പാലക്കാട്: പോക്‌സോ കേസിൽ ഇരക്ക് നിയമസഹായം നൽകിയതിന്റെ പേരിൽ തന്നെ ക്രൂശിക്കുന്നതായും ജീവിക്കാൻ അനുവദിക്കാത്ത രീതിയിൽ പ്രയാസപ്പെടുത്തുന്നതായും വിമുക്തഭടന്റെ പരാതിക്കു പന്നാലെ സംഭവത്തിൽ മറ്റൊരു വഴിത്തിരിവുകൂടി. സംഭവത്തിൽ ആരോപണ വിധേയനും പോക്സോകേസിലെ പ്രതിയുടെ മരുമകനുമായ ഡെപ്യൂട്ടി തഹസിൽദാറും കൂറ്റനാട് കോമംഗളലം ഇരട്ടക്കുളം വീട്ടിൽ ഷിനോ ജേക്കബിനോട് ഹാജരാകൻ വനിതാ കമ്മീഷൻ നോട്ടീസ് നൽകി. പ്രതിയുടെ ബന്ധുവായ ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ മാനസിക സമ്മർദമുണ്ടാക്കി രോഗിയായ തന്റെ നേർക്കും അക്രമം അഴിച്ചുവിടകയാണെന്നാരോപിച്ചു പരാതിക്കാരനും വിമുക്തഭടനമായ കൂറ്റനാട് സ്വദേശി ഷിനിലിന്റെ ഭാര്യ നൽകിയ പരാതിയിലാണു വനിതാ കമ്മീഷന്റെ ഇടപെടൽ.

ഇരയെ സഹായിച്ചതിനെ ചൊല്ലി നിരന്തരമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിന് പുറമെ രോഗിയായ തന്റെ ഭാര്യക്കുനേരെ അക്രമം അഴിച്ചുവിടകയാണെന്നും ഇതിനെ തുടർന്നു ഇയാളൂട ഭാര്യ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നുവെന്നും ഷിനിൽ പറഞ്ഞു. തനിക്കെതിരെ വലിയ അനീതിയാണു നടന്നിരുന്നതെന്നും തുടർന്നു മറുനാടൻ നൽകിയ വാർത്തയാണു വിഷയം ചർച്ചയാക്കിയതെന്നും മറുനാടന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ട നേവി അധികൃതർ തന്നെ വിളിക്കുകയും സംഭവത്തെ കുറിച്ചു വിശദമായി അന്വേഷണം നടത്തുകയും ആവശ്യമായ നിയമസഹായം വാഗ്ദാനം നൽകുകയും ചെയ്തിട്ടുണ്ടെന്നും ഷിനിൽ പറഞ്ഞു. 18്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന വനിതാ കമ്മീഷൻ സിറ്റിംഗിൽ ഹാജരാകാനാണ് ഡെപ്യൂട്ടി തഹസിൽദാർ ഷിനോ ജേക്കബിനോട് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.

പോക്‌സോ കേസിൽ ഇരക്ക് നിയമസഹായം നൽകിയതിന്റെ പേരിലാണു തന്റെ പ്രതിയുടെ ബന്ധുക്കൾ ക്രൂശിക്കാനും ജീവിക്കാൻ അനുവദിക്കാത്ത രീതിയിൽ പ്രയാസപ്പെടുത്താനും തുടങ്ങിയതെന്നാണ് വിമുക്തഭടനായ ഷിനിലിന്റെ പരാതി. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈവർഷം രജിസ്റ്റർചെയ്ത കേസുമായി ബന്ധപ്പെട്ടാണ് സംഭവം. പോക്‌സോകേസിൽ വാടകക്കു താമസിക്കുന്ന കുടുംബത്തിലെ 13കാരിയായിരുന്നു ഇര.

സംഭവത്തെ കുറിച്ചു പൊലീസിലും ചൈൽഡ് ലൈൻ വിഭാഗത്തിലും പരാതി നൽകിയതോടെ പ്രതി അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ ഇരയെയും കുടുംബത്തെയും സ്റ്റേഷനിൽ വരുത്തിയതുൾപ്പെടെ പോക്‌സോ കേസിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ അവഗണിച്ചതിനെതിരെ താൻ രംഗത്തുവന്നിരുന്നു. പിന്നീട് കേസിൽ പ്രതി ജാമ്യത്തിലിറങ്ങിയതോടെയാണു ബന്ധുക്കൾ തനിക്കെതിരെ തിരിഞ്ഞതെന്നാണ് ഷിനിൽ പറയുന്നത്.

ഡെപ്യൂട്ടി തഹസിൽദാറായ ഉദ്യോഗസ്ഥനായ പ്രതിയുടെ ബന്ധുവിന്റെ സഹായത്തോടെ തനിക്കെതിരെ പൊലീസിൽ പരാതി പൊലീസിൽ നൽകിയത്. ഇതിന് പുറമെ മാനസികമായി പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയാണെന്നും തനിക്കു നീതിവേണമെന്നും വിമുക്തഭടൻ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് ഷിനിൽ പറയുന്നത് ഇങ്ങിനെയാണ്

പോക്‌സോകേസിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ സമ്മതത്തോടെ താൻ പൊലീസിനെ വിവരം അറിയിച്ചതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. ഏകദേശം രണ്ടു മണിക്കൂർ അവിടെ നിർത്തിയശേഷം സിഐ പറഞ്ഞു വേണമെങ്കിൽ കുട്ടിയുടെ മാതാപിതാക്കൾ നേരിട്ട് വന്ന് പരാതി തന്നാൽ സ്വീകരിക്കാമെന്ന് പറഞ്ഞു. അവിടെനിന്നും ഇറങ്ങിയ ഞാൻ ഈ വിവരങ്ങൾ പാലക്കാട് ചൈൽഡ് ലൈനിൽ വിളിച്ച് അറിയിച്ചു അവർ കുട്ടിയുടെ മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ട് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി പൊലീസിനോട് കേസെടുക്കാൻ പറഞ്ഞു ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു അപ്പോഴാണ് ഇതിനുമുമ്പും പ്രതി കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് രീതിയിൽ മൊഴി ലഭിച്ചത്. ഇത് മനസ്സിലാക്കിയപ്പോൾ പ്രതിയെ അയാൾ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ ഏകദേശം രാത്രി 8:30ന് പൊലീസ് ഇരയുടെ മാതാപിതാക്കളോട് അർജന്റായി പൊലീസ് സ്റ്റേഷനിൽ ചെല്ലാൻ ആവശ്യപ്പെട്ടു. പേടിച്ചുപോയ മാതാപിതാക്കൾ എന്റെ സഹായം തേടി. എന്റെ കാറിലാണ് അവർ രാത്രി പൊലീസ് സ്റ്റേഷനിലേക്ക് പോയത്. അവിടെ ചെന്നപ്പോൾ പ്രതിയുടെ ബന്ധുവായ ഉന്നയ സർക്കാർ ഉദ്യോഗസ്ഥനും സ്റ്റേഷനിൽ ഉണ്ടായിരുന്നു.

പൊലീസും പ്രതിയുടെ ആൾക്കാരും ഇരയുടെ മാതാപിതാക്കളോട് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു എങ്കിലും അവർ തയ്യാറായില്ല. സ്റ്റേഷനിൽ നിന്നും ഇറങ്ങിയ ഇരയുടെ അമ്മയെ പ്രതിയുടെ ബന്ധു തടഞ്ഞുനിർത്തി പരാതി പിൻവലിക്കണമെന്ന് പറഞ്ഞു. എന്നാൽ അവർ അതിനു തയ്യാറാവാതെ കാറിൽ കയറി. പ്രതിയുടെ മറ്റൊരു ബന്ധു എന്നെ ഭീഷണിപ്പെടുത്തുകയും നിന്നെ ഞങ്ങൾ കാണിച്ചു തരാം എന്നും പറഞ്ഞു. എന്നാൽ ഞാൻ അത് കാര്യമായി എടുത്തില്ല. അന്ന് രാത്രി ഉന്നത സർക്കാർ ഉദ്യോഗസ്ഥനായ പ്രതിയുടെ ബന്ധുവും കൂട്ടരും ഇരയുടെ വീട്ടിൽ കയറി അവരോട് പരാതി പിൻവലിക്കണമെന്ന് പറഞ്ഞ് അപേക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ഉണ്ടായി. ഇയാളുടെ കൂട്ടുകാർ പലരും എന്നെ ഫോണിൽ വിളിച്ച് പരാതി പിൻവലിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

രാത്രി 11:30 പ്രതിയുടെ ബന്ധുവിന്റെ സ്വകാര്യ വാഹനത്തിൽ ഇരയുടെ അച്ഛനെയും അമ്മാവനെയും കൂട്ടി തഹസിൽദാർ സ്റ്റേഷനിലേക്ക് പോയി പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ എഫ്‌ഐആർ ഇട്ടതിനാൽ പരാതി പിൻവലിക്കാൻ സാധിച്ചില്ല. പിന്നീടങ്ങോട്ട് ഇരയുടെ കുടുംബം പ്രതികളുടെ വലയത്തിലായി. സമ്മർദ്ദത്തിൽ അടിമപ്പെട്ടുപോയ അവർ പരാതി പിൻവലിക്കാൻ തയ്യാറായി.

കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞു പ്രതിക്ക് അന്നുതന്നെ ജാമ്യവും കിട്ടി. ഈ വിവരങ്ങൾ സി.ഡബ്ല്യൂ.സിവിൽ ഞാൻ പറയുമെന്ന് മനസ്സിലായ പ്രതിയുടെ ആൾക്കാർ എന്റെ കുടുംബത്തെ വേട്ടയാടുകയാണ്. ചൈൽഡ് ലൈൻ സി.ഡബ്ല്യൂ.സി ക്ക് കൊടുത്ത റിപ്പോർട് പ്രകാരാം സി.ഡബ്ല്യൂ.സി ചാലിശ്ശേരി എസ്.എച്ച്.ഒ യോട് വിശദീകരണം ചോദിച്ചിട്ടുണ്ട് .സ്വാധീനവും പണവും ഉണ്ടെങ്കിൽ എന്തും നടക്കും എന്ന അവസ്ഥ ശരിയല്ലെന്നും പല സംഘടനകളും ഇതിൽ ഇടപെട്ട് കുറ്റക്കാർക്ക് തക്ക ശിക്ഷ മേടിച്ചു കൊടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഷിനിൽ പറയുന്നു.