മലപ്പുറം: മലപ്പുറം: മലപ്പുറം കൽപകഞ്ചേരിയിൽ പിഞ്ചുമക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഗാർഹിക പീഡനം ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു. ചെട്ടിയാംകിണർ സ്വദേശി നാവുന്നത്ത് റാഷിദലിയെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നും നാലും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയാണ് റാഷിദിന്റെ ഭാര്യ സഫ്‌വ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഗാർഹിക പീഡനം വിവരിക്കുന്ന മെസേജ് ഭർത്താവിന്റെ ഫോണിലേക്ക് അയച്ച ശേഷമായിരുന്നു ആത്മഹത്യ.

രണ്ട് പിഞ്ചു മക്കളെ കഴുത്തു മുറുക്കി കൊന്ന ശേഷമാണ് മാതാവ് ആത്മഹത്യ ചെയ്തത്. മലപ്പുറം പെരുമണ്ണ ക്ലാരി പഞ്ചായത്ത് പതിനാലാം വാർഡിൽ കുറ്റിപ്പാല ചെട്ടിയാം കിണറിനു സമീപമുള്ള വീട്ടിലാണ് കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ചെട്ടിയാം കിണർ നാവുങ്ങത്ത് റാഷിദ് അലിയുടെ ഭാര്യ സഫ്വ (26) മക്കളായ ഫാത്തിമ മർസീ വ (നാല്) മറിയം (ഒന്ന്) എന്നിവരാണ് മരണപ്പെട്ടത്.

''ഞങ്ങൾപോകുന്നുവെന്ന് വാട്‌സ്ആപ്പ് സന്ദേശം ഭർത്താവിന് അയച്ച ശേഷമായിരുന്നു യുവതി കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് കാരണം ഭർതൃവീട്ടിലെ പീഡനമാണെന്ന് യുവതിയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. 'മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള വോയിസ് മെസേജ് സഫ്‌വ അയച്ചിരുന്നു. മരിച്ചനിലയിൽ കണ്ടെത്തിയ ദിവസം പുലർച്ചെ സഫ്‌വ ഭർത്താവിന് സന്ദശമയച്ചിരുന്നു'. മർദനം സഹിക്കാം കുത്തുവാക്കുകൾ സഹിക്കാനാവില്ലെന്നുള്ള ഓഡിയോ സന്ദേശം സഫ്‌വയുടെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടെത്തിയെന്നുമായിരുന്നു സഹോദരൻ പറഞ്ഞത്. മരണവിവരം നാലുമണിക്ക് അറിഞ്ഞിട്ടും വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.

വിദേശത്തായിരുന്ന റാഷിദ് അലി അടുത്തിടെയാണ് നാട്ടിൽ വന്നത്.ഒരാഴ്ചയായി ഭാര്യാഭർത്താക്കന്മാർ തമ്മിൽ സ്വരച്ചേർച്ച ഉണ്ടായിരുന്നില്ലെന്ന് അറിയുന്നു.കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിൽ കഴിയുന്ന സഫ്വയുടെ ഉമ്മയെ കാണാൻ പോകാൻ പോലും കഴിയാത്ത അവസ്ഥയും സഫ്വയെ വേദനിപ്പിച്ചതായി പറയപ്പെടുന്നു.

സംഭവ ദിവസം തലേന്ന് സഫ്വയും മക്കളും വേറെ ഒരു മുറിയിലാണ് കിടന്നത്.ഇന്നലെ പുലർച്ചെ നാലുമണിക്ക് സഫ്വ മറ്റൊരു മുറിയിൽ കിടക്കുന്ന ഭർത്താവിന് ഞങ്ങൾ പോവുകയാണ് എന്ന ആത്മഹത്യാ സന്ദേശം വാട്‌സാപ്പ് വഴി അയച്ചിരുന്നു. അഞ്ചു മണിയോടെ റാഷിദ് അലി തന്നെയാണ് ഭാര്യയും മക്കളും മരിച്ച നിലയിൽ കണ്ടത്. മക്കളെ ഷാൾ കൊണ്ട് കഴുത്ത് മുറുക്കി കൊന്ന നിലയിലും സഫ്വയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടിരുന്നത്.

സംഭവത്തിൽ കൽപ്പകഞ്ചേരി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. സഫ്വയും റാഷിദലിയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ അന്വേഷണത്തിനുള്ള കണ്ടെത്തൽ. ഈ സംഭവത്തിലാണ് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ഇതിനുപുറമേ ഗാർഹിക പീഡനത്തിനും കേസെടുത്തു. ഭർതൃ വീട്ടിലെ പീഡനമാണ് സഫ്വ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയതെന്ന് നേരെത്തെ തന്നെ യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. പ്രതി യുവതിയെ വീട്ടിൽ വെച്ച് പീഡിപ്പിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ സഫ്വ മരണത്തിന് മുമ്പ് സഹോദരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് അയച്ചു നൽകിയതായി കുടുബാംഗങ്ങൾ പറയുന്നു.