മലപ്പുറം: ലൈഫ് മിഷൻ മാതൃകയിൽ സൗജന്യമായി വീട് നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയും യുവാവും അറസ്റ്റിൽ. വീട് നിർമ്മാണത്തിന് സൗജന്യ ഭൂമി വാഗ്ദാനം ചെയ്ത് നിർധന കുടംബങ്ങളുടെ പണം തട്ടിയ പൊന്നാനി സ്വദേശികളായ യുയിയും കൂട്ടാളിയും അറസറ്റിലായത്. പൊന്നാനി, എടപ്പാൾ മേഖലയിലെ ഒട്ടേറെ കുടുംബങ്ങൾ തട്ടിപ്പിന് ഇരയായത്.

വീടുവെക്കാൻ ഭൂമി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയതിന് ചാണാ റോഡ് സ്വദേശിനി അണ്ടിപാട്ടിൽ സക്കീന(46), ഈശ്വരമംഗലം കോട്ടത്തറയിലെ വലിയകത്ത് അബ്ദുൽ സലീം(46) എന്നിവരാണ് അറസ്റ്റിലായത്. പൊന്നാനി തീരദേശ മേഖലയിൽ താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങളാണ് തട്ടിപ്പിന് ഇരയായിരുന്നത്.

വീട് വെക്കാൻ നാലു സെന്റ് ഭൂമിയും അതിൽ വീടും സകാത്തായി നിർമ്മിച്ച് നൽകാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇതിനായി 7500രൂപ രജിസ്‌ട്രേഷൻ ഫീസ് മാത്രം നൽകിയാൽ മതിയെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. സക്കീനയാണ് കുടുംബങ്ങളെ ബന്ധപ്പെട്ടിരുന്നതും പണം വാങ്ങിയിരുന്നതും. സ്ത്രീയായതിനാൽ ആളുകൾ പെട്ടെന്ന് വിശ്വസിക്കുകയും പണം കൈമാറുകയും ചെയ്തു. ഇത് മുതലെടുത്താണ് തട്ടിപ്പ് തുടർന്നിരുന്നത്.

എന്നാൽ പണം നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമി കിട്ടാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. 20 ലക്ഷത്തോളം രൂപ സംഘം പലരിൽ നിന്നായി തട്ടിയെടുത്തതായാണ് വിവരം. സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി കഴിയുന്ന മേഖലയിലെ പട്ടിണിപ്പാവങ്ങൾ കടംവാങ്ങിയും ആകെയുള്ള സമ്പാദ്യം ചില്ലറത്തുട്ടുകൾ ഉൾപ്പെടെ ശേഖരിച്ചു നൽകിയ പണമാണു ഇരുവരും തട്ടിയെടുത്തത്.

സക്കീനയാണു കുടുംബങ്ങളിൽനിന്നും പണം വാങ്ങിച്ചിരുന്നതെന്നും പിന്നീട് തുക അബ്ദുൽ സലീമിന് കൈമാറുകയായിരുന്നുവെന്നുമാണു പൊലീസിന് ലഭിച്ച വിവരം. നഷ്ടമായ തങ്ങളുടെ പണം തിരിച്ചുകിട്ടുമോയെന്നാണ് പണം നഷ്ടപ്പെട്ട കുടുംബങ്ങൾ ചോദിക്കുന്നത്്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി.