മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനത്തിൽ അജ്ഞാത ത്വക്രോഗം ബാധിച്ചു കൂട്ടമരണം. 14 ദിവസത്തിനിടെ അഞ്ചു വയോധികരാണു ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരേ മുറിയിലെ രണ്ടുപേർ ഒരുമിച്ച് മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മരിച്ചവരുടെ എല്ലാം വലതു കാലിൽ ചെറിയ വ്രണങ്ങൾ രൂപപ്പെടുകയും തൊട്ടടുത്ത ദിവസങ്ങളിൽ ഇവ വലിയ വ്രണമായി മാറുകയും ചെയ്തു. പിന്നാലെ പൊള്ളലേറ്റ പോലെ ത്വക്ക് പൊളിഞ്ഞ് തൊലിയഴുകി പോയി. തുടർന്ന് രക്തം ഛർദിച്ചു മരിക്കുകയുമാണ് ചെയ്തതെന്നു വയോജന കേന്ദ്രം നടത്തിപ്പുകാർ മൊഴി നൽകി. ഇതോടെ അന്തേവാസികൾക്ക് ഗുരുതരമായ അണുബാധയോ രോഗബാധയോ ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവർത്തകർ.

പെരുമ്പാവൂർ ഐരാപുരം മഠത്തിൽ കമലം (73), പിറവം മാമലശേരി ചിറതടത്തിൽ ഏലിയാമ്മ സ്‌കറിയ (73), പെരുമ്പാവൂർ മുടിക്കൽ ശാസ്താം പറമ്പിൽ ലക്ഷ്മി കുട്ടപ്പൻ (78), തിരുമാറാടി ഓലിപ്പുറം കുറുമ്പേൽ ഏലിയാമ്മ ജോർജ് (76), മൂവാറ്റുപുഴ നെഹ്‌റുപാർക്ക് കൊച്ചങ്ങാടി പുത്തൻ പുരയിൽ ആമിന പരീത് (86) എന്നിവരാണു മരിച്ചത്. ഇവരിൽ കമലവും ഏലിയാമ്മ സ്‌കറിയയും ഇന്നലെയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടതോടെ ഇന്നലെ മരിച്ചവരുടെ മൃതദേഹങ്ങൾ പൊലീസ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ഗവ.മെഡിക്കൽ കോളജിലേക്കു മാറ്റി.

ശനിയാഴ്ച മരിച്ച രണ്ടുപേരും കെട്ടിടത്തിന്റെ ഏറ്റവും പിന്നിലെ മുറികളിലൊന്നിലാണ് കിടന്നിരുന്നത്. മരിച്ചവരുടെ കാലിൽ നിന്നും മറ്റും സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കും ലാബ് ടെസ്റ്റുകൾക്കും ശേഷം മാത്രമേ എന്താണ് കാരണമെന്ന് പറയാനാവുകയുള്ളൂ എന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി. രോഗലക്ഷണങ്ങളുള്ള ആറ്ു പേരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പരിമിതമായ സൗകര്യങ്ങളിലാണ് വൃദ്ധസദനം പ്രവർത്തിക്കുന്നത്.

ഇത്രയും മരണങ്ങൾ നടന്നിട്ടും ഇന്നലെ രണ്ടു പേർ മരിച്ച ശേഷം മാത്രമാണു സംഭവം പുറത്തറിഞ്ഞത് എന്നതിലാണു ദുരൂഹത. സമാന രോഗലക്ഷണങ്ങളുള്ള ആറ് പേരെ നഗരസഭ അധികൃതരും പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമെത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. തങ്കമ്മ സാമുവൽ(81), കാർത്തു ജോസഫ്(72), ലീല നാരായണൻ (80), കുഞ്ഞുപെണ്ണ്(80), ജാനകി(68), ഗീത(67) എന്നിവരെയാണു മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കു മാറ്റിയത്.

കറുപ്പുനിറം ബാധിച്ച് പൊട്ടുന്ന കാലിലെ മുറിവിൽനിന്നൊഴുകുന്ന ചലത്തിന് ദുർഗന്ധവുമുണ്ട്. വലതുകാലിലാണ് നീരും അണുബാധയുമുണ്ടാകുന്നത്. അത് എന്തുകൊണ്ടാണെന്ന് കണ്ടെത്താനായിട്ടില്ല. മറ്റ് മാരകമായ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നവരാണ് കാലിൽ നീരുവന്ന് ചെറിയ മുറിവുണ്ടായി രണ്ടുദിവസത്തിനകം മരിച്ചത് എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.

വയോജന കേന്ദ്രത്തിലെ ബാക്കിയുള്ള അന്തേവാസികളെ താൽക്കാലികമായി സുരക്ഷിത പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റാനാണു തീരുമാനം. ജൂലൈ 15 ന് ഏലിയാമ്മ ജോർജും, 19 ന് ലക്ഷ്മി കുട്ടപ്പനും മരിച്ചു. രോഗം മൂർച്ഛിച്ചതോടെ ആമിനയെ ബന്ധുക്കൾ വീട്ടിലേക്കു കൊണ്ടുപോയെങ്കിലും 27 ന് മരിച്ചു. എന്നാൽ 3 പേർ മാത്രമാണു ത്വക് രോഗത്താൽ മരിച്ചതെന്നും മറ്റുള്ളവർ വാർധക്യ സഹജമായ അസുഖം മൂലമാണു മരിച്ചതെന്നുമാണു വയോജന കേന്ദ്രം അധികൃതർ പറയുന്നത്.

ജൂലൈ ആദ്യവാരം മൂവാറ്റുപുഴ സ്വദേശിയായ കമലം ഹാസൻ എന്ന അന്തേവാസിയും മരിച്ചു. ഇവരുടെ കാലുകളിലും വ്രണങ്ങൾ ഉണ്ടായിരുന്നതായി മൃതദേഹം പരിശോധിച്ച കൗൺസിലർ ജോയ്‌സ് മേരി ആന്റണി പറഞ്ഞു. ആദ്യം മരിച്ച 3 പേരിൽ ഏലിയാമ്മ ജോർജിന്റെ മൃതദേഹം മാത്രമാണു പോസ്റ്റ്‌മോർട്ടം ചെയ്തത്. റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല. ആമിന പരീതിനെ കബറടക്കുകയും ലക്ഷ്മി കുട്ടപ്പനെ നഗരസഭ പൊതുശ്മശാനത്തിൽ സംസ്‌കരിക്കുകയുമായിരുന്നു.

വൃദ്ധസദനം താത്കാലികമായി അടയ്ക്കും
മൂവാറ്റുപുഴ വൃദ്ധസദനം താത്കാലികമായി അടയ്ക്കാൻ തീരുമാനം. അന്തേവാസികളെ തത്കാലം, അടുത്തുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റും. മന്ദിരം അണുമുക്തമാക്കിയതിനു ശേഷം ഇവരെ തിരിച്ചുകൊണ്ടുവരും. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും തീർക്കാനാണ് ലക്ഷ്യമിടുന്നത്.

വൃദ്ധസദനം പത്തനാപുരം ഗാന്ധിഭവന് കൈമാറാൻ തീരുമാനം
മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനം നടത്തിപ്പ് പത്തനാപുരം ഗാന്ധിഭവന് കൈമാറാൻ നഗരസഭാ കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ടെന്ന് ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു. ഇതിനായി ചെയർമാന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം ഗാന്ധി ഭവൻ സന്ദർശിച്ച് ധാരണയാക്കിയിരുന്നു. ഉടമ്പടി ഒപ്പുവെച്ച് വൃദ്ധസദനം കൈമാറാനിരിക്കുകയാണ്. നഗരസഭ എട്ടുലക്ഷം രൂപ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്ക് വകയിരുത്തിയിട്ടുമുണ്ട്.