- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിൽ താൻ പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ശക്തിധരന്റെ മറുപടി; പേരുകൾ ഊഹിച്ചു പറയുന്നവരെ മുഖവിലയ്ക്കെടുത്ത് കേസെടുക്കില്ല; ജി ശക്തിധരന്റെ മൊഴിയിൽ അന്വേഷണം തീരും; കൈതോലപ്പായയ്ക്ക് പിന്നാലെ പൊലീസ് പായില്ല
തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ വെളിപ്പെടുത്തലിൽ ഇനി പൊലീസ് അന്വേഷണം നടക്കില്ല. കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ശക്തിധരന്റെ മൊഴിയെടുത്തിരുന്നു. എന്നാൽ, പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിൽ താൻ പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ശക്തിധരന്റെ മറുപടി. ഈ സാഹചര്യത്തിലാണ് അന്വേഷണം നിർത്തുക.
ബെന്നി ബെഹ്നാൻ എംപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കൽ നടന്നത്. എന്നാൽ, ആര്, എവിടെ വച്ച് , എപ്പോൾ പം കൈമാറിയെന്ന ചോദ്യക്കൾക്ക് ശക്തിധരൻ മറുപടി പറഞ്ഞില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഫേസ്ബുക്കിൽ പരോക്ഷമായി പരാമർശിച്ചവരുടെ പേരുകളും ശക്തിധരൻ പൊലീസിനോട് വെളുപ്പെടുത്തിയില്ല. സിപിഎം ഉന്നതനും ഇപ്പോളത്തെ ഒരു മന്ത്രിയും ചേർന്ന് രണ്ട് കോടിയിലധികം രൂപ കടത്തിയെന്നാണ് ശക്തിധരൻ ഫേസ്ബുക്കിൽ എഴുതിയിരുന്നത്. ഈ സാഹചര്യത്തിൽ ഇനി അന്വേഷണം നടക്കില്ല.
കൈതോലപ്പായയിൽ ഉന്നത സിപിഎം നേതാവ് പണം കടത്തിയെന്നാണ് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ഗുരുതര ആരോപണം. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പേരുകൾ ബെന്നി ബെഹന്നാൻ പറഞ്ഞിരുന്നു. എന്നാൽ കേസെടുക്കണമെങ്കിൽ ശക്തിധരൻ തന്നെ വെളിപ്പെടുത്തണമെന്നാണ് ആവശ്യം.
പ്രാഥമിക അന്വേഷണത്തിനുശേഷമാകും പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കുക. മൊഴി നൽകാനെത്തിയ ശക്തിധരൻ മാധ്യമങ്ങളോടു പ്രതികരിച്ചില്ല. എന്തായാലും കൂടുതൽ പറയാതെ അന്വേഷണം സാധ്യമല്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. പൊലീസ് തന്റെ ഫോൺ നിരീക്ഷിക്കുന്നതായി ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.
'ഒരാഴ്ചയായി ഗൂഢസംഘം എന്റെ ഫോണിൽ ഏതു സമയത്തും കടന്നുകയറി അസഭ്യവർഷം ചൊരിയുകയാണ്. സൈബർ ആക്രമണത്തിനു പിന്നിൽ പാർട്ടിയിൽ അമിതാധികാര കേന്ദ്രമായി വാഴുന്ന ക്ഷുദ്രജീവികളാണ്. വിദേശത്തുനിന്നുള്ള ഇന്റർനെറ്റ് കോളുകളാണ് ഏറെയും. ഇതിനേക്കാൾ ഭേദം കൊല്ലുകയാണ്'- ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഉന്നത നേതാവ് കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ടു കോടി മുപ്പത്തയ്യായിരം രൂപ കടത്തിയെന്നും പ്രമുഖ ഹോട്ടലിൽനിന്ന് 20 ലക്ഷം വാങ്ങിയെന്നുമായിരുന്നു ശക്തിധരന്റെ വെളിപ്പെടുത്തൽ. പണം കടത്തിയതിനു സാക്ഷിയാണെന്നും ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ