കൊച്ചി: ഹണിട്രാപ്പിൽ പെടുത്തി കൊച്ചിയിൽ ഡോക്ടറിൽ നിന്നും പണം തട്ടിയെടുത്തെന്ന കേസിൽ തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനിയും സുഹൃത്തും അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശിനി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ എന്നിവരാണ് പിടിയിലായത്. ഈ മാസം അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ടാണ് യുവതി ഡോക്ടറെ ആദ്യം പരിചയപ്പെടുന്നത്

പരിചയം മുതലെടുത്താണ് കൊച്ചിയിലെ ഡോക്ടറെ നസീമ ഹണിട്രാപ്പിൽ പെടുത്തിയത്. സൗഹൃദത്തിലായ ഇരുവരും ചാറ്റിങ് തുടർന്നു. ഇതിനിടെ, തന്റെ ചികിത്സയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് നസീമ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി. സുഖമില്ല എന്ന് പറഞ്ഞാണ് യുവതി താമസിക്കുന്ന പനമ്പിള്ളി നഗറിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഈ സമയത്ത് രണ്ടാംപ്രതിയായ അമീനും ഇവിടെയെത്തി.

ഇയാൾ ഇരുവരുടെയും സ്വകാര്യചിത്രങ്ങൾ ഫോണിൽ പകർത്തി. ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 45,000 രൂപ ഡോക്ടറിൽനിന്ന് ഗൂഗിൾപേ വഴി കൈക്കലാക്കി. ഡോക്ടർ വന്ന കാറും പ്രതികൾ തട്ടിയെടുക്കുകയായിരുന്നു.

പിറ്റേദിവസവും പ്രതികൾ പണം ആവശ്യപ്പെട്ട് ഡോക്ടറെ സമീപിച്ചു. തട്ടിയെടുത്ത വാഹനം തിരികെ നൽകി അഞ്ചുലക്ഷം രൂപ ഡോക്ടറിൽനിന്ന് കൈക്കലാക്കി. ഇതിനുശേഷവും അഞ്ചുലക്ഷം കൂടി ആവശ്യപ്പെട്ടതോടെയാണ് ഡോക്ടർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഡോക്ടർ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

ഇടുക്കി സ്വദേശിയായ അമീൻ വൈറ്റിലയിലെ ഓട്ടോഡ്രൈവറാണ്. മൂന്നുമാസം മുൻപാണ് യാത്രക്കാരിയായെത്തിയ നസീമയും അമീനും പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിലാവുകയും ഹണിട്രാപ്പ് പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. പ്രതികൾ കൂടുതൽപേരെ കെണിയിൽപ്പെടുത്തിയോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

ഏപ്രിൽ 13-നാണ് ഡോക്ടർ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പ്രതികളുടെ മൊബൈൽഫോണുകൾ സ്വിച്ച് ഓഫായിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി. ഇതിനിടെ രണ്ടാംപ്രതിയുടെ ഫോൺ ഓൺ ആയതാണ് നിർണായകമായത്. മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങളനുസരിച്ച് ഇയാൾ ഇടുക്കിയിലാണെന്നും തൃപ്പുണിത്തുറ ഭാഗത്തേക്ക് സഞ്ചരിക്കുകയാണെന്നും പൊലീസിന് വ്യക്തമായി. തുടർന്ന് പ്രതികൾ തൃപ്പുണിത്തുറയിൽ എത്തിയതോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.