- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേണു എത്തിയത് മകൾക്ക് പലഹാരപ്പൊതിയുമായി; വീടിന്റെ അടുക്കള ഭാഗത്ത് വെച്ച് തർക്കം; പിന്നാലെ മകൾ നോക്കിനിൽക്കെ ഭാര്യയുടെ കഴുത്തിൽ കുത്തി; കുന്നന്താനത്തെ കൊലപാതകം കുടുംബപ്രശ്നത്താലെന്ന് പൊലീസ്
പത്തനംതിട്ട: മല്ലപ്പള്ളി കുന്നന്താനം പാലയ്ക്കാത്തകിടിയിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതോടെ അനാഥയായത് പതിനൊന്നുവയസ്സുകാരിയായ മകൾ. രാവിലെ ഏഴരയോടെ മകളെ കാണാനെന്ന പേരിൽ പലഹാരപ്പൊതിയുമായാണ് പ്രതി വേണു താനുമായി അകന്നുകഴിയുന്ന ശ്രീജയുടെ കുടുംബവീട്ടിലെത്തിയത്. വീടിന്റെ അടുക്കള ഭാഗത്ത് വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും 11 കാരിയായ മകൾ നോക്കിനിൽക്കെ കത്തി കൊണ്ട് ശ്രീജയുടെ കഴുത്തിൽ വേണു കുത്തുകയുമായിരുന്നു. പിന്നാലെ ഇയാൾ സ്വന്തം കഴുത്തറുത്തു. ആശുപത്രിയിലെത്തും മുൻപ് വേണുവും ആശുപത്രിയിലെത്തിയ ശേഷം ശ്രീജയും മരിച്ചു.
വ്യാഴാഴ്ച രാവിലെയാണ് കുന്നന്താനം പാലക്കാത്തൊടി സ്മിത ഭവനിൽ ശ്രീജ ജി.മേനോനെ(38) ഭർത്താവ് വട്ടശ്ശേരി വേണുക്കുട്ടൻ നായർ(48) കുത്തിക്കൊന്നത്. പിന്നാലെ വേണുക്കുട്ടൻ നായരും സ്വയം മുറിവേൽപ്പിച്ച് മരിക്കുകയായിരുന്നു. കൊല്ലപ്പെട്ട ശ്രീജയുടെ ദേഹത്ത് അഞ്ചോളം മുറിവുകളുണ്ടെന്നും ഇവരെ കുത്തിപരിക്കേൽപ്പിച്ചശേഷം ഭർത്താവ് സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വേണുവും ശ്രീജയും മാസങ്ങളായി പിണങ്ങിക്കഴിയുകയാണ്. ഭാര്യയും മകളും തന്റെ കൂടെ താമസിക്കാത്തതിന്റെ നിരാശയാകാം വേണുവിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. വേണു മദ്യപാനിയാണെന്നായിരുന്നു ശ്രീജയുടെയും കുടുംബത്തിന്റെയും ആക്ഷേപം. മദ്യപാനം നിർത്തിയാൽ ഒരുമിച്ച് ജീവിക്കാമെന്ന വ്യവസ്ഥയാണ് ഇവർ മുന്നോട്ടുവെച്ചതെന്നാണ് വിവരം. ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തതവരാനുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും തിരുവല്ല ഡിവൈ.എസ്പി. അർഷദ് കൂട്ടിച്ചേർത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യത്തിന് ഉപയോഗിച്ച കത്തി വേണു കൊണ്ടുവന്നതാണെന്നാണ് നിഗമനം. ഈ കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് വീട്ടിലെ കത്തിയല്ലെന്നാണ് ശ്രീജയുടെ വീട്ടുകാരുടെ മൊഴി. ആദ്യം വീടിന്റെ അകത്തുവച്ചാണ് ശ്രീജയെ ആക്രമിച്ചത്. ഇവർ പിന്നീട് വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. വീടിന് ചുറ്റും ചോരയുണ്ട്. സംഭവത്തിന് ശ്രീജയുടെ മാതാപിതാക്കൾ സാക്ഷികളാണെന്നും അക്രമത്തിൽ മറ്റാർക്കും പരിക്കില്ലെന്നും മകൾ സുരക്ഷിതയാണെന്നും ഡിവൈ.എസ്പി. പറഞ്ഞു.
ഇരുവരും തമ്മിലുള്ള കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. കടുത്ത മദ്യപാനിയായിരുന്നു വേണു. ഇതേ തുടർന്നുള്ള പ്രശ്നങ്ങൾ ദാമ്പത്യ ബന്ധത്തെ ബാധിച്ചു. വേണുവിനൊപ്പം ജീവിക്കാനില്ലെന്ന് നിലപാടെടുത്ത് ശ്രീജ തന്റെ കുടുംബവീട്ടിലേക്ക് മകളുമൊത്ത് താമസം മാറുകയായിരുന്നു. ബന്ധുക്കൾ ഇവർ തമ്മിലെ തർക്കം പരിഹരിക്കാൻ ഇടപെട്ടിരുന്നെങ്കിലും ശ്രീജ ഇനി ഒപ്പം ജീവിക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു.
ഇന്ന് രാവിലെ ശ്രീജയുടെ കുടുംബ വീട്ടിൽ വച്ചാണ് കൊലപാതകവും ആത്മഹത്യയും നടന്നത്. ഉടൻ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വേണുവിനെയും ശ്രീജയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തും മുൻപ് വേണു മരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശ്രീജയും മരിച്ചു. വേണുക്കുട്ടനെന്ന വേണു വിദേശത്താണ് ജോലി ചെയ്തിരുന്നത്. മൂന്ന് മാസം മുൻപാണ് ഇയാൾ തിരികെ നാട്ടിലെത്തിയത്. ഇരുവർക്കുമിടയിലെ തർക്കം പരിഹരിക്കാൻ രണ്ടാഴ്ച മുൻപും ബന്ധുക്കൾ ശ്രമിച്ചിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മരിച്ച ശ്രീജ.
സംഭവം നടന്ന ശ്രീജയുടെ വീട്ടിൽനിന്നും മൂന്നുകിലോമീറ്ററോളം അകലെയാണ് വേണുവിന്റെ വീട്. വ്യാഴാഴ്ച രാവിലെ മകളെ കാണാനെന്ന വ്യാജേനയാണ് വേണു ശ്രീജയുടെ വീട്ടിലെത്തിയത്. ഇടയ്ക്കിടെ ഇയാൾ മകളെ സന്ദർശിക്കാനായി ഇവിടെ വരാറുണ്ടായിരുന്നു. എന്നാൽ, വ്യാഴാഴ്ച രാവിലെ ഇവിടെയെത്തിയ വേണു കൈയിൽ കരുതിയ കത്തിയുമായി ഭാര്യയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ശ്രീജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് വേണുക്കുട്ടൻ നായരെ ഭാര്യവീടിന് സമീപം മുറിവേറ്റനിലയിൽ കണ്ടെത്തിയത്. കഴുത്തിനും വയറിനും മുറിവേറ്റ് ചോരവാർന്ന് കിടക്കുന്നനിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഉടൻതന്നെ വേണുവിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ