മൂലമറ്റം: അറക്കുളം ഗ്രാമ പഞ്ചായത്ത് അസി. എഞ്ചിനീയർ ബാബുരാജ് ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പിനെചൊല്ലി വിവാദം കത്തുന്നു. ബാബു രാജിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. അറക്കുളം പഞ്ചായത്തിലെ കൈക്കൂലിയും അഴിമതിയും ചോദ്യം ചെയ്തതിന്റെ പേരിൽ തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആത്മഹത്യാ കുറിപ്പിൽ ബാബുരാജ് വെളിപ്പെടുത്തിയത്. ആവോലി പുറത്തേട്ട് പി.ആർ ബാബു രാജ് (52) നെ ബുധനാഴ്ച രാവിലെ ആറരയോടെ ആവോലിയിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

അറക്കുളം പഞ്ചായത്ത് നാലാം വാർഡ് മെമ്പറും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ കെ.എൽ.ജോസഫിനും പഞ്ചായത്തിലെ ഒരു സഹപ്രവർത്തകനുമെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്. കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുമെന്ന് പഞ്ചായത്തംഗവും ഒരു സഹപ്രവർത്തകനും തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായാണ് ആത്മഹത്യാ കുറിപ്പിൽ ബാബുരാജ് പറയുന്നത്.

അറക്കുളം പഞ്ചായത്തിലെ ഒരു പഞ്ചായത്തംഗവും സഹപ്രവർത്തകനും തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആത്മഹത്യാ കുറിപ്പിൽ ബാബുരാജ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഈ ആത്മഹത്യാ കുറിപ്പ് അടുത്ത ബന്ധുക്കളെ പൊലീസ് വായിച്ച് കേൾപ്പിച്ചിരുന്നു. സാമ്പത്തിക ബാധ്യതകളോ മറ്റ് കുടുംബ പ്രശ്‌നങ്ങളോ ഇല്ലാതിരുന്ന ബാബുരാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും നീതി ലഭിച്ചില്ലങ്കിൽ കോടതിയെ സമീപി്ക്കുമെന്നും ബന്ധുക്കൾ പറയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ബാബുരാജിന്റെ വീട്ടിലെത്തി ഭാര്യയുടെയും സഹോദരങ്ങളുടെയും മൊഴിയെടുത്തിരുന്നു. ബാബുരാജിന്റെ അത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്ന വാഴക്കുളം പൊലീസാണ് ആവോലിയിലെ വീട്ടിലെത്തി മൊഴിയെടുത്തത്. മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ സഹപ്രവർത്തകനും പഞ്ചായത്ത് അംഗവും ഭീഷണിപ്പെടുത്തിയ വിവരം പറഞ്ഞിരുന്നതായി ഭാര്യയും സഹോദരങ്ങളും മൊഴി നൽകി. സാമ്പത്തികമായോ കുടുംബപരമായോ ബാബുരാജിന് യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ സൂചിപ്പിച്ചു. പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നാണ് ബാബുരാജിന്റെ സഹോദരങ്ങളായ ദേവരാജും, ഡോ. ഉണ്ണികൃഷ്ണനും പറഞ്ഞത്.

ബാബുരാജിന്റെ ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇതിൽ അറക്കുളത്തെ ഗ്രാമപഞ്ചാത്തംഗം ഉൾപ്പെടെയുള്ളവർക്കെതിരെ പരാമർശം ഉണ്ടെന്നും വാഴക്കുളം പൊലീസ് സ്ഥിരീകരിച്ചു. കത്ത് കണ്ടെടുത്തപ്പോൾ തന്നെ സ്ഥലത്തുണ്ടായിരുന്ന ബന്ധുക്കളേയും ജനപ്രതിനിധികൾ ഉൾപ്പെടെയും വായിച്ച് കേൾപ്പിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

കത്തിലെ പരാമർശത്തെ കുറിച്ചും അതിൽ പറയുന്ന വ്യക്തികളെ കുറിച്ചും അന്വേഷണം ആരംഭിച്ചിതായാണ് സൂചന. അസ്വഭാവിക മരണത്തിനാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. ഭാര്യയുൾപ്പെടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

അറക്കുളം പഞ്ചായത്തിൽ എത്തി സഹപ്രവർത്തകരിൽ നിന്നുൾപ്പെടെ അന്വേഷണ സംഘം വരും ദിവസങ്ങളിൽ മൊഴിയെടുക്കും. കത്തിൽ പേര് പരാമർശിക്കുന്നവരെ സ്റ്റേഷനിൽ വിളിച്ച് വരുത്തി മൊഴിയെടുക്കും. ബാബുരാജിന്റെ ആത്മഹത്യ കുറിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാശ്യപെട്ട് വിവിധ സർവീസ് സംഘടനകളും പൊലീസിനെ സമീപിച്ചിട്ടുണ്ട്.

ആരോപണ വിധേയരായ പഞ്ചായത്ത് അംഗത്തിനും സഹപ്രവർത്തകനും എതിരെ ബിജെപി പഞ്ചായത്ത് അംഗം പി.എ.വേലുക്കുട്ടൻ നേര്‌തെ രംഗത്ത് വന്നിരുന്നു. ഇരുവരും അസിസ്റ്റന്റ് എഞ്ചിനീയറെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വേലുക്കുട്ടന്റെ ആരോപണം.

എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പഞ്ചായത്ത് അംഗവുമായ കെ.എൽ. ജോസഫിന്റെ വാദം. തനിക്കെതിരെ ആത്മഹത്യാ കുറിപ്പെഴുതിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അത്തരത്തിൽ ഒരു കത്തില്ലെന്നും കെ.എൽ. ജോസഫ് പറയുന്നു.

അസിസ്റ്റന്റ് എൻജിനീയറും താനും നല്ല സൗഹൃദത്തിലായിരുന്നു. തന്റെ വാർഡിലെ ജോലിയുമായി ഒരു പരാതിയും ഉണ്ടായിട്ടില്ല. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണന്നും ജോസഫ് മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

ഗ്രാമപഞ്ചായത്തംഗത്തിനും സഹപ്രവർത്തകനുമെതിരെ ഗുരുതര പരാമർശങ്ങളടങ്ങിയ മൂന്ന് പേജ് ആത്മഹത്യാ കുറിപ്പ് എഴുതി വച്ചിട്ടാണ് ബാബു രാജ് ജീവനൊടുക്കിയത്. ബാബുവിന്റെ നാലാം ക്ലാസിൽ പഠിക്കുന്ന ഇളയകുട്ടിയാണ് തൂങ്ങി നിൽക്കുന്ന മൃതദേഹം ആദ്യം കണ്ടത്.

കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികളും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ ഓടിയെത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ വാഴക്കുളം പൊലീസ് സ്ഥലത്തെത്തി. പിന്നീട് നടന്ന പരിശോധനയിലാണ് കത്ത് കണ്ടെടുത്തത്. ആവോലി പള്ളിക്കാമഠത്തിൽ കുടുംബാംഗം മഞ്ചു (വടകര ഡെപ്യൂട്ടി തഹസിൽദാർ) വാണ് ഭാര്യ. മക്കൾ: ഉമ, അദ്വൈത് (ഇരുവരും വിദ്യാർത്ഥികൾ)