- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടമ്പനാട്ട് നിന്നും കാണാതായ യുവതിയെയും അഞ്ചു വയസുകാരിയായ മകളെയും കുറിച്ച് നിർണായക സൂചന: കരുനാഗപ്പള്ളിയിലെ എടിഎമ്മിൽ നിന്ന് ഇന്ന് വൈകിട്ട് ആറിന് 500 രൂപ പിൻവലിച്ചു: പൊലീസ് അന്വേഷണം ഊർജിതം: ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
അടൂർ: കടമ്പനാട്ട് നിന്ന് കാണാതായ യുവതിയെയും അഞ്ചു വയസുള്ള മകളെയും സംബന്ധിച്ച് നിർണായക സൂചന. ഇന്ന് വൈകിട്ട് ആറു മണിയോടെ കരുനാഗപ്പള്ളിയിലെ എടിഎമ്മിൽ നിന്ന് 500 രൂപ പിൻവലിച്ചതായി പൊലീസിന് വിവരം കിട്ടി. ഇവിടം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.
ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കടമ്പനാട് ഐവർകാലാ ഭരണിക്കാവ് അമ്പലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതിൽ ആൽവിൻ റോയിയുടെ ഭാര്യ ആൻസി കുട്ടി (30), മകൾ ആൻഡ്രിയ ആൽവിൻ (അഞ്ച്) എന്നിവരെയാണ് മെയ് 10 മുതൽ കാണാതായത്.
ആൽവിൻ വിദേശത്ത് ജോലി ചെയ്യുകയാണ്. മെയ് 10 മുതൽ ആൻസിയെയും ആൻഡ്രിയയെയും കാണാനില്ലെന്ന പരാതിയിൽ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് മണർകാട്, പുതുപ്പള്ളി, കോട്ടയം, തിരുവല്ല, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ പള്ളിയുടെ സമീപത്ത് അമ്മയെയും മകളെയും കണ്ടിരുന്നു.
തിരുവല്ലയിൽ വച്ച് ഒരു പരിചയക്കാരി ഇവരെ കണ്ടിരുന്നു. സ്‌കൂട്ടറിൽ വന്ന അവർ അമ്മയെയും മകളെയും തടഞ്ഞു നിർത്തി വിവരങ്ങൾ ചോദിച്ചറിയുകയും വീട്ടിൽ വിവരം അറിയിക്കാൻ ഫോൺ വിളിക്കാൻ തുടങ്ങുകയും ചെയ്യുന്നതിനിടെ ഇവർ അപ്രത്യക്ഷമായി.
കഴിഞ്ഞ 17 ന് ആൻസിയെയും മകളെയും ബഹറിനിലേക്ക് കൊണ്ടു പോകാൻ ആൽവിൻ ടിക്കറ്റ് അയച്ചു കൊടുത്തിരുന്നു. 17 നായിരുന്നു പോകേണ്ടിയിരുന്നത്. ഇതിന് തൊട്ടുമുൻപാണ് ഇവരെ കാണാതായത്. പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഈ സമയം ഇവരുടെ കൈവശം പണമുണ്ടായിരുന്നു.
അത് തീർന്നതു കൊണ്ടാകാം ഇപ്പോൾ കരുനാഗപ്പള്ളിയിൽ നിന്ന് 500 രൂപ പിൻവലിച്ചതെന്ന് കരുതുന്നു. ഇതിനിടെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. നിലവിൽ കരുനാഗപ്പള്ളിയിൽ നിന്ന് പണം പിൻവലിച്ചത് ശുഭസൂചനയായിട്ടാണ് പൊലീസ് കാണുന്നത്. ഒരു പക്ഷേ, ഇവർ വീട്ടിലേക്ക് പോയിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.