ഗസ്സിയാബാദ്: മൊബൈൽ ഫോൺ കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെ ബി.ടെക്ക് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ യുവാവിനെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഉത്തർപ്രദേശിലെ മസൂറി സ്വദേശിയും നിരവധി ക്രിമിനൽകേസുകളിൽ പ്രതിയുമായ ജീതേന്ദ്ര എന്ന ജീതു(28)വാണ് ഗസ്സിയാബാദ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഒരു എസ്‌ഐ.യ്ക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ബൈക്കിൽ മറ്റൊരാൾക്കൊപ്പം രക്ഷപ്പെടാൻ ശ്രമിക്കവെ പ്രതിയെ വാഹനം തടഞ്ഞ് പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ പൊലീസിനെ ആക്രമിച്ചെന്നും ഇതോടെയാണ് പൊലീസ് സംഘം ഇവർക്കെതിരേ വെടിയുതിർത്തതെന്നുമാണ് ഗസ്സിയാബാദ് റൂറൽ ഡി.സി.പി. വിവേക് യാദവിന്റെ വിശദീകരണം.

വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ മറ്റൊരു പ്രതിയായ ബൽബീറിനെ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിന് പിന്നാലെ പൊലീസ് പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാംപ്രതിയായ ജീതേന്ദ്രയ്ക്കായി വ്യാപകമായി തിരച്ചിൽ നടത്തിയത്. തിങ്കളാഴ്ച പുലർച്ചെ മറ്റൊരാൾക്കൊപ്പം ഇയാൾ ബൈക്കിൽ സഞ്ചരിക്കുന്നത് പൊലീസ് കണ്ടെത്തി.

പരിശോധനയ്ക്കായി വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ബൈക്ക് തിരിച്ച് രക്ഷപ്പെട്ടു. ഇതോടെ പൊലീസ് സംഘം ബൈക്കിനെ പിന്തുടർന്നു. എന്നാൽ, രണ്ടംഗസംഘം പൊലീസിന നേരേ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പൊലീസും തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ കാലിന് വെടിയേറ്റ് റോഡിൽവീണ ജീതേന്ദ്രയെ പൊലീസ് കീഴ്പ്പെടുത്തി. വെടിയേറ്റ ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, ഏറ്റുമുട്ടലിനിടെ ഇയാളുടെ കൂട്ടാളി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗസ്സിയാബാദിൽ നടന്ന കവർച്ചാശ്രമത്തിനിടെ എ.ബി.ഇ.എസ്. എൻജിനീയറിങ് കോളേജിലെ ബി.ടെക്ക് വിദ്യാർത്ഥിനിയായ കീർത്തി സിങ്ങി(19)ന് ഗുരുതരമായി പരിക്കേറ്റത്. ബൈക്കിലെത്തിയ രണ്ടംഗസംഘം ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന കീർത്തിയിൽനിന്ന് മൊബൈൽഫോൺ പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.

സുഹൃത്തിനൊപ്പം ഓട്ടോയിൽ യാത്രചെയ്യുകയായിരുന്ന കീർത്തിയെ ബൈക്കിലെത്തിയ പ്രതികൾ പുറത്തേക്ക് വലിച്ചിഴക്കുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഗസ്സിയാബാദിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. ഇതോടെ കേസിൽ പ്രതികൾക്കെതിരേ കൊലക്കുറ്റവും ചുമത്തിയിരുന്നു.

ബൈക്കിലെത്തിയ രണ്ട് അക്രമികൾ മൊബൈൽ ഫോൺ തട്ടിപ്പറിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. പെൺകുട്ടി ഓട്ടോയുടെ അകത്ത് ഇരിക്കുമ്പോൾ ബൈക്കിലെത്തിയ അക്രമികൾ അവരുടെ ബൈക്ക് റിക്ഷയുടെ അടുത്തേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നുണ്ട്. ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി പിടിവിട്ടിരുന്നില്ല. എന്നാൽ അവസാനം അക്രമികൾ അവളെ വലിച്ച് താഴേക്ക് ഇടുകയായിരുന്നു.

ഹൈവേയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റപ്പോൾ പോലും അക്രമികൾ ഫോൺ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മസൂരി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ രവീന്ദ്ര ചന്ദ് പന്തിനെ കൃത്യവിലോപത്തിന് സസ്പെൻഡ് ചെയ്യുകയും രണ്ട് സബ് ഇൻസ്പെക്ടർമാരായ തൻവീർ ആലം, പുനിത് സിങ് എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജീതേന്ദ്രയ്ക്കെതിരേ കവർച്ച, പിടിച്ചുപറി ഉൾപ്പെടെ 12 കേസുകളുണ്ടെന്നാണ് പൊലീസ് നൽകുന്നവിവരം. ഡൽഹി എൻ.സി.ആർ മേഖലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരേ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാൾക്കെതിരേ 2020-ൽ ഗുണ്ടാനിയമം ചുമത്തിയിരുന്നതായും പൊലീസ് പറഞ്ഞു.