- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബിൽ ഹോട്ടലിൽ ബിൽതുകയെച്ചൊല്ലി തർക്കം, സംഘർഷം; കബഡി താരങ്ങളായ പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസുകാരനും മർദ്ദനമേറ്റു; തറയിൽ തലയിടിച്ച് വീണ പൊലീസുകാരൻ മരിച്ചു
ലുധിയാന: ബിൽതുകയെച്ചൊല്ലി ഹോട്ടലിലുണ്ടായ തർക്കത്തിന് പിന്നാലെ സംഘർഷത്തിൽ കബഡി താരങ്ങളുടെ മർദനമേറ്റ പൊലീസുകാരൻ കൊല്ലപ്പെട്ടു. പഞ്ചാബ് പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ദർശൻ സിങ് ആണ് കബഡി താരങ്ങളുടെ മർദനത്തെത്തുടർന്ന് തലയിടിച്ച് വീണ് മരിച്ചത്. ഞായറാഴ്ച രാത്രി ബർണാലയിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. സംഭവത്തിൽ നാല് കബഡി താരങ്ങൾക്കെതിരേ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
കബഡി മത്സരത്തിന് ശേഷം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ നാലുപേർ ഹോട്ടൽ ജീവനക്കാരുമായി ബിൽതുകയെച്ചൊല്ലി തർക്കമുണ്ടായി. ഇത് സംഘർഷത്തിലേക്ക് നീങ്ങിയതോടെ ഹോട്ടലുടമ പൊലീസിനെ വിളിച്ചു. തുടർന്നാണ് ദർശൻ സിങ് ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്.
എന്നാൽ, പ്രതികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ നാലുപ്രതികളും പൊലീസിനെതിരേ തിരിഞ്ഞു. ഇവർ ദർശൻ സിങ്ങിനെ സംഘംചേർന്ന് മർദിച്ചു. ഈ മർദനത്തിനിടെയാണ് ദർശൻ സിങ് തറയിൽ തലയിടിച്ച് വീണത്. ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനെ ഉടൻതന്നെ ബർണാല സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ നാലുപ്രതികളും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടിരുന്നു.
റയ്സാർ സ്വദേശി ജഗ്രാജ് സിങ്, തിക്രിവാൽ സ്വദേശി പരംജിത് സിങ്, ചീമ സ്വദേശി ഗുർമീത് സിങ്, അംലസിങ് വാല സ്വദേശി വാസിർ സിങ് എന്നിവരാണ് പൊലീസുകാരനെ കൊലപ്പെടുത്തിയതെന്ന് ബർണാല എസ്.എസ്‌പി. സന്ദീപ് കുമാർ മാലിക്ക് അറിയിച്ചു. ഇവർക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസുകാരന്റെ മരണത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മാനും അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ ഒരുകോടി രൂപയുടെ സാമ്പത്തികസഹായവും പ്രഖ്യാപിച്ചു. ഇതിനുപുറമേ പൊലീസ് വെൽഫയർ ഇൻഷുറൻസിന്റെ ഭാഗമായി എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ഒരുകോടി രൂപ പൊലീസുകാരന്റെ കുടുംബത്തിന് ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.