- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ യൂസ്റ്റണിൽ അമ്മയുടെയും മകളുടെയും ശവ സംസ്കാരത്തിനിടയിൽ വെടിവയ്‌പ്പ്; രണ്ടു കുട്ടികൾ അടക്കം അറുപേർക്ക് പരിക്ക്; ഏഴു വയസ്സുള്ള പെൺകുട്ടിയുടെ നില അതീവ ഗുരുതരം; ബ്രിട്ടനെ ഞെട്ടിച്ച് ആക്രമണം
ലണ്ടൻ വീണ്ടും അക്രമങ്ങൾക്ക് വേദിയാകുന്നു. ഒരു അമ്മയുടേയും മകളുടെയും ശവസംസ്‌കാര ചടങ്ങുകൾക്കിടയിലായിരുന്നു ഇന്നലെ വടക്കൻ ലണ്ടനിൽ വെടിവെയ്‌പ്പ് നടന്നത്. ഒരു കറുത്ത കാർ വന്ന് നിന്ന് അതിൽ നിന്നും വെടിവയ്‌പ്പ് ആരംഭിച്ചപ്പോൾ ആളുകൾ പ്രാണരക്ഷാർത്ഥം ഓടിയൊളിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഏഴു വയസ്സുള്ള ഒരു പെൺകുട്ടിയുൾപ്പടെ ആറുപേർ പരിക്കേറ്റ് ആശുപത്രിയിലാണ്. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.
യൂസ്റ്റൺ റെയിൽവേ സ്റ്റേഷന് എതിർഭാഗത്ത് ഫീനിക്സ് റോഡിലെ സെയിന്റ് അലോഷ്യസ് പള്ളിയിൽ ഇന്നലെ ഉച്ച തിരിഞ്ഞ് 1.30 ഓടെയായിരുന്നു സംഭവം നടന്നത്. പ്രാർത്ഥനാ ചടങ്ങുകൾക്ക് ഒടുവിൽ വെളുത്ത പ്രവുകളെ മാനത്തേക്ക് പറത്തുന്ന ചടങ്ങ് കാണികൾ വീക്ഷിക്കുന്നതിനിടയിലായിരുന്നു കറുത്ത കാർ അതിവേഗം അവിടെ എത്തി നിന്നതും എവിടെനിന്നെന്നറിയാത്ത വണ്ണം നിറയൊഴിച്ചതും.
കാറിൽ നിന്നും ഒരാൾ പുറത്തേക്ക് ചടിയിറങ്ങി തുരുതുരെ നിറയുതിർക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ അതിഥികളിലാരേയൊ ലക്ഷ്യം വച്ച പ്രതികാര നടപടിയായിരിക്കാം ആ വെടിവയ്‌പ്പ് എന്നാണ് പൊലീസ് കരുതുന്നത്. ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയവരും പങ്കുവയ്ക്കുന്നത് അതേ അഭിപ്രായമണ്. ഏഴും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളും നാല് സ്ത്രീകളുമാണ് പരിക്കുകളോടെ അശുപത്രിയിൽ ഉള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ലണ്ടനിൽ നടന്ന ഭീകരമായ കൂട്ട വെടിവെയ്‌പ്പുകളിൽ ഒന്നാണിതെന്നാണ് മെറ്റ് പൊലീസ് പറയുന്നത്. കാലിനേറ്റ ഒരു നിസ്സാര പരിക്കിന് ചികിത്സ തേടിയശേഷം 12 വയസ്സുള്ള കുട്ടിയെ അശുപത്രിയിൽ നിന്നും വിട്ടയച്ചുവെങ്കിലും ഏഴു വയസ്സുകാരിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവരിൽ, 48 വയസ്സുള്ള ഒരു സ്ത്രീയുടെ നിലയും ഗുരുതരമായി തുടരുന്നു. കൊളംബിയയിൽ നിന്നെത്തിയ് ഫ്രെസിയ ക്ലാഡെറോൺ ഇക്കഴിഞ്ഞ നവംബർ 5 നായിരുന്നു പൾമണറി എംബോളിസ്ം ബാധിച്ചു മരണമടഞ്ഞത്. 25 ദിവസങ്ങൾക്ക് ശേഷം മകൾ സറാ സൻഷെസും മരണമടഞ്ഞു. ഇവർക്ക് ലുക്കേമിയ ആണെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു.
അന്വേഷണോദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയതോടെ ഇന്നലെ വൈകിട്ട് പള്ളി അടച്ചിട്ടു. രാത്രിയിലും പൊലീസ് അന്വേഷം തുടരുകയാണ്. സംഭവസ്ഥലത്ത് ഉടനടി ആംബുലൻസിന് എത്തിച്ചേരാനായതാണ് ഇരകളിൽ പലരുടെയും ജീവൻ രക്ഷിക്കാൻ കാരണമായതെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ