- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി; കയ്യും കാലും കെട്ടിയിട്ട ശേഷം കൊലപ്പെടുത്തി; മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി റോഡിൽ ഉപേക്ഷിച്ചു; സിസിടിവി ദൃശ്യങ്ങൾ തെളിവായി; സ്വിസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
ന്യൂഡൽഹി: പെൺസുഹൃത്തായ സ്വിസ് യുവതിയെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം റോഡരുകിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറൻ ഡൽഹിയിലാണ് സ്വിസ് യുവതി ലെന ബെർഗറാണ് കൊല്ലപ്പെട്ടത്. കേസിൽ ഗുർപ്രീത് സിങ്ങിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ വലിയ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയനിലയിൽ സ്വിസ് വനിതയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് സ്വിറ്റ്സർലൻഡ് സ്വദേശിയായ ലെന ബെർജറാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ സ്വിസ് യുവതിയെ കൊലപ്പെടുത്തിയ ഗുർപ്രീത് സിങ്ങിനെയും പൊലീസ് പിടികൂടുകയായിരുന്നു.
സർക്കാർ സ്‌കൂളിന് സമീപം കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം. കയ്യും കാലും ചങ്ങലയിൽ ബന്ധിച്ച നിലയിലായിരുന്നു. ഗുർപ്രീതും ലെനയും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വിറ്റ്സർലൻഡിൽവച്ചാണ് ഗുർപ്രീത് ലെനയെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും സൗഹൃദത്തിലായി. ലെനയെ കാണാനായി ഗുർപ്രീത് ഇടയ്ക്കിടെ സ്വിറ്റ്സർലൻഡ് സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് മറ്റൊരാളുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചത്. ഇതോടെ യുവതിയെ കൊലപ്പെടുത്താനായി പ്രതി പദ്ധതിയിട്ടെന്നും ഇതനുസരിച്ചാണ് ദിവസങ്ങൾക്ക് മുൻപ് കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ലെനയെ കൊല്ലാൻ പദ്ധതിയിട്ട ഗുർപ്രീത്, യുവതിയോട് ഇന്ത്യയിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഒക്ടോബർ 11നാണ് ലെന വീണ്ടും ഇന്ത്യയിൽ എത്തിയത്. അഞ്ചുദിവസത്തിന് ശേഷം മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ഗുർപ്രീത്, അവിടെ വച്ച് കയ്യും കാലും കെട്ടിയിട്ട ശേഷം കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ യുവതിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വാങ്ങിയ കാറിലാണ് മൃതദേഹം സൂക്ഷിച്ചത്. എന്നാൽ, കാറിൽനിന്ന് ദുർഗന്ധം വമിച്ചുതുടങ്ങിയതോടെ മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിക്കാൻ തീരുമാനിച്ചു. തുടർന്നാണ് തിലക് നഗറിലെ റോഡരികിൽ മൃതദേഹം ഉപേക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു. ദുർഗന്ധം പുറത്തേയ്ക്ക് വമിക്കാൻ തുടങ്ങിയതോടെ മൃതദേഹം റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് ഗുർപ്രീതിന്റെ കുറ്റസമ്മത മൊഴിയിൽ പറയുന്നതായും പൊലീസ് പറയുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതി സഞ്ചരിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഈ വാഹനത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആദ്യദിവസങ്ങളിൽ മൃതദേഹം സൂക്ഷിച്ചിരുന്ന കാറും പ്രതി ഉപയോഗിച്ചിരുന്ന മറ്റൊരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ വീട്ടിൽനിന്ന് 2.25 കോടി രൂപയും കണ്ടെടുത്തു. സംഭവത്തിൽ ഡൽഹി പൊലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.