന; പീഡനത്തിന് ഇരയാക്കിയ സമയത്ത് വീട്ടിൽ സി.സി.ടിവി ഇല്ലായിരുന്നുവെന്ന് യുവതി
പെരുമ്പാവൂർ: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ പെരുമ്പാവൂർ പുല്ലുവഴിയിലെ വീട്ടിൽ പരാതിക്കാരിയായ യുവതിയെ എത്തിച്ച് തെളിവെടുത്തു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ. എസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് രാവിലെ 11.30 ഓടെ യുവതിയുമായി പെരുമ്പാവൂർ പുല്ലുവഴിയിലെ എംഎൽഎയുടെ വീട്ടിലെത്തിയത്.
പൂട്ടിക്കിടന്ന വീട് എംഎൽഎയുടെ ഡ്രൈവർ അഭിജിത്ത് പരിശോധനക്കായി തുറന്നു കൊടുത്തു. നാലു മണിക്കൂറോളം വീടിനകത്ത് പരിശോധന നടത്തി. തുടർന്ന് അന്വേഷണ സംഘം ഇവിടെ നിന്നും കളമശേരിയിലേക്കാണ് പോയത്. പരാതിക്കാരിയുമായി പൊലീസ് സംഘം എത്തുന്നത് അറിഞ്ഞ് രാവിലെ തന്നെ എം എൽ എ യുടെ വീടിന് മുമ്പിൽ നാട്ടുകാർ തടിച്ചു കൂടിയിരുന്നു. .
സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി.യുടെ ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചു. തന്നെ പീഡിപ്പിച്ച മുറി യുവതി അന്വേഷണ ഉദ്യോഗസ്ഥർക്കു കാണിച്ചു കൊടുത്തു. തന്നെ പീഡിപ്പിച്ച സമയത്തൊന്നും എംഎൽഎയുടെ വസതിയിൽ സി.സി.ടി.വി. ഇല്ലായിരുന്നുവെന്നാണ് യുവതി പൊലിസിനെ അറിയിച്ചതായിട്ടാണ് സൂചന.
പി.ആർ വർക്ക് മുഖേനയല്ല എംഎൽഎ.യുമായി പരിചയപ്പെട്ടതെന്ന് യുവതി തുടർന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ എൽദോസ് കുന്നപ്പിള്ളി തന്നെ ഈ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
എൽദോസും കുടുംബവും താമസിക്കുന്ന വീടാണിത്. മറ്റാരും വീട്ടിൽ ഇല്ലാത്തപ്പോഴാണ് എൽദോസ് തന്നെ ഇവിടെ എത്തിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. കളമശ്ശേരിയിലെ പൈപ്പ്ലൈൻ റോഡിലെ മറ്റൊരു വീട്ടിലും ക്രൈംബ്രാഞ്ച് സംഘം യുവതിയുമായി തെളിവെടുപ്പ് നടത്തി.
വൈകിട്ട് അഞ്ച് മണിയോടെ ഇവിടെ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഉടമയായ പെരുമ്പാവൂർ സ്വദേശിയെ വിളിച്ചറിയിച്ചതോടെ ആറ് മണിക്ക് ശേഷമാണ് വീട് തുറന്നത്.
പല തവണ എംഎൽഎ ഇവിടെ വച്ചും പീഡിപ്പിച്ചതായാണ് യുവതിയുടെ മൊഴി.തൃക്കാക്കര ഉപതിരഞ്ഞെടുപ്പു വേളയിൽ എംഎൽഎ ഇവിടെ വന്നിരുന്നതായി നാട്ടുകാർ പറയുന്നു. രാത്രിയോടെ തെളിവെടുപ്പ് പൂർത്തിയാക്കി സംഘം മടങ്ങി. ക്രൈംബ്രാഞ്ച് എസ്‌ഐമാരായ എസ്.ജയകുമാർ, രതീഷ്, സന്തോഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് യുവതിയുമായി തെളിവെടുപ്പിനെത്തിയത്.
ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എൽദോസ് നവംബർ ഒന്നിന് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്നതടക്കം 11 കർശന ഉപാധികളോടെയാണ് ജാമ്യം. ഫോണും പാസ്‌പോർട്ടും സറണ്ടർ ചെയ്യണം. രാജ്യം വിടരുത്. അഞ്ചുലക്ഷം രൂപയോ തത്തുല്യമായ രണ്ട് ആൾ ജാമ്യമോ എടുക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ ഇരയെ ഭീഷണിപ്പെടുത്താനോ പാടില്ല. മറ്റന്നാൾ മുതൽ നവംബർ 1 വരെയുള്ള സമയത്തിനിടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഇതോടെ എംഎൽഎ 11 ദിവസത്തിന് ശേഷം ഒളിവിൽ നിന്ന് പുറത്തുവരുമെന്നുറപ്പായി.
അതേസമയം എൽദോസിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരി എന്ന പേരിൽ തന്റെ ചിത്രം പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് യുവനടി പൊലീസിൽ പരാതി നൽകി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസും സൈബർ സെല്ലും അന്വേഷണം തുടങ്ങി. നടിയുടെ ചിത്രം വാട്‌സ് ആപ് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപെടുത്തുന്നുവെന്നാണ് ആരോപണം. ഇത്തരം അക്കൗണ്ടുകൾ നിരീക്ഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാലാരവട്ടം പൊലീസ് വ്യക്തമാക്കി.
മറുനാടന് മലയാളി ലേഖകന്.