ലക്‌നൗ: പീഡനക്കേസിൽ പങ്കാളിക്കെതിരെ മൊഴി നൽകാൻ വിസമ്മതിച്ച മകളെ കഴുത്ത് ഞെരിച്ചു കൊന്ന് അച്ഛനും അമ്മയും. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണു സംഭവം. പീഡനക്കേസിൽ പങ്കാളിക്ക് അനുകൂലമായി മൊഴിനൽകാൻ കോടതിയിൽ ഹാജരാകുന്നതിനു തൊട്ടുമുൻപാണ് ഗർഭിണിയായ പെൺകുട്ടിയെ മാതാപിതാക്കൾ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം പുഴയിൽ തള്ളിയ മൃതദേഹം പൊലീസ് കണ്ടെടുത്തു.

തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി എന്ന കേസിലാണ് യുവതി കോടതിയിൽ ഹാജരാകാനിരുന്നത്. പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതായി മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ കേസിൽ കുറ്റാരോപിതനായ പങ്കാളിക്കെതിരെ മൊഴിനൽകാൻ പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്നാണ് മാതാപിതാക്കൾ സ്വന്തം മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. 2022 ഒക്ടോബറിലാണ് പത്തൊൻപതുകാരി കാമുകനൊപ്പം ഒളിച്ചോടിയത്. മകളെ കാണാനില്ലെന്നു മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും പിന്നീട് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ഡിസംബറിൽ കണ്ടെത്തുകയും ചെയ്തു. കേസിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു.

ഇതിനിടെ പെൺകുട്ടി ഗർഭിണിയാവുകയും ചെയ്തു. പങ്കാളിക്കെതിരെ മൊഴി നൽകാൻ വീട്ടകാർ പെൺകുട്ടിയെ നിർബന്ധിച്ചിരുന്നു. എന്നാൽ പെൺകുട്ടി ഇതിനു തയ്യാറായില്ല. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് മാതാപിതാക്കൾ പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം അടുത്തുള്ള നദിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ഷാഹ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോയ്ല ഗ്രാമത്തിലാണ് സംഭവം.

ഇന്ത്യൻ ശിക്ഷാനിയമം 302 വകുപ്പു പ്രകാരം യുവതിയുടെ മാതാപിതാക്കൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് സൂപ്രണ്ട് സഞ്ജീവ് സുമൻ പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി എന്ന കേസിൽ ശനിയാഴ്ചയാണു യുവതി കോടതിയിൽ ഹാജരാകേണ്ടിയിരുന്നത്.