- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതെന്താ വെള്ളരിക്കാപട്ടണമോ? കോഴിക്കോട് വെള്ളിമാട്കുന്നിൽ വീട് അക്രമിച്ച് നീളമുള്ള കഠാരയുമായി കുത്തിക്കൊല്ലാൻ വന്ന് ക്വട്ടേഷൻസംഘം; അക്രമിച്ചത് പരിചയമില്ലാത്തവർ; വീഡിയോ സഹിതം പരാതി നൽകിയിട്ടും പ്രതികൾ ഇപ്പോഴും വിലസുന്നു
കോഴിക്കോട്: നീളമുള്ള കഠാരയുമായി വന്നു കോഴിക്കോട് വെള്ളിമാട് കുന്നിൽ ബിസിനസ്സുകാരനെ വധിക്കാൻ ശ്രമം. വെള്ളിമാട് കുന്നിലെ മഹേഷിനേയും കുടുംബത്തേയുമാണ് വീട്ടിൽ അതിക്രമിച്ചു കയറിയ നാലംഗ ക്വട്ടേഷൻ സംഘം കത്തിയും മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ മഹേഷിന്റെ ഭാര്യ ജിഷയുടെ പരാതിയിൽ ചേവായൂർ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ഒരുപ്രതിയെപോലും പിടികൂടാൻ സാധിച്ചിട്ടില്ല.
പ്രതികളുടെ രാഷ്ട്രീയ, പണ സ്വാധീനം മൂലം കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കു്ന്നതായാണു ആരോപണം. ഗുണ്ടാസംഘം നീളമുള്ള കഠാരയെടുത്ത് വീട്ടുകാരെ അക്രമിക്കാനെത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ശബ്ദംകേട്ടു അയൽവാസികൾ ഓടിക്കൂടിയപ്പോഴാണു വീഡിയോയെടുത്തത്. വീഡിയോ ്എടുക്കുന്നതു കണ്ട ഗുണ്ടാനേതാവ് ഇവർക്കുനേരെ ഓടിപ്പാഞ്ഞുവരുന്നതും ദൃശ്യത്തിലുണ്ട്.
കഴിഞ്ഞ ഏപ്രീൽ 27നു വൈകിട്ടു ആറുമണിയോടെയാണു അക്രമി സംഘം ഇവരുടെ വീട്ടിലെത്തിയത്. തങ്ങൾക്കു പരിചയമില്ലാത്ത സംഘമാണു വീട് അക്രമിച്ചതെന്നും കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും മഹോഷും, ഭാര്യ ജിഷയും പറയുന്നു.
നീയെന്താടാ ഷനോജിന്റെ കാശ് കൊടുക്കാത്തതെന്നും പറഞ്ഞു ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്തു വീശി ക്വട്ടേഷൻസംഘം നേതാവ് മഹേഷിന്റെ നേരെ ചീറിപ്പാഞ്ഞുവരികയായിരുന്നു. ഷനോജിന് കൊടുക്കാനുള്ള അമ്പതിനായിരംരൂപ ഇപ്പോൾ കിട്ടണമെന്നും ഇല്ലെങ്കിൽ ഞങ്ങൾ കൊണ്ടുപേകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുമുറ്റത്തുണ്ടായിരുന്ന വളർത്തുനായയെ ചെവിട്ടിത്തെറിപ്പിച്ചു. ഇതുകണ്ട മഹേഷ് ഓടിവന്നപ്പോൾ കത്തികൊണ്ടുവീശി. ഇതുകണ്ട ഭാര്യ ജിഷ ഓടിവന്നപ്പോൾ ഇവർക്കുനേരെയും കത്തിയുമായി വന്നു പിടിച്ചുതള്ളി. ഇതോടെ ശബ്ദംകേട്ട് നാട്ടുകാരെല്ലാം ഓടിക്കൂടിയതോടെയാണു സംഘം പിന്തിരിഞ്ഞത്.
മഹേഷ് നേരത്തെ ഷനോജ് എന്ന വ്യക്തിയിൽനിന്നും ഒരു കാർ വാങ്ങിയിരുന്നു. ഇതിൽ അമ്പതിനായിരംരൂപ കൂടി ഇനി നൽകാനുണ്ട്. എന്നാൽ ഡാനി എന്നയാളാണു ഗുണ്ടകളെ തങ്ങളുടെ വീട്ടിലേക്ക് അയച്ചതെന്നാണ് ഇവർ പറയുന്നത്. സനോജിനു താൻ നൽകാനുള്ള പണവുമായിബന്ധപ്പെട്ട നേരത്തെ തർക്കമുണ്ടായപ്പോൾ താൻ കേസ് നൽകിയിരുന്നെന്നും വണ്ടിയുടെ എൻ.ഒ.സി നൽകാൻ തയ്യാറാവാത്തതിനാൽ ഇത് നൽകിയിട്ട് ബാക്കി തുക നൽകിയാൽ മതിയെന്നും സ്റ്റേഷനിൽനിന്നും എസ്‌ഐ തന്നോട് പറഞ്ഞതെന്നും ഇതിനാലാണു പണം നൽകാതിരുന്നതെന്നും ഇക്കാര്യം ഇവരോടു പറഞ്ഞതായും മഹേഷ് പറഞ്ഞു.
അക്രമിക്കാനെത്തിയവർ നീ ഡാനിയെ വെല്ലുവിളിച്ച് എൻ.ജി.ഒ ക്വാർട്ടേഴ്സ് പരിസരത്ത് ജീവിക്കാമെന്ന് കരുതേണ്ടെന്നും ഞങ്ങൾ വകവരുത്തുമെന്നു പറഞ്ഞതായും വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പരാതി നൽകി ഇത്ര ദിവസങ്ങളായിട്ടും അക്രമികളുടെ ദൃശ്യമടക്കം പൊലീസിനു കൈമാറിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണു പൊലീസ് എടുക്കുന്നതെന്നും ഇവർ പറയുന്നു.
ഈ ഡാനിക്കെതിരെ സമാനമായ പരാതികൾ വേറെയുണ്ടെന്നും ഇതിലും എഫ്.ഐ.ആർ രജിസ്റ്റർചെയ്തിട്ടും പ്രതിയെ പിടികൂടാൻ പൊലീസ് തെയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്