- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജിൽനിന്ന് പുറത്താക്കി; വീട്ടിൽ അറിയാതിരിക്കാൻ കൊലപാതകം; അമ്മയെ ഫ്രൈയിങ് പാൻ കൊണ്ട് അടിച്ചുവീഴ്ത്തി; കറിക്കത്തി കൊണ്ട് കുത്തിയത് മുപ്പത് തവണ; 23കാരിയായ മകൾ കുറ്റക്കാരി; ശിക്ഷ വിധി 28ന്
ഒഹായോ: അമേരിക്കയിലെ ഒഹായോ സ്വദേശിയായ 50കാരിയെ വീട്ടിൽവച്ച് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 23കാരിയായ മകൾ കുറ്റക്കാരിയെന്ന് കോടതി. മൂന്നുവർഷം മുമ്പ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ശിക്ഷ 28-ന് പ്രഖ്യാപിക്കും. ഒഹായോ സ്വദേശിയും ആരോഗ്യപ്രവർത്തകയുമായ ബ്രെൻഡ പവലി(50)നെ കൊലപ്പെടുത്തിയ കേസിലാണ് മകൾ സിഡ്നി പവൽ(23) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.
2020 മാർച്ചിലാണ് സിഡ്നി പവൽ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വിദ്യാർത്ഥിനിയായിരുന്ന സിഡ്നി പവലിനെ കോളേജിൽനിന്ന് പുറത്താക്കിയിരുന്നു. ഈവിവരം അമ്മ അറിയാതിരിക്കാനാണ് അമ്മയെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കൊലപാതകത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ.
അടുക്കളയിൽ ഉപയോഗിക്കുന്ന ഫ്രൈയിങ് പാൻ കൊണ്ട് മർദിച്ചശേഷം കറിക്കത്തി കൊണ്ട് നിരവധി തവണ കുത്തിപരിക്കേൽപ്പിച്ചാണ് പ്രതി കൃതൃം നടത്തിയത്. ഏകദേശം മുപ്പതുതവണ പെൺകുട്ടി അമ്മയുടെ കഴുത്തിൽ കുത്തിയതായാണ് റിപ്പോർട്ട്. തുടർന്ന് വിവരമറിഞ്ഞ് പൊലീസ് വീട്ടിലെത്തിയപ്പോൾ ചോരയിൽകുളിച്ച് കിടക്കുന്നനിലയിലാണ് 50-കാരിയെ കണ്ടെത്തിയത്. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതിനിടെ, പ്രതി ഗുരുതരമായ മാനസികപ്രശ്നങ്ങൾ നേരിടുന്ന രോഗിയാണെന്ന് വിചാരണയ്ക്കിടെ പ്രതിഭാഗം വാദിച്ചിരുന്നു. സംഭവസമയത്ത് പ്രതി രോഗാവസ്ഥയിലായിരുന്നുവെന്നും അതിനാലാണ് ഉറ്റസുഹൃത്തായി കരുതിയിരുന്ന അമ്മയെ കൊലപ്പെടുത്തിയതെന്നും പ്രതിഭാഗം വാദിച്ചു. പ്രതിയെ കൊലക്കുറ്റത്തിൽനിന്ന് ഒഴിവാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
എന്നാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ മനഃശാസ്ത്രജ്ഞൻ ഈ വാദങ്ങളെ തള്ളി. മാനസികരോഗിയാണെന്ന് നിയമത്തിൽ നിർവചിക്കുന്നരീതിയിലുള്ള പ്രശ്നങ്ങളൊന്നും സംഭവസമയത്ത് പ്രതിക്ക് ഇല്ലായിരുന്നുവെന്നാണ് ഇവർ കോടതിയെ അറിയിച്ചത്. മാത്രമല്ല, രണ്ട് ആയുധങ്ങൾ ഉപയോഗിച്ചാണ് പ്രതി ആക്രമണം തുടർന്നതെന്ന് അസി. പ്രോസിക്യൂട്ടറും കോടതിയിൽ പറഞ്ഞു.
പാൻ ഉപയോഗിച്ചുള്ള ആക്രമണം നിർത്തിയശേഷം പ്രതി അടുക്കളയിൽ പോയി കത്തിയെടുത്തു. പലതവണ കഴുത്തിൽ കത്തികൊണ്ട് പരിക്കേൽപ്പിച്ചു. ഇത് ആസൂത്രിതമാണെന്നും ഒരാളെ അവസാനിപ്പിക്കാൻ ശ്രമിച്ചുള്ളതാണെന്നും പ്രോസിക്യൂട്ടർ വാദിച്ചു.
മറുനാടന് ഡെസ്ക്