ഹൈദരാബാദ്: ബിജെപിക്കു വേണ്ടി എംഎൽഎമാരെ കൂറുമാറ്റാനുള്ള 'ഓപ്പറേഷൻ താമര'യ്ക്കു ചുക്കാൻ പിടിച്ചെന്ന തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ആരോപണം ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നിഷേധിച്ചെങ്കിലും കരുക്കു മുറുകും.. തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്ന് തുഷാർ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ആരോപണം നിഷേധിച്ച് ബിജെപിയും രംഗത്തെത്തി. എന്നാൽ എംഎൽഎമാരുമായി തുഷാർ സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഫോൺ സംഭാഷണം ടിആർഎസ് പുറത്തുവിട്ടതോടെ ആരോപണത്തിൽ തുഷാർ കൂടുതൽ വെട്ടിലായി. ഈ സാഹചര്യത്തിൽ തുഷാറിനെതിരെ കേസെടുത്തേക്കും.

തുഷാർ വെള്ളാപ്പള്ളിയെ അഭിസംബോധന ചെയ്തു തുടങ്ങുന്ന സംഭാഷണത്തിൽ ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷുമായി എംഎൽഎമാരെ കൂടിക്കാഴ്ചയ്ക്കു ക്ഷണിക്കുന്നുണ്ട്. ബി.എൽ.സന്തോഷുമായി കൂടിയാലോചിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാമെന്നും ഫോൺ വിളിക്കുന്നയാൾ പറയുന്നു. എന്നാൽ ഇത് തുഷാറാണോയെന്നത് ഉറപ്പിച്ചിട്ടില്ല. ഈ കേസ് തെലുങ്കാന പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തുഷാർ വെള്ളാപ്പള്ളിയുടെ ശബ്ദ പരിശോധന നടത്തും. അതിന് ശേഷം അറസ്റ്റു ചെയ്യാനും സാധ്യത ഏറെയാണ്. അതിനിടെ തെലുങ്കാനാ സർക്കാരിനെ സ്വാധീനിച്ച് തുഷാറിനെ രക്ഷിച്ചെടുക്കാനും നീക്കം സജീവമാണ്. കേരളത്തിലെ ഭരണ നേതൃത്വത്തിലെ ഉന്നതർ തന്നെ ഇതിനുള്ള ഇടപെടൽ നടത്തും.

കേരളത്തിലെ പ്രബലമായ സമുദായ സംഘടനയാണ് എസ് എൻ ഡി പി. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലെ സംഘടന. സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ തുഷാറിന്റെ പേരും ഉയർന്നു വന്നു. എന്നാൽ എസ് എൻ ഡി പി ജനറൽ സെക്രട്ടറിയുടെ മകനെതിരെ ചെറുവിരൽ ആരും അനക്കിയില്ല. ദുബായിലെ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കത്തെഴുതി. പ്രവാസി മലയാളികളുടെ പിന്തുണ കൂടിയായപ്പോൾ അവിടേയും രക്ഷപ്പെട്ടു. എന്നാൽ തെലുങ്കാനയിലെ ടി ആർ എസ് അത്തരത്തിൽ സ്വാധീനിക്കുക എളുപ്പമല്ല. എങ്കിലും കേരളത്തിലെ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം തെലുങ്കാന മുഖ്യമന്ത്രിക്കുണ്ട്. അതുപയോഗിച്ച് തുഷാറിനെ കേസിൽ പ്രതിയാക്കാതിരിക്കാനുള്ള സമർദ്ദം ചില കേ്ന്ദ്രങ്ങൾ തുടരുകയാണ്.

4 എംഎൽഎമാർക്കു കൂറുമാറാൻ ഇടനിലക്കാർ 100 കോടി വാഗ്ദാനം നൽകിയെന്നാണു ടിആർഎസിന്റെ ആരോപണം. അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും കെസിആർ കഴിഞ്ഞ ദിവസം പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണു തെലങ്കാന സർക്കാരിന്റെ തീരുമാനം. തെളിവുകൾ തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി. സുപ്രീംകോടതിയിലെ കേസിലെ വിധി തുഷാറിനും നിർണ്ണായകമാണ്.

ബിആർഎസ് എന്ന പേരിൽ ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ച ചന്ദ്രശേഖര റാവുവിന് ഈ സംഭവത്തോടെ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ സ്വീകാര്യത കൂടുമെന്നാണു വിലയിരുത്തൽ. എട്ടു സംസ്ഥാനങ്ങളിൽ ഇതേസംഘം എംഎൽഎമാരെ കൂറുമാറ്റിയിട്ടുണ്ടെന്ന് അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ട്. രാജസ്ഥാനിലും ഡൽഹിയിലും ആന്ധ്രപ്രദേശിലും ഓപ്പറേഷൻ താമര സജീവാണെന്നു ഇടനിലക്കാർ പറയുന്ന ദൃശ്യങ്ങളും കെസിആർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

തെലങ്കാന രൂപവത്കരിച്ച ശേഷം തുടർച്ചായി സംസ്ഥാനം ഭരിക്കുന്ന ടി.ആർ.എസിനെ ഏതു വിധേനയും പുറത്താക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഭരണം അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങളുടെ തെളിവുകളുമായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നേരത്തെ രംഗത്തെത്തിയിരുന്നു. ടി.ആർ.എസ് എംഎ‍ൽഎമാരെ ചാക്കിട്ടുപിടിക്കാൻ തുഷാർ വെള്ളാപ്പളി നൂറ് കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് ആരോപിക്കപ്പെട്ടത്. നാല് എംഎ‍ൽഎമാരെ ചാക്കിട്ട് പിടിക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് തുഷാറാണെന്നാണ് പ്രധാന ആരോപണം. എംഎ‍ൽഎമാരെ സ്വാധീനിക്കാൻ പണവുമായി എത്തിയ മൂന്ന് ഏജന്റുമാരെ കഴിഞ്ഞ ദിവസമാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു എംഎ‍ൽഎക്ക് നൂറുകോടി എന്നതായിരുന്നു വാഗ്ദാനം. ഇങ്ങനെ എംഎ‍ൽഎമാർക്ക് പണം നല്കുന്നതിന്റ ദൃശ്യങ്ങളാണ് ചന്ദ്രശേഖര റാവു പുറത്തുവിട്ടിരുന്നത്. എന്നാൽ ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി രംഗത്ത് വന്നു. പുറത്ത് വിട്ട ദൃശ്യങ്ങൾ വ്യാജമാണെന്നായിരുന്നു കിഷൻ റെഡ്ഡിയുടെ വാദം. നിലവിൽ കേരള എൻ.ഡി.എ കൺവീനറാണ് തുഷാർ.