തൃശൂർ: കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ ദേശീയപാതയിൽ സെന്റ് തോമസ് പള്ളിക്ക് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാർ തടഞ്ഞു നിർത്തി ആക്രമിച്ച സംഭവത്തിൽ എട്ടു പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കാറിലെത്തിയ അഞ്ച് അക്രമികൾക്കു പുറമെ സഹായത്തിനു വന്ന മൂന്നു പേർക്കെതിരെയുമാണ് കേസെടുത്തത്.

മുഖ്യപ്രതി പത്താഴക്കാട് സ്വദേശി അസീമിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മതിലകം, കൊടുങ്ങല്ലൂർ സ്വദേശികളായ മറ്റ് ഏഴുപേർ വൈകാതെ കസ്റ്റഡിയിലാവുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് 6.10 നാണ് ഫിയറ്റ് കാറിലെത്തിയ സംഘം റിറ്റ്‌സ് കാർ ആക്രമിച്ചത്. കല്ലുകൊണ്ട് കാറിന്റെ ചില്ലുകൾ എറിഞ്ഞു തകർക്കുകയായിരുന്നു.

തൃപ്രയാർ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. നേരത്തെ രണ്ടു കാറുകളും തമ്മിൽ തളിക്കുളത്ത് വച്ച് ഉരസിയിരുന്നു. തുടർന്നാണ് കൊടുങ്ങല്ലൂരിൽ കാർ തടഞ്ഞു നിർത്തി ആക്രമിച്ചത്. ആക്രമണത്തിന് ശേഷം രണ്ടു കൂട്ടരും കടന്നു കളഞ്ഞിരുന്നു. അക്രമികൾ സഞ്ചരിച്ച കാർ പിന്നീട് പത്താഴക്കോട് അപകടത്തിൽ പെട്ടു.

കാറിലുണ്ടായിരുന്ന അസീമിനെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപ്പിച്ചത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുള്ളവരെ തിരിച്ചറിഞ്ഞത്. രാത്രിയോടെ റിറ്റ്‌സ് കാർ പൊലീസ് കണ്ടെത്തിയിരുന്നു. ഇരു കൂട്ടരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ഇതുവഴി സഞ്ചരിച്ച യാത്രക്കാരെ മുഴുവൻ ഭീതിയിലാഴ്‌ത്തി സെന്റ് തോമസ് പള്ളിക്കു സമീപം ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കരിങ്കല്ലെറിഞ്ഞു കാറിന്റെ ചില്ലു പൂർണമായും തകർത്തു. പൊലീസ് എത്തും മുൻപേ ഇരുവിഭാഗവും കാറുകളുമായി കടന്നു.

കാർ ഉരഞ്ഞതിനെച്ചൊല്ലി അസീമും തൃപ്രയാർ സ്വദേശികളും നേരത്തേ തന്നെ തർക്കത്തിലേർപ്പെട്ടിരുന്നത്രെ. ഇതിനു തിരിച്ചടിയായി അസീം പത്താഴക്കാടുള്ള സുഹൃത്തുക്കളെ വിളിച്ചു വരുത്തി തിരിച്ച് ആക്രമിക്കുകയായിരുന്നെന്നു പറയുന്നു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ സംഘത്തെ പൊലീസിനു കണ്ടെത്താനായിരുന്നില്ല. അസീം ഓടിച്ച കാർ പത്താഴക്കാട് അപകടത്തിൽ പെട്ടതോടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.