- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെരിപ്പ് കടിച്ചെടുത്തുകൊണ്ടുപോയതിന്റെ ദേഷ്യത്തിൽ നായയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ച് കൊന്ന സംഭവം; പ്രതി അബ്ദുൾ കരീം അറസ്റ്റിൽ; നായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി
മലപ്പുറം: മലപ്പുറം ചുങ്കത്തറയിൽ നായയെ ബൈക്കിനു പിന്നിൽ കെട്ടി കിലോമീറ്ററോളം വലിച്ചിഴച്ചു കൊന്ന കണ്ണിൽ ചോരയില്ലാത്ത ക്രൂരത കാണിച്ച പ്രതി അറസ്റ്റിൽ. ചുങ്കത്തറ പൂക്കോട്ടുമണ്ണ കപ്പച്ചാലി പുത്തൻ വീട് അബ്ദുൾ കരീമിനെയാണ് (34) ഇന്നു എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ആനിമൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം രണ്ട് വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചെരിപ്പും വസ്ത്രങ്ങളും അടക്കമുള്ളവ കടിച്ചുമുറിക്കുകയാണെന്ന കാരണത്താലാണ് ഇയാൾ വളർത്തുനായയോട് ഈ ക്രൂരത കാണിച്ചതെന്നു പൊലീസ് പറഞ്ഞു.
ചുങ്കത്തറ പഞ്ചായത്തിലെ പുലിമുണ്ടയിൽ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം അരങ്ങേറിയത്. ബൈക്കിൽ കെട്ടിയ കയറിൽ നായയെ ബന്ധിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട അനൂപ് എന്ന യുവാവ് പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. സംഭവ സമയത്ത് നായയെ അനക്കമില്ലാത്ത രീതിയിലാണ് കണ്ടതെങ്കിലും ശ്വാസം എടുക്കുന്നതായി തോന്നിയിരുന്നുവെന്നും അനൂപ് പറഞ്ഞു. സംഭവം അറിഞ്ഞ എമർജൻസി റെസ്‌ക്യൂഫോഴ്‌സ് ഭാരവാഹികളായ വിപിൻപോൾ, അബ്ദുൽ മജീദ്, ഷഹബാൻ മമ്പാട്, നജ്മുദ്ദീൻ, അസൈനാർ എന്നിവർ സംഭവത്തിൽ പൊലീസിൽ പരാതി നൽകി. ഇതിന് പുറമെ സംഘം പ്രതിയുടെ വീട്ടിലെത്തി കാര്യം അന്വേഷിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
ക്രൂരതയ്‌ക്കൊടുവിൽ നായ ചാകുകയും അബ്ദുൾ കരീം നായയുടെ ജഡം കുഴിച്ചിടുകയും ചെയ്യുകയായിരുന്നു. എന്നാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി ഇന്നു എടക്കരയിൽ വച്ച് പിടിയിലായി. ശേഷം ഇന്നു വൈകിട്ട് പൊലീസ് സാന്നിധ്യത്തിൽ നായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. സീനിയർ വെറ്ററിനറി സർജന്മാരായ ഡോ. ഷൗക്കത്തലി വടക്കുംപാടം (നിലമ്പൂർ), ജിനു ജോൺ (എടക്കര), കെ. വിനേഷ് (ചുങ്കത്തറ), മനോജ് എം. വർഗീസ് (പോത്തുകൽ), അജിത്ത് (വണ്ടൂർ) എന്നിവർ പോസ്റ്റ്‌മോർട്ടത്തിന് നേതൃത്വം നൽകി. എടക്കര ഇൻസ്‌പെക്ടർ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസും എമർജൻസി റെസ്‌ക്യു ഫോഴ്‌സ് അംഗങ്ങളായ ബിബിൻ പോൾ, കെ.എം. അബ്ദുൾ മജീദ്, പി.കെ. സഫീർ, അസൈനാർ വീട്ടിച്ചാൽ, പി.കെ. ജിതേഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
എന്തിനാണ് നായയെ ഇങ്ങനെ കൊണ്ടുപോകുന്നതെന്നു വീഡിയോ ചിത്രീകരിച്ച അനൂപ് ചോദിക്കുമ്പോൾ കൈകൊണ്ട് തൊടാൻ പറ്റാത്ത സാഹചര്യത്തിലായതിനാൽ ആണെന്ന് ബൈക്കുകാരനായ പ്രതി അബ്ദുൽ കരീം മറുപടി നൽകിയത്. അബ്ദുൾ കരീം നിലമ്പൂരിൽ കോഴിക്കട നടത്തിവരികയായിരുന്നു. ഇവിടെ വാടകക്കാണു താമസിച്ചുവരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്