മലപ്പുറം: കാമുകിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ കുഴഞ്ഞുവീണു മരിച്ചു. കാമുകിയോടൊപ്പം ചേർന്ന് അവരുടെ ഭർത്താവിനെ കൊലപ്പെടുത്തുകയും നാലു വർഷത്തിനു ശേഷം അതേ കാമുകിയെയും വകവരുത്തിയ കേസിലെ പ്രതിയാണ് ജയിലിൽ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ മരിച്ചത്.

താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ ബഷീർ (44) മരിച്ചത്. മെയ്‌ 31ന് മഞ്ചേരി സ്പെഷൽ സബ് ജയിലിൽ കുഴഞ്ഞുവീണ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരിച്ചത്.

കാമുകി സൗജത്തിന്റെ ഭർത്താവും മത്സ്യത്തൊഴിലാളിയുമായിരുന്ന താനൂർ തെയ്യാല സ്വദേശി അഞ്ചുമുടിയിൽ പൗറകത്ത് സവാദിനെ 2018ലാണ് കൊലപ്പെടുത്തിയത്. കുട്ടിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

ഗൾഫിലായിരുന്ന ബഷീർ കൃത്യം നടത്താൻ വേണ്ടി മാത്രം നാട്ടിലെത്തുകയും സംഭവത്തിന്റെ പിറ്റേന്ന് തന്നെ തിരിച്ചു പോകുകയും ചെയ്തു. എന്നാൽ പൊലീസ് അന്വേഷണം ഊർജിതമാക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഗൾഫിലും ഇയാൾക്കെതിരെ പ്രചാരമുണ്ടായതോടെ നിൽക്കക്കള്ളിയിലാതെ തിരിച്ച് നാട്ടിലെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു.

കേസിൽ സൗജത്തും പ്രതിയായിരുന്നു. എന്നാൽ പിന്നീട് ബഷീർ സൗജത്തിനെയും കൊലപ്പെടുത്തുകയുണ്ടായി. ഇതിന്റെ കാരണാമായി ബഷീർ പൊലീസിനോട് പറഞ്ഞിരുന്നത് ഇങ്ങിനെയാണ്. സവാദിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം താൻ കൂലിവേല ചെയ്താണ് ജീവിക്കുന്നത്. അവസാനമായി ജോലിചെയ്തിരുന്നത് ഒരു കസേരക്കടയിലാണ്.

അവിടെനിന്നും ലഭിച്ചിരുന്ന കൂലി 600രൂപയാണ്. താൻ അധ്വാനിച്ചുണ്ടാക്കുന്ന പണമെല്ലാം സൗജത്ത് കൈക്കലാക്കും. അടിമയെ പോലെ ജീവിക്കേണ്ട അവസ്ഥ. അവസാനം യുവതിക്ക് അടുപ്പം മറ്റൊരാളോടായി. കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ അരുംകൊലചെയ്ത സൗജത്തിനെ കാമുകനായ ബഷീർ കൊലപ്പെടുത്താനുണ്ടായ കാരണങ്ങൾ ഇങ്ങിനെയായിരുന്നു.

ബഷീർ പൊലീസിനു നൽകിയ മൊഴിയും തുടർന്നു പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽനിന്നുമാണ് ഇക്കാര്യങ്ങളെ കുറിച്ചു വിവരം ലഭിച്ചത്. കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ബഷീർ അവസാനം കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. സൗജത്തിനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്നും കൊലക്ക് കാരണം സൗജനത്ത് സാമ്പത്തിക വിഷയത്തിൽ വഞ്ചിച്ചതിനാലാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

2018ൽ സൗജത്തിന്റെ ഭർത്താവിനെ ബഷീറും സൗജത്തും ചേർന്ന് കൊലപ്പെടുത്തിയ ശേഷം സൗജത്ത് ഒന്നര ലക്ഷം രൂപ ബഷീറിന് കൈമാറിയിരുന്നു. ഈ തുകയെ ചൊല്ലി എപ്പോഴും ബഷീറുമായി കലഹമുണ്ടാകും. ഇതിന് പിന്നാലെ ഓരോ ദിവസം കൂലിവേലചെയ്തു തുക ലഭിക്കുന്ന തുക പൂർണമായും സൗജത്ത് തന്നെ കൈക്കലാക്കുന്നഅവസ്ഥ. സ്വന്തം കാര്യങ്ങൾക്കുപോലും പണമില്ലാതെ നടക്കേണ്ട അവസ്ഥ. ജോലികൾ പലപ്പോഴും മാറി മാറി ചെയ്തു.

ഇതിന് പിന്നാലെ തന്നെ ഒഴിവാക്കി പിന്നീട് മറ്റൊരാളോടൊപ്പം അടുപ്പത്തിലായി. താമസം അവരോടൊപ്പമായി. ഇതോടെ സൗജത്തിനോടുള്ള ദേഷ്യം വൈരാഗ്യമായി മാറി. സാമ്പത്തികമായും മാനിസകമായും ഏറെ സംഘർഷം അനുഭവിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള കാര്യങ്ങൾ അറിച്ചതോടെ സൗജത്തിനെ കൊലപ്പെടുത്തി ആത്മഹത്യചെയ്യുകയായിരുന്ന ലക്ഷ്യമെന്ന ബഷീർ പൊലീസിന് നൽകിയ മൊഴിൽ പറയുന്നത്. എന്നാൽ നൽകുന്ന മൊഴികളിൽ പലതും ബഷീർ പിന്നീട് മാറ്റി പറയുന്നതായും സൂചനകളുണ്ട്.

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗജത്തിനെ കഴിഞ്ഞ നവംബർ 30നു കൊലപ്പെടുത്തിയ കേസിൽ മുൻ കാമുകനായിരുന്ന ബഷീർ(43) അറസ്റ്റിലായതു കഴിഞ്ഞ വർഷം അവസാനമാണ്. ബഷീറിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് 2018 ഒക്ടോബറിൽ ബഷീറുമായി ചേർന്ന് സൗജത്ത്, ഭർത്താവ് സവാദിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പുറത്തുവന്നിരുന്ന വാർത്തകൾ.

സ്വന്തം ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്താൻ സഹായിച്ച കാമുകനെ ഉപേക്ഷിച്ച് സൗജത്തിന്റെ ജീവിതം പിന്നീട് മറ്റൊരാളോടൊപ്പമായിരുന്നു. കൊണ്ടോട്ടിക്കടുത്ത് വലിയപറമ്പ് ആലക്കപറമ്പിലെ ക്വാർട്ടേഴ്സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. ഏഴു മാസത്തോളമായി സൗജത്തും പുതിയ കൂട്ടാളിയും ഇവിടെയാണ് താമസം. സംഭവ ദിവസം കൂട്ടാളി സ്ഥലത്തില്ലായിരുന്നുവെന്നാണ് പറയുന്നത്.