- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടർ ഓടിച്ചുകയറ്റി ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി; പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി മൂന്ന് ക്രൂര കൊലപാതകങ്ങൾ: മുഹമ്മദ് ഷരീഫ് ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് പത്തുവർഷം: ഷെരീഫ് മുങ്ങിയത് തന്റെ പേരിലുള്ള വാഹനവും സ്വത്തുക്കളും വിറ്റശേഷം
അരീക്കോട്: ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ഭാര്യയെയും രണ്ടു പിഞ്ചു മക്കളെയും അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയിട്ട് പത്തു വർഷം. വാവൂർ കൂടാന്തൊടി മുഹമ്മദ് ഷരീഫ് ആണ് വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടർ ഓടിച്ചുകയറ്റി ഭാര്യയേയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയത്. ഇയാൾ അപ്രത്യക്ഷമായിട്ട് പത്തു വർഷമായെങ്കിലും ഷെരീഷ് എവിടെ എന്നതിന് ഒരു സൂചന പോലും പൊലീസിന് കണ്ടെത്താനായിട്ടില്ല.
കുറച്ചു നാൾ ജയിലിൽ കഴിഞ്ഞ ഇയാൾ അമ്മയുടേയും സഹോദരന്റെയും ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം നാട്ടിൽ നിന്നും മുങ്ങുക ആയിരുന്നു. തന്റെ പേരിലുള്ള വാഹനവും സ്വത്തുക്കളും വിറ്റശേഷമാണ് ജാമ്യവ്യവസ്ഥ ലംഘിച്ച് ഷരീഫ് മുങ്ങിയത്. ജാമ്യത്തിലിറങ്ങുമ്പോൾ 33 വയസ്സായിരുന്നു ഷരീഫിന്. ജാമ്യത്തിലിറങ്ങിയ പ്രതി സ്വത്തുവകകൾ വിറ്റു പെറുക്കിയിട്ടു പോലും പൊലീസ് ഒന്നും അറിഞ്ഞില്ല എന്നതാണ് വിചിത്രം.
2013 ജൂലായ് 21-ന് രാത്രി രണ്ടു മണിക്കാണ് ഷെരീഫ് തന്റെ ഭാര്യയേയും പിഞ്ചു മക്കളേയും യാതൊരു മനസാക്ഷിയും കാണിക്കാതെ പണത്തിനു വേണ്ടി കൊലപ്പെടുത്തിയത്. ഷരീഫിന്റെ ഭാര്യ ഒളവട്ടൂർ മായാങ്കര തടത്തിൽ സ്വാബിറ (21), ഫാത്തിമ ഫിദ (നാല്), ഹൈഫ (രണ്ട്) എന്നിവരാണ് കൊല്ലപ്പെടുന്നത്. ചെറിയ പെരുന്നാളിന് വസ്ത്രം എടുക്കാനായി പോയപ്പോഴാണ് അപകടം.
കാറുണ്ടായിട്ടും കനത്തമഴയിൽ സ്‌കൂട്ടറിലാണ് വസ്ത്രമെടുക്കാൻ പിഞ്ചു കുഞ്ഞുങ്ങളുമായി കോഴിക്കോട്ടേക്കു പോയി എന്നതിൽ പൊലീസിന് സംശയം ജനിപ്പിച്ചു.
ഇൻഷുറൻസ് പോളിസി എടുത്തതും കൊലപ്പെടുത്തിയതും എല്ലാം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്ന് അന്വേഷണത്തിൽ പൊലീസിന് മനസ്സിലായി.
കനത്ത മഴയായിട്ടും രാത്രിയിൽ പദ്ധതി നടപ്പാക്കാൻ സമയം പരമാവധി വൈകിപ്പിക്കുകയുംചെയ്തു.
ഷരീഫിന്റെ വീട്ടിലേക്കെത്താനെളുപ്പം കോഴിക്കോട് നിന്ന് എടവണ്ണപ്പാറ വഴിയാണ്. എന്നിട്ടും മുക്കം, അരീക്കോടു വഴിയാണ് കനത്തമഴയിൽ രണ്ട് പിഞ്ചുമക്കളെയും ഭാര്യയെയുംകൊണ്ട് ഷരീഫ് യാത്ര ചെയ്തത്. രാത്രി രണ്ടുമണിയോടെയാണ് അരീക്കോട് - എടവണ്ണപ്പാറ റോഡിലെ പൂങ്കുടിയിൽ ഇവർ എത്തിയത്. ഇവിടെ ചാലിയാറിലേക്കുള്ള റോഡിനോടു ചേർന്ന് വയലിൽ മണ്ണെടുത്ത വെള്ളക്കെട്ടുണ്ടായിരുന്നു.
പരിസരത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം സ്‌കൂട്ടർ വെള്ളക്കെട്ടിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. ഭാര്യയും മക്കളും മരിച്ചെന്ന് ഉറപ്പു വരുത്തിയ ഷരീഫ് മരിച്ച ചെറിയ കുട്ടിയെ ചുമലിൽ കിടത്തിയാണ് സമീപവാസിയോട് സഹായം അഭ്യർത്ഥിച്ചത്. ടയർ പഞ്ചറായതിനാൽ സ്‌കൂട്ടർ പാളിപ്പോയെന്നും പോക്കറ്റ് റോഡിലേക്ക് ഇറങ്ങിയാണ് വെള്ളക്കെട്ടിൽ വീണതെന്നുമായിരുന്നു ഇയാളുടെ വിശദീകരണം. അടുത്തദിവസം രാവിലെ സ്‌കൂട്ടിന്റെ ടയർ പരിശോധിച്ച പൊലീസിന് കൊലപാതകമാണെന്ന് വ്യക്തമായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഇൻഷുർ തുക തട്ടിയെടുത്ത ശേഷം മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയാണ് പദ്ധതിയെന്ന് മനസ്സിലായത്. സംഭവം നടക്കുന്നതിന് ഒരു മാസം മുൻപ് ഷരീഫ് മക്കളെയും ഇൻഷുർചെയ്യാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ അതിനു സാധിച്ചില്ല. ഭാര്യയെമാത്രം 10 ലക്ഷം രൂപയ്ക്ക് ഇൻഷുർ ചെയ്യുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ