- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിത്സ കഴിഞ്ഞു വീട്ടിൽ പോയ യുവതിക്ക് 'മസാജ്' ചെയ്യാൻ എത്തിയ യുവ മലയാളി ഡോക്ടർ ജയിലിലേക്ക്; ഈസ്റ്റ് ബോണിൽ ഡോക്ടറായ സൈമൺ എബ്രഹാം ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ഒടുവിൽ മസാജിന് പോയ കാര്യം ഏറ്റെടുത്തു; 18 മാസത്തെ ശിക്ഷയിൽ ജയിലിൽ കിടക്കേണ്ടി വരുക ഒൻപത് മാസം
ലണ്ടൻ: യുകെയിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ഏറ്റവും മുൻകരുതൽ എടുക്കണമെന്ന മുന്നറിയിപ്പ് ഒരിക്കൽ കൂടി ഓർത്തിരിക്കാനുള്ള ഉദാഹരണമായി മറ്റൊരു മലയാളി കൂടി ജയിലിലേക്ക്. ഈസ്റ്റ് ബോൺ ജനറൽ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന യുവ ഡോക്ടർ സൈമൺ എബ്രഹാം ആണ് യുവതിയെ വീട്ടിൽ എത്തി ''ചികിൽസിക്കാൻ'' ശ്രമിച്ചതിന് ഇപ്പോൾ ജയിലിൽ ആയിരിക്കുന്നത്. ഹോസ്പിറ്റലിൽ ചികിത്സാ തേടി എത്തിയ യുവതി പിന്നീട് വീട്ടിലേക്ക് മടങ്ങിയപ്പോൾ സൈമണിന്റെ സഹപ്രവർത്തകരിൽ ഒരാളിൽ നിന്നാണ് മസാജിങ് ചികിത്സയെ കുറിച്ച് അറിയുന്നത്. തലവേദന മാറ്റാൻ മസാജിങ് നല്ല ചികിത്സ ആണെന്ന് യുവതിയെ ബോധ്യപ്പെടുത്തിയതോടെയാണ് വീട്ടിലേക്ക് ചെല്ലാനുള്ള അനുമതി ലഭിച്ചത്.
എന്നാൽ വീട്ടിൽ എത്തി മസാജിങ് നടത്തവേ അസ്വസ്ഥകരമായ പെരുമാറ്റമാണ് ഡോക്ടറിൽ നിന്നും ഉണ്ടായത് എന്നായിരുന്നു യുവതിയുടെ പരാതി. മസാജിങ് അതിരു കടക്കുന്ന ഘട്ടത്തിൽ എത്തിയപ്പോഴേക്കും വീട്ടിൽ സന്ദർശകർ എത്തിയതോടെ ഡോകടർ മടങ്ങുകയായിരുന്നു. ഇതേക്കുറിച്ച് ആശുപത്രിയിൽ വിളിച്ചു പരാതിപ്പെട്ട യുവതി പൊലീസിലും പരാതിപ്പെടുക ആയിരുന്നു. മൂന്ന് വർഷം മുൻപ് നടന്ന സംഭവം ഇക്കഴിഞ്ഞ മേയിലാണ് വിചാരണ നടന്നത്. തുടർന്ന് ഇക്കഴിഞ്ഞ 14-ാം തിയതി കോടതി വിധി പ്രസ്താവിക്കുക ആയിരുന്നു. ഏതാനും വർഷം മുൻപ് രാത്രിയിൽ ജോലി കഴിഞ്ഞു മടങ്ങിയ മധ്യവയസ്കൻ ബീച്ച് പരിസരത്തു കണ്ട യുവതിയെ ബലാത്സംഗം ചെയ്തതിനു ജയിലിൽ പോയ സംഭവ ശേഷം ഈസ്റ്റ് ബേണിൽ നിന്നും മറ്റൊരു സംഭവം കൂടി കേൾക്കേണ്ടി വന്ന ഞെട്ടലിലാണ് പ്രാദേശിക മലയാളി സമൂഹം.
ഡോക്ടർ അകത്തായ കേസിന് ആധാരമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് 2020 ഒക്ടോബറിലാണ്. തുടർച്ചയായ തലവേദനയേ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതിയെ യുവ ഡോക്ടർ വീട്ടിൽ എത്തി ചികിൽസിക്കാൻ തയ്യാറാവുക ആയിരുന്നു. സഹപ്രവർത്തക ആണ് ഡോക്ടറോട് യുവതിയുടെ നിലയിൽ ആശങ്ക ഉണ്ടെന്നു പറയുന്നത്. ഇതോടെ താൻ മസാജിങ് ചികിത്സയിൽ ഇന്ത്യയിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട് എന്ന് ഡോക്ടർ സൈമൺ അറിയിക്കുക ആയിരുന്നു. വീട്ടിലെ ചികിത്സാ അധിക സമയം നീണ്ടു നിന്നില്ലെങ്കിലും അതേക്കുറിച്ചു ഫോണിലൂടെ ഡോക്ടർ വീണ്ടും കാര്യങ്ങൾ തിരക്കാൻ ശ്രമിച്ചതും വിനയായി. ഔദ്യോഗികമായി യുവതി ഡോക്ടർ സൈമണിന്റെ രോഗി അല്ലാതിരുന്നിട്ടും വിശദാംശങ്ങൾ ശേഖരിച്ചു ചികിൽസിക്കാൻ ശ്രമിച്ചതിൽ കോടതി ദുരുദ്ദേശം കണ്ടെത്തുക ആയിരുന്നു.
ഡിസ്ട്രിക്ട് കോടതി ജഡ്ജി ജോ ഗ്ലെഡ് ഹിൽ ആണ് കേസിൽ വാദം കേട്ടത്. തന്റെ ജോലി സമയം കഴിഞ്ഞ ശേഷമാണ് ഡോക്ടർ യുവതിയുടെ വീട്ടിൽ എത്തിയത് എന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റിൽ ആയ ഘട്ടത്തിൽ ആദ്യം ഡോക്ടർ കുറ്റാനിഷേധം നടത്തിയെങ്കിലും തുടർച്ചയായ ചോദ്യം ചെയ്യലിൽ വീട്ടിൽ പോയ കാര്യം സമ്മതിക്കുക ആയിരുന്നു. എന്നാൽ ലൈംഗിക ദുരുദ്ദേശത്തോടെ തൊട്ടിട്ടില്ല എന്നും ഡോക്ടർ ആവർത്തിച്ചു. എന്നാൽ ഇക്കാര്യം പൊലീസും കോടതിയും മുഖവിലയ്ക്കെടുത്തില്ല എന്നതാണ് വിധി പ്രസ്താവത്തിലൂടെ വ്യക്തമാകുന്നത്. ചിചെസ്റ്റർ ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ ഡോക്ടർ സൈമൺ 18 മാസത്തെ ശിക്ഷക്ക് ആണ് വിധേയൻ ആയതെങ്കിലും ജയിലിൽ ഒൻപതു മാസം കിടന്നാൽ ശിക്ഷ പൂർത്തിയാകും. എന്നാൽ പത്തു വർഷത്തേക്ക് ഇദ്ദേഹത്തിന്റെ പേര് സെക്സ് ഒഫൻഡർസ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താനും കോടതി നിർദേശിച്ചിട്ടുണ്ട്.
അടുത്ത കാലത്തായി യുകെയിൽ എത്തികൊണ്ടിരിക്കുന്ന യുവ മലയാളികൾ നേരെ ജയിലിലേക്ക് എത്തുന്നത് യുകെയിലെ നിയമ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധയും അവഗാഹവും ഇല്ലാത്തതിനാൽ ആണെന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി ആയി മാറുകയാണ് ഈ കേസും വിധിയും. ഈ റിപ്പോർട്ട് തയ്യാറാക്കുന്ന ഘട്ടത്തിൽ തന്നെ സസെക്സ് പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന മറ്റൊരു മലയാളി യുവാവും നിയമ സഹായം തേടി ബന്ധപ്പെട്ട കാര്യവും പുറത്തു വരുന്നുണ്ട്. ബ്രിട്ടനിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനാണ് വന്നത് എന്ന് പറയുന്ന ചെറുപ്പക്കാർ ഒരു നിസാര കേസ് ഉണ്ടായാൽ പോലും ആ സ്വാതന്ത്ര്യം അവിടെ തീരുകയാണ് എന്നാണ് മനസിലാക്കേണ്ടത്. ഒരു കേസ് ഉണ്ടാകാനാകട്ടെ വലിയ കാരണവും വേണ്ട എന്നതും യുകെ മലയാളികളുടെ ജീവിതാനുഭവമാണ്.
മറുനാടന് മലയാളി ബ്യൂറോ